അശ്വിനെ പിന്തള്ളി ടെസ്റ്റ്‌ റാങ്കിൽ ബുംറ ഒന്നാമത്. ഇന്ത്യയ്ക്കായി ചരിത്ര നേട്ടം.

GX6UERvXcAAipIA e1726831576703

ഐസിസി ടെസ്റ്റ് ബോളർ റാങ്കിങ്ങിൽ വമ്പൻ കുതിച്ചുചാട്ടം ഉണ്ടാക്കി ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറ. ഇന്ത്യയുടെ മറ്റൊരു ബോളറായ രവിചന്ദ്രൻ അശ്വിനെ പിന്തള്ളി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താൻ ബുംറയ്ക്ക് സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ തട്ടുപൊളിപ്പൻ പ്രകടനങ്ങളിലൂടെയാണ് ബുംറ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പരമ്പരയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിലുമായി 49 ഓവറുകൾ പന്തെറിഞ്ഞ ബുമ്ര 11 വിക്കറ്റുകൾ സ്വന്തമാക്കി. 12.82 എന്ന ശരാശരിയിലാണ് ബുമ്രയുടെ ഈ നേട്ടം.

ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം നമ്പർ റാങ്കിങ്ങിൽ എത്തുന്ന ആദ്യ പേസ് ബോളറാണ് ജസ്പ്രീത് ബുംറ. ബുംറയ്ക്ക് മുൻപ് ഇന്ത്യയുടെ മുൻ നായകൻ കപിൽ ദേവായിരുന്നു ടെസ്റ്റ് ബോളിംഗ് റാങ്കിങ്ങിൽ മുൻപിലെത്തിയ ഇന്ത്യൻ പേസ് താരം. 1979 ഡിസംബർ മുതൽ 1980 ഫെബ്രുവരി വരെ ലോക ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് എത്താൻ കപിൽ ദേവിന് സാധിച്ചിരുന്നു.

ഇതിന് ശേഷം ഇന്ത്യൻ പേസ് ബോളർ സഹീർ ഖാൻ ലോക ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സഹീർ 2010 ഒക്ടോബർ മാസത്തിലാണ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയത്.

Read Also -  നിതീഷിനും റിങ്കുവിനും മുൻപിൽ അടിതെറ്റി ബംഗ്ലകൾ. പരമ്പര സ്വന്തമാക്കി ഇന്ത്യ.

മറുവശത്ത് അശ്വിനെ സംബന്ധിച്ചും മികച്ച ഒരു പരമ്പര തന്നെയായിരുന്നു ബംഗ്ലാദേശിനെതിരെ നടന്നത്. പരമ്പരയിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാനും, 11 വിക്കറ്റുകൾ സ്വന്തമാക്കാനും രവിചന്ദ്രൻ അശ്വിന് സാധിച്ചിരുന്നു. നിലവിലെ ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ജസ്‌പ്രീത് ബുംറയെക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ് അശ്വിൻ നിൽക്കുന്നത്. ഇന്ത്യയ്ക്ക് ഇനിയും ന്യൂസിലാൻഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയും മത്സരങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ബുമ്രയ്ക്ക് ഭീഷണി സൃഷ്ടിക്കാൻ അശ്വിന് സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് ബുംറ. 2024ന്റെ തുടക്കത്തിന് ശേഷം 38 വിക്കറ്റുകൾ ടെസ്റ്റ് മത്സരങ്ങളിൽ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. 14.42 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് ബുമ്രയുടെ ഈ നേട്ടം. ബുമ്രയ്ക്കൊപ്പം ശ്രീലങ്കയുടെ സ്പിന്നർ പ്രഭാദ് ജയസൂര്യ 38 വിക്കറ്റുകളുമായി ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ന്യൂസിലാൻഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയും നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ബൂമ്ര ഇന്ത്യയുടെ നിറസാന്നിധ്യമാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top