ഏകദിന ലോകകപ്പിലെ തുടർച്ചയായ നാലാം മത്സരത്തിലും ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ കൂറ്റൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബോളിങ്ങിൽ സിറാജും ബൂമ്രയും ജഡേജയും തിളങ്ങിയപ്പോൾ, ബാറ്റിംഗിൽ വിരാട് കോഹ്ലിയുടെ ഒരു വെടിക്കെട്ട് ആയിരുന്നു കാണാൻ സാധിച്ചത്.
തന്റെ ഏകദിന കരിയറിലെ 48ആം സെഞ്ച്വറി വിരാട് കോഹ്ലി സ്വന്തമാക്കിയപ്പോൾ ഇന്ത്യ അനായാസം മത്സരത്തിൽ വിജയം നേടുകയായിരുന്നു. മത്സരശേഷം വിജയത്തെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി. നിലവിൽ ഇന്ത്യയുടെ ബോളിംഗ്- ഫീൽഡിങ് വിഭാഗങ്ങൾ അതിഗംഭീരമാണ് എന്നാണ് രോഹിത് പറഞ്ഞത്.
“ഞങ്ങളെ സംബന്ധിച്ച് ഇത് വളരെ മികച്ച ഒരു വിജയമാണ്. ഞങ്ങൾക്ക് മുൻപോട്ട് പോകുമ്പോൾ ഈ വിജയം ഒരുപാട് ഗുണം ചെയ്യും. മത്സരത്തിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ഞങ്ങൾക്ക് ലഭിച്ചത്. എന്നാൽ മധ്യ ഓവറുകളിലും അവസാന ഓവറുകളിലും മത്സരം കൃത്യമായി നിയന്ത്രിക്കാൻ ഞങ്ങളുടെ ബോളർമാർക്ക് സാധിച്ചു. കഴിഞ്ഞ 4 മത്സരങ്ങളിലും ഞങ്ങളുടെ ഫീൽഡിങ് അതിഗംഭീരമായിരുന്നു.
ഫീൽഡിങ് എന്നത് ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമാണ്. അതിനാൽ തന്നെ അവിടെ പരമാവധി പ്രയത്നിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. മത്സരത്തിൽ ഏതു ലെങ്‌തിൽ പന്തറിയണമെന്ന് ബോളർമാർ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. അതും വലിയ സന്തോഷമുണ്ടാക്കുന്നു.”- രോഹിത് പറഞ്ഞു.
ഇതോടൊപ്പം ഡ്രസ്സിംഗ് റൂമിൽ നൽകുന്ന അവാർഡുകളെ പറ്റിയും രോഹിത് സംസാരിച്ചു. “രവീന്ദ്ര ജഡേജ മത്സരത്തിൽ അവിസ്മരണീയ പ്രകടനങ്ങൾ തന്നെയാണ് കാഴ്ചവെച്ചത്. ബോൾ കൊണ്ടും ഫീൽഡിലും മികവ് പുലർത്തി. വിരാട് കോഹ്ലി മത്സരത്തിൽ സെഞ്ച്വറിയും നേടുകയുണ്ടായി. ഒരു ടീം എന്ന നിലയിൽ വളരെ നന്നായി മുന്നോട്ടു പോകാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. മൈതാനത്തെ ഓരോ മികച്ച പ്രകടനങ്ങൾക്കും ഡ്രെസ്സിങ് റൂമിൽ ബഹുമതികൾ നൽകാറുണ്ട്. ഇത് ഡ്രസ്സിംഗ് റൂമിലുള്ള മുഴുവൻ താരങ്ങൾക്കും ഒരു പ്രചോദനം ഉണ്ടാക്കുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.
ഹർദിക് പാണ്ഡ്യയുടെ പരിക്കിനെ പറ്റി രോഹിത് പറഞ്ഞത് ഇങ്ങനെയാണ്. “നിലവിൽ ഹർദിക്കിന് ചെറിയ പരിക്കുണ്ട്. വലിയ രീതിയിലുള്ള ഒന്നും തന്നെ ഹർദിക്കിനില്ല. നാളെ രാവിലെ ഹർദിക്കിന് എങ്ങനെ ഉണ്ടാവും എന്നാണ് ഞങ്ങൾ ശ്രദ്ധക്കുന്നത്. അതിനു ശേഷം മാത്രമേ എങ്ങനെ മുൻപോട്ടു പോകണം എന്ന കാര്യത്തിൽ കൃത്യമായ ഒരു പ്ലാൻ ഞങ്ങൾ രൂപീകരിക്കൂ.
സ്ക്വാഡിലുള്ള എല്ലാവരും വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരുപാട് ആളുകൾ മത്സരം കാണാനായി എത്തുന്നുണ്ട്. എല്ലാ ഗാലറികളും പൂർണ്ണമാണ്. ആരാധകർ ഒരിക്കലും ഞങ്ങളെ നിരാശരാക്കിയിട്ടില്ല. അവർ അവിസ്മരണീയം തന്നെയാണ്. ഞങ്ങൾ മുൻപോട്ട് പോകുന്നോറും ഞങ്ങൾക്ക് പിന്തുണയുമായി ഇനിയും മുന്നിലുണ്ടാവുമെന്ന് ഉറപ്പാണ്.”- രോഹിത് പറഞ്ഞു വെക്കുന്നു.