ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. രണ്ടാം മത്സരത്തിൽ 7 വിക്കറ്റിന്റെ അത്യുഗ്രൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ രണ്ടര ദിവസം മഴമൂലം ഉപേക്ഷിച്ചിരുന്നു. എന്നിരുന്നാലും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ മത്സരത്തിൽ വിജയം നേടി. ഇതിന് ശേഷം ഇന്ത്യൻ ടീമിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശ് പരിശീലകനായ ചണ്ഡിക ഹതുരുസിംഗെ. മത്സരത്തിൽ കൃത്യമായ പ്ലാനുമായാണ് ബംഗ്ലാദേശ് മൈതാനത്ത് എത്തിയതെന്നും, എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ചില തന്ത്രങ്ങൾ ഈ പ്ലാനുകളെയൊക്കെയും നിഷ്പ്രഭമാക്കി എന്നും ഹതുരുസിംഗെ പറയുന്നു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇത്തരത്തിൽ ആക്രമണ മനോഭാവം ഇന്ത്യൻ ടീം പുലർത്തുമെന്ന് തങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഹതുരുസിംഗെ വിലയിരുത്തുന്നത്.
“അത്ര മികച്ച പ്രകടനമായിരുന്നില്ല ഞങ്ങൾ പുറത്തെടുത്തത്. അത് ഞങ്ങളെ ഒരുപാട് നിരാശയിലാക്കി. മത്സരത്തിൽ ഇന്ത്യ പുലർത്തിയത് പോലെ ഒരു സമീപനം മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ കണ്ടിട്ടില്ല. ഇന്ത്യൻ ടീമും രോഹിത് ശർമയും എല്ലാവിധ അഭിനന്ദനങ്ങളും അർഹിക്കുന്നുണ്ട്. അവരുടെ അപ്രതീക്ഷിതമായ ആ നീക്കത്തോട് പൊരുത്തപ്പെടാൻ ഞങ്ങൾക്ക് മത്സരത്തിൽ സാധിച്ചില്ല. പാക്കിസ്ഥാനെതിരെ നന്നായി കളിക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരെ അത് തുടരുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു.”- ഹതുരുസിംഗെ പറയുന്നു.
“മത്സരത്തിൽ ഉയർന്ന നിലവാരത്തിലുള്ള ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഈ പരാജയത്തിൽ നിന്ന് ഞങ്ങൾക്ക് കുറച്ചധികം കാര്യങ്ങൾ പഠിച്ചെടുക്കാനുണ്ട്. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ. ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ ടീമിനെതിരെ ടെസ്റ്റ് മത്സരത്തിൽ കളിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ബംഗ്ലാദേശ് ഇനിയും എത്രമാത്രം മെച്ചപ്പെടാനുണ്ട് എന്ന് മത്സരത്തിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. മത്സരത്തിലെ രോഹിത്തിന്റെ തന്ത്രങ്ങളാണ് ഞങ്ങൾക്ക് തിരിച്ചടിയായി മാറിയത്.”- ഹതുരുസിംഗെ കൂട്ടിച്ചേർത്തു.
മത്സരത്തിൽ ഒരു ട്വന്റി20 മോഡൽ ആക്രമണമായിരുന്നു ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ കാഴ്ചവച്ചത്. എത്രയും വേഗം റൺസ് കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ മൈതാനത്ത് എത്തിയത്. അതിനാൽ തന്നെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 50, 100, 150, 200, 250 എന്നീ നേട്ടങ്ങളൊക്കെയും സ്വന്തമാക്കാൻ മത്സരത്തിലൂടെ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം വലിയ രീതിയിലുള്ള പ്രശംസകളാണ് ഇന്ത്യയ്ക്കും രോഹിത് ശർമയ്ക്കും ലോക ക്രിക്കറ്റ് ആരാധകർ നൽകുന്നത്. രോഹിത്തിന്റെ ഈ തന്ത്രത്തെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്യുന്നു.