സിംഗിൾ ഒഴിവാക്കി സെഞ്ച്വറി നേടാൻ കോഹ്ലി ആഗ്രഹിച്ചിരുന്നില്ല . ഞാനാണ് സെഞ്ച്വറിയ്ക്കായി കളിക്കാൻ പറഞ്ഞത്. രാഹുൽ പറയുന്നു.

kohli rahul partnership vs bangladesh 2023 scaled

തന്റെ ഏകദിന കരിയറിലെ 48 ആം സെഞ്ചുറിയാണ് വിരാട് കോഹ്ലി ബംഗ്ലാദേശിനെതിരായ മത്സരത്തിൽ നേടിയത്. മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ ടീമിന് നട്ടെല്ലായി മാറിയത് കോഹ്ലിയുടെ സെഞ്ച്വറി തന്നെയായിരുന്നു. 97 പന്തുകളിൽ നിന്നായിരുന്നു കോഹ്ലി 103 റൺസ് മത്സരത്തിൽ നേടിയത്. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയിൽ വലിയൊരു പിന്തുണയാണ് കെഎൽ രാഹുൽ നൽകിയത്. പലപ്പോഴും വിരാട് കോഹ്ലിക്ക് സ്ട്രൈക്ക് ലഭിക്കുന്നതിനായി കെഎൽ രാഹുൽ  സിംഗിളുകൾ ത്യജിക്കുകയുണ്ടായി.

വിരാട് കോഹ്ലി 85 റൺസുമായി ക്രീസിൽ നിൽക്കുമ്പോൾ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസായിരുന്നു. ആ സമയം മുതൽ കോഹ്ലിക്ക് സെഞ്ചുറി നേടാൻ അവസരമുണ്ട് എന്ന് മനസ്സിലാക്കിയ രാഹുൽ നിസ്വാർത്ഥമായ രീതിയിലാണ് കളിച്ചത്. പിന്നീട് കോഹ്ലിക്ക് സ്ട്രൈക്ക് നൽകുക എന്നത് മാത്രമായിരുന്നു രാഹുലിന്റെ മുൻപിൽ ഉണ്ടായിരുന്നത്.

അതിനായി പല സിംഗിളുകളും രാഹുൽ ത്യജിച്ചു. അങ്ങനെയാണ് വിരാട് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയത്. മത്സരശേഷം തന്റെ ഈ ത്യാഗത്തെപ്പറ്റി കെഎൽ രാഹുൽ സംസാരിക്കുകയുണ്ടായി. “വിരാട് കോഹ്ലിക്ക് വേണ്ടി സിംഗിളുകൾ വേണ്ടന്ന് വയ്ക്കുകയായിരുന്നു. പക്ഷേ അത് വളരെ മോശം കാര്യമാണ് എന്ന് വിരാട് എന്നോട് പറഞ്ഞു. സിംഗിളുകൾ നേടിയില്ലെങ്കിൽ താൻ വ്യക്തിഗതമായ നാഴികക്കല്ലിനായി കളിക്കുകയാണ് എന്ന് ആളുകൾ കരുതും എന്നായിരുന്നു വിരാട് എന്നോട് പറഞ്ഞത്. എന്നാൽ നമ്മൾ അനായാസം വിജയം സ്വന്തമാക്കുമെന്നാണ് ഞാൻ മറുപടി നൽകിയത്. അതിനാൽ തന്നെ സെഞ്ചുറി സ്വന്തമാക്കാൻ ഇനിയും സമയമുണ്ടെന്നും ഞാൻ ഓർമിപ്പിച്ചു.”- രാഹുൽ പറയുന്നു.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

മത്സരത്തിൽ കോഹ്ലിയ്ക്കൊപ്പം തന്നെ വളരെ നിർണായകമായ ബാറ്റിംഗ് പ്രകടനമായിരുന്നു രാഹുലും നടത്തിയത്. മത്സരത്തിൽ 34 പന്തുകൾ നേരിട്ട് രാഹുൽ 34 റൺസുമായി പുറത്താവാതെ നിന്നു. മാത്രമല്ല വിരാട് കോഹ്ലിയുമൊപ്പം ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യക്കായി രാഹുൽ കൂട്ടിച്ചേർത്തത്. രാഹുൽ മാത്രമല്ല ഇന്ത്യയുടെ ഓപ്പണർമാരായ രോഹിത് ശർമയും ശുഭമാൻ ഗില്ലും മത്സരത്തിൽ മികവാർന്ന പ്രകടനങ്ങളായിരുന്നു പുറത്തെടുത്തത്. 257 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കം ഇരുവരും നൽകി. ആദ്യ വിക്കറ്റിൽ 88 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഗില്ലിനും രോഹിത്തിനും സാധിച്ചിരുന്നു.

മത്സരത്തിൽ ഗിൽ 55 പന്തുകളിൽ നിന്ന് 53 റൺസാണ് ഗിൽ നേടിയത്. രോഹിത് ശർമ 40 പന്തുകളിൽ 48 റൺസ് നേടുകയുണ്ടായി. 7 ബൗണ്ടറികളും 2 സിക്സറുകളുമാണ് രോഹിത്തിന്റെ ഈ തകർപ്പൻ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഇരുവരും പുറത്തായ ശേഷമായിരുന്നു വിരാട് കോഹ്ലി തന്റെ സംഹാരം ആരംഭിച്ചത്. വളരെ പതിയെ ഇന്നിങ്സ് ആരംഭിച്ച കോഹ്ലി പിന്നീട് തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് മാറുകയായിരുന്നു. കോഹ്ലിയുടെ ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. വരും മത്സരങ്ങളിലും കോഹ്ലി ഇത്തരത്തിൽ മികവ് പുലർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top