ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനൽ മത്സരത്തിൽ വരുൺ ചക്രവർത്തിയെ ബോളിങ്ങിനായി ഇറക്കാൻ വൈകിയ രോഹിത് ശർമയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഹർഭജൻ സിംഗ്. മത്സരത്തിന്റെ തുടക്കത്തിൽ മുഹമ്മദ് ഷാമിക്കും ഹർദിക് പാണ്ഡ്യയ്ക്കുമെതിരെ കൃത്യമായ ആക്രമണം അഴിച്ചുവിടാൻ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിന് സാധിച്ചിരുന്നു. എന്നാൽ ഇതിനൊക്കെയും ശേഷമാണ് രോഹിത് ശർമ വരുൺ ചക്രവർത്തിയെ ബോളിംഗ് ക്രീസിലേക്ക് എത്തിച്ചത്. ശേഷം ഹെഡിനെ പുറത്താക്കാനും വരുണിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രോഹിത് ശർമയെ വിമർശിച്ച് ഹർഭജൻ രംഗത്ത് എത്തിയത്.
മത്സരത്തിലെ രോഹിത് ശർമയുടെ തന്ത്രങ്ങളിൽ താൻ സംതൃപ്തനല്ല എന്ന് തുറന്നു പറഞ്ഞാണ് ഹർഭജൻ രംഗത്ത് എത്തിയത്. ഇന്നിങ്സിന്റെ തുടക്കം മുതൽ വരുൺ ചക്രവർത്തിയ്ക്ക് ഇന്ത്യ ബോൾ നൽകേണ്ടിയിരുന്നു എന്നാണ് ഹർഭജന്റെ വാദം. “വരുൺ ചക്രവർത്തിയെ പോലെ ഒരു ബോളർ നമ്മുടെ പ്ലെയിങ് ഇലവനിൽ ഉള്ളപ്പോൾ എന്തിനാണ് അവനെ 9 ഓവറുകൾ വരെ ബോൾ ചെയ്യിക്കാതിരുന്നത്? അതും ട്രാവസ് ഹെഡ് ക്രീസിലുള്ള സമയത്ത്. എന്ത് പോയിന്റാണ് ഇതിൽ നിന്ന് ലഭിക്കുന്നത്? ഇന്ത്യ ബോളിംഗ് ആരംഭിക്കുമ്പോൾ തന്നെ ഒരു എൻഡിൽ വരുൺ ചക്രവർത്തി പന്ത് എറിയണമായിരുന്നു. മറ്റേ എൻഡിൽ മുഹമ്മദ് ഷാമിയും പന്ത് എറിയണമായിരുന്നു.”- ഹർഭജൻ സിംഗ് പറഞ്ഞു.
“എന്നാൽ വരുൺ ചക്രവർത്തിക്ക് പന്ത് നൽകാതെയിരുന്നതിലൂടെ ഹെഡിന് ക്രീസിലുറയ്ക്കാൻ അവസരം ലഭിച്ചു. അതിന് ശേഷമായിരുന്നു വരുണിനെ രോഹിത് ശർമ ബോളിങ് ക്രീസിലേക്ക് എത്തിച്ചത്. ഒരുപക്ഷേ ആ 49 റൺസ് ഒരുപാട് വ്യത്യാസം മത്സരത്തിൽ ഉണ്ടാക്കിയേനെ.”- ഹർഭജൻ കൂട്ടിച്ചേർക്കുകയുണ്ടായി. എന്നിരുന്നാലും മത്സരത്തിൽ ഒരു തകർപ്പൻ വിജയം തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. 4 വിക്കറ്റുകൾക്കായിരുന്നു മത്സരത്തിലെ ഇന്ത്യയുടെ വിജയം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 264 റൺസായിരുന്നു സ്വന്തമാക്കിയത്. ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് ഓസ്ട്രേലിയയ്ക്കായി മത്സരത്തിൽ ടോപ്പ് സ്കോററായത്. മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ ഇന്ത്യയെ വിറപ്പിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു. ശേഷം വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ക്രീസിലുറച്ച് മികച്ച പ്രകടനം ഇന്ത്യക്കായി കാഴ്ചവച്ചു. മത്സരത്തിൽ 98 പന്തുകളിൽ 84 റൺസാണ് കോഹ്ലി നേടിയത്. ഒപ്പം അവസാന ഓവറുകളിൽ രാഹുലും പാണ്ഡ്യയും ഇന്ത്യയുടെ കരുത്തായി മാറിയതോടെ മത്സരത്തിൽ ഇന്ത്യ വിജയം നേടി. മാർച്ച് 9നാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടക്കുന്നത്.