ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഭാവിയെ സംബന്ധിച്ച് ഉയർന്ന ചോദ്യത്തിന് തക്കതായ മറുപടി നൽകി കോച്ച് ഗൗതം ഗംഭീർ. ഐസിസി ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം രോഹിത് ശർമ എത്രനാൾ ടീമിൽ കളിക്കുമെന്ന ചോദ്യമായിരുന്നു മാധ്യമപ്രവർത്തകരിൽ നിന്ന് ഉയർന്നത്. ഇതിന് വളരെ വ്യത്യസ്തമായ മറുപടിയാണ് ഗൗതം ഗംഭീർ നൽകിയത്. മാധ്യമപ്രവർത്തകരും മറ്റുള്ളവരും താരങ്ങളുടെ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ, തങ്ങൾ കണക്കിലെടുക്കുന്നത് അവർ ടീമിൽ ഉണ്ടാക്കുന്ന ഇമ്പാക്ടാണ് എന്ന് തുറന്നു പറഞ്ഞാണ് ഗംഭീർ രംഗത്ത് എത്തിയത്.
രോഹിത്തിന്റെ അന്താരാഷ്ട്ര ഭാവിയെ സംബന്ധിച്ച് വലിയ ചർച്ചകൾക്ക് ഗംഭീർ തയ്യാറായില്ല. രോഹിത് ഉണ്ടാക്കുന്ന ഇമ്പാക്ടിനെ സംബന്ധിച്ച് ഗംഭീർ സംസാരിക്കുകയുണ്ടായി. രോഹിത് തുടക്കത്തിൽ തന്നെ ഇത്തരമൊരു മനോഭാവത്തിൽ രോഹിത് റൺസ് സ്വന്തമാക്കുന്നത് ടീമിലെ മറ്റു താരങ്ങൾക്കും വലിയ ആത്മവിശ്വാസം നൽകുന്നുണ്ട് എന്ന് ഗംഭീർ തുറന്നു പറയുകയുണ്ടായി. “രോഹിത്തിനെ പറ്റി പറയൂ, നിലവിലെ ഫോമിൽ ഇനിയും എത്രമാത്രം ക്രിക്കറ്റ് അവന് കളിക്കാൻ സാധിക്കും?”- ഇതായിരുന്നു റിപ്പോർട്ടർ ഗംഭീറിനോട് ചോദിച്ചത്. ഇതിന് ഗംഭീർ നൽകിയ മറുപടി ഇത്തരത്തിലാണ്.
“ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ മത്സരമാണ് വരാനിരിക്കുന്നത്. അതിന് മുൻപ് ഞാൻ എന്ത് പറയാനാണ്? നമ്മുടെ ടീമിന്റെ നായകൻ ബാറ്റിംഗിൽ ഇതുപോലെ ആക്രമണപരമായ രീതിയിൽ കളിക്കുമ്പോൾ, അത് ഡ്രസ്സിംഗ് റൂമിലുള്ള മറ്റു താരങ്ങൾക്ക് വളരെ നല്ല സൂചനയാണ് നൽകുന്നത്. യാതൊരു ഭയവുമില്ലാതെ ധൈര്യത്തോടെ മുന്നോട്ട് പോകാമെന്ന സൂചന അത് നൽകുന്നു. ഒരുപക്ഷേ രോഹിതിനെ നിങ്ങൾ മനസ്സിലാക്കുന്നത് അവൻ നേടിയ റൺസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം. പക്ഷേ ഞങ്ങൾ അവനെ കണക്കിലെടുക്കുന്നത് അവൻ ഉണ്ടാക്കുന്ന ഇമ്പാക്ടിന്റെ അടിസ്ഥാനത്തിലാണ്. അതാണ് വ്യത്യാസം.”- ഗംഭീർ പറഞ്ഞു.
“നിങ്ങൾ റെക്കോർഡുകൾ വച്ച് അളക്കുന്നു. ഞങ്ങൾ ഇമ്പാക്ട് വെച്ച് അളക്കുന്നു. ഇപ്പോൾ പത്രപ്രവർത്തകരും മറ്റ് എക്സ്പേർട്ടുകളും നമ്പറുകളിലേക്കും ശരാശരികളിലേക്കുമാണ് കൂടുതലായി ശ്രദ്ധിക്കുന്നത്. പക്ഷേ ഒരു പരിശീലകൻ എന്ന നിലയിൽ ടീമിലുള്ള ഒരു താരത്തിന്റെയും നമ്പറുകളോ ശരാശരികളോ അല്ല ഞങ്ങൾ കണക്കിലെടുക്കുന്നത്. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അവന് ആദ്യം തന്നെ കൈയുയർത്തി മുൻപിലേക്ക് വരാൻ സാധിക്കുന്നുണ്ട്. അതിനേക്കാൾ മികച്ച ഒന്നും ഡ്രസിങ് റൂമിലുള്ള മറ്റു താരങ്ങൾക്ക് ലഭിക്കാനില്ല.”- ഗംഭീർ കൂട്ടിച്ചേർത്തു



