ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ശുഭമാൻ ഗിൽ കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 235 പന്തുകൾ നേരിട്ട് 128 റൺസ് ആയിരുന്നു ഗിൽ നേടിയത്. ഇന്നിങ്സിൽ 12 ബൗണ്ടറികളും 1 സിക്സറും ഉൾപ്പെട്ടിരുന്നു. മത്സരത്തിന്റെ രണ്ടാം ദിവസത്തെ അവസാന ഓവറിൽ ശുഭ്മാൻ ഗിൽ ഒരു തകർപ്പൻ സിക്സർ നേടിയിരുന്നു. ദിവസത്തെ അവസാന ഓവറായതിനാൽ തന്നെ ബോൾ പ്രതിരോധിക്കുമെന്ന് ബോളർ ലയൺ കരുതിയെങ്കിലും മുൻപിലേക്ക് കയറി ആക്രമിക്കുകയായിരുന്നു ഗിൽ. ഈ സിക്സറിൽ നായകൻ രോഹിത് പോലും ഞെട്ടിത്തരിച്ചു എന്ന് ഗിൽ പിന്നീട് പറയുകയുണ്ടായി.
“രോഹിത് ആ സിക്സിൽ അത്ഭുതപ്പെട്ടിരുന്നു. എന്നാൽ അതെന്റെ ഷോട്ടാണെന്നാണ് ഞാൻ രോഹിത്തിനോട് പറഞ്ഞത്. അഹമ്മദാബാദിലെ മികച്ച ബാറ്റിംഗ് വിക്കറ്റിൽ ഒരു സ്പിന്നർ പന്തെറിയുമ്പോൾ ആ ഷോട്ട് അഭികാമ്യമാണ്. മാത്രമല്ല ഫീൽഡർമാർ പൂർണമായും ബാറ്റിന് ചുറ്റുമായിരുന്നു. അതെനിക്ക് ഷോട്ട് കളിക്കാനുള്ള ബോൾ ആണെന്ന് ഞാൻ ചിന്തിച്ചിരുന്നു. മാത്രമല്ല ആ പന്തിൽ ബൗണ്ടറി നേടാൻ സാധിക്കും എന്ന് പൂർണമായ ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു.”- മൂന്നാം ദിവസത്തെ മത്സരത്തിനുശേഷം ശുഭമാൻ ഗിൽ പറയുകയുണ്ടായി.
ഇതോടൊപ്പം മത്സരത്തിന്റെ വരും ദിവസങ്ങളിലെ പ്രതീക്ഷകളെപറ്റിയും ഗിൽ സംസാരിക്കുകയുണ്ടായി. “നാലാം ദിവസം ഞങ്ങൾക്ക് പൂർണമായും ബാറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ കുറച്ചധികം റൺസ് നേടാൻ ഞങ്ങൾക്ക് സാധിക്കും. അങ്ങനെ സംഭവിക്കുന്ന പക്ഷം അഞ്ചാം ദിവസം എന്തും സംഭവിക്കാം.”- ഗിൽ കൂട്ടിച്ചേർക്കുന്നു.
“അഞ്ചാം ദിവസം പിച്ച് ഞങ്ങളുടെ ബോളർമാരെ സഹായിക്കും എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ മത്സരത്തിൽ വിജയിക്കാൻ തന്നെയാവും ഞങ്ങൾ ശ്രമിക്കുക. നിലവിൽ പിച്ച് ബാറ്റിംഗിനെ വളരെയേറെ അനുകൂലിക്കുന്നുണ്ട്.”- ശുഭമാൻ ഗിൽ പറഞ്ഞുവയ്ക്കുന്നു. നിലവിൽ ശക്തമായ നിലയിൽ തന്നെയാണ് ഇന്ത്യ നിൽക്കുന്നത്.