ചെന്നൈയല്ല, രോഹിത് ഇത്തവണ ഈ 2 ടീമുകളിൽ ഒന്നിൽ കളിക്കും. ഹർഭജൻ സിംഗ് പറയുന്നു.

2025 ഐപിഎൽ സീസൺ എല്ലാത്തരത്തിലും ആവേശഭരിതം ആയിരിക്കും എന്നത് ഉറപ്പാണ്. സീസണിന് മുന്നോടിയായി വലിയ താര ലേലമാണ് നടക്കാൻ പോകുന്നത്. അതിനാൽ തന്നെ പല താരങ്ങളും തങ്ങളുടെ പഴയ ഫ്രാഞ്ചൈസികളിൽ നിന്ന് പുതിയ ടീമുകളിലേക്ക് എത്തുമെന്നത് ഉറപ്പാണ്. ലേലത്തിൽ എത്തുന്ന വലിയ താരങ്ങൾക്കായി പല പദ്ധതികളാണ് ഫ്രാഞ്ചൈസികൾ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ നായകൻ രോഹിത് ശർമ അടക്കമുള്ളവർ ലേലത്തിലെത്തും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അങ്ങനെയെങ്കിൽ പല ചരിത്ര നിമിഷങ്ങളും ലേലത്തിൽ ഉണ്ടാകുമെന്നത് ഉറപ്പാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ 2025 ഐപിഎല്ലിൽ കളിക്കാൻ സാധ്യതയുള്ള രണ്ട് ടീമുകളെ പറ്റിയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ഇപ്പോൾ സംസാരിക്കുന്നത്.

രോഹിത് ശർമ ഏത് ടീമിൽ കളിക്കും എന്നുള്ളതാണ് 2025 ഐപിഎൽ ലേലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഹർഭജൻ സിങ് കരുതുന്നു. എന്തായാലും ലേലം അങ്ങേയറ്റം ആവേശഭരിതം ആയിരിക്കുമെന്നാണ് ഹർഭജൻ സിംഗ് പറയുന്നത്.

“ഈ വർഷത്തെ ഐപിഎൽ ലേലം അങ്ങേയറ്റം ആവേശഭരിതം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. വലിയ താരങ്ങൾ ലേലത്തിലേക്ക് എത്തുമോ എന്ന കാര്യം കാത്തിരുന്നു കാണാം. അങ്ങനെയെങ്കിൽ അത് കൂടുതൽ ആവേശം നിറയ്ക്കുന്നതാവും. രോഹിത് ശർമ ഇത്തവണ ഡൽഹിക്കായി കളിക്കുമോ, അതോ മുംബൈ രോഹിത്തിനെ നിലനിർത്തുമോ എന്നത് കണ്ട് അറിയേണ്ടതാണ്. എല്ലാവരും വലിയ താരങ്ങളുടെ ലേലത്തിനായി കാത്തിരിക്കുകയാണ്.”- ഹർഭജൻ സിംഗ് പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇമ്പാക്ട് പ്ലെയർ റൂളിനെ പറ്റിയും ഹർഭജൻ സിങ് സംസാരിക്കുകയുണ്ടായി. മുൻപ് ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇമ്പാക്ട് പ്ലെയർ റൂളിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ വെറ്ററൻ താരങ്ങളായ രവിചന്ദ്രൻ അശ്വിനും സഹീർ ഖാനും ഇമ്പാക്ട് പ്ലെയർ റൂളിനെ അനുകൂലിച്ചാണ് സംസാരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഇപ്പോഴും വ്യക്തതയില്ല എന്നാണ് ഹർഭജൻ സിംഗ് പറയുന്നത്. മുൻപ് ട്വന്റി20 ക്രിക്കറ്റിൽ 160 എന്നത് മാച്ച് വിന്നിങ് സ്കോറായിരുന്നു എന്നും, അതിലേക്ക് തിരികെ പോവാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഹാർഭജൻ സിങ്‌ കൂട്ടിച്ചേർത്തു.

“ഇമ്പാക്ട് പ്ലെയർ റൂളിനെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ എനിക്ക് അറിയില്ല. 160 എന്നത് ഒരു വിജയ ടോട്ടൽ ആയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ആ സമയത്തേക്ക് തിരികെ പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇമ്പാക്ട് പ്ലെയർ റൂൾ ഇതിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി. അതിലൂടെ കൂടുതൽ സ്കോർ എല്ലാ ടീമുകൾക്കും നേടാൻ സാധിക്കുന്നു. പക്ഷേ എനിക്ക് പഴയ രീതി തന്നെയാണ് ഇഷ്ടം.”- ഹർഭജൻ സിങ് കൂട്ടിച്ചേർക്കുന്നു. നിലവിൽ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ മണിപ്പാൽ ടൈഗേഴ്സ് ടീമിന്റെ നായകനായി കളിക്കാൻ ഒരുങ്ങുകയാണ് ഹർഭജൻ സിംഗ്. സെപ്റ്റംബർ 27നാണ് ഇത്തവണത്തെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ആരംഭിക്കുന്നത്.

Previous articleസഞ്ജു കെസിഎല്ലിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്? ഇതാണ് യഥാർത്ഥ കാരണം
Next articleരോഹിത് കഴിഞ്ഞ 5 വർഷങ്ങളിൽ കളിച്ചത് 59% മത്സരങ്ങൾ, കോഹ്ലി 61%, ബുമ്ര 34%. ഇനിയും വിശ്രമം എന്തിന്? മുൻ ഇന്ത്യൻ താരം ചോദിക്കുന്നു.