ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇൻഡോറിനെ ത്രസിപ്പിച്ച വെടിക്കെട്ട് പ്രകടനമായിരുന്നു ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശുബ്മാൻ ഗില്ലും പുറത്തെടുത്തത്. വെടിക്കെട്ട് പ്രകടനത്തിനോടെ മികച്ച റെക്കോർഡ് സ്വന്തമാക്കാനും ഇരുവർക്ക് ആയി.
ന്യൂസിലന്‍റിനെതിരെ ഓപ്പണിങ് വിക്കറ്റിലെ എക്കാലത്തെയും ഉയർന്ന സ്കോറാണ് ഇരുവരും കൂടെ ഇന്ന് ന്യൂസിലാൻഡിനെതിരെ പടുത്തുയർത്തിയത്. ഇന്ത്യയുടെ തന്നെ ഗൗതം ഗംഭീറും വിരേന്ദർ സെവാഗും 2009ൽ ഹാമിൽട്ടണിൽ നേടിയ 201 റൺസിന്റെ റെക്കോർഡ് ആണ് ഇരുവരും തിരുത്തിയത്. ഇന്ന് രോഹിത്- ഗിൽ കൂട്ടുകെട്ട് പടുത്തുയർത്തിയത് 212 റൺസ് ആണ്.
തുടക്കം മുതൽ ഇന്ത്യൻ ഓപ്പണർമാർ കിവിസ് ബൗളര്‍മാരെ ആക്രമിക്കുന്ന കാഴ്ചയായിരുന്നു ഇന്ന് കണ്ടത്. 26.1 ഓവർ പിന്നിടുമ്പോഴേക്കും ഇരുവരും സെഞ്ച്വറി നേടുകയും കൂട്ടുകെട്ട് 212ൽ എത്തുകയും ചെയ്തു. രോഹിത് 83 പന്തുകളിൽ സെഞ്ച്വറി നേടിയപ്പോൾ 72 പന്തുകളിൽ നിന്നാണ് സെഞ്ച്വറിയിൽ എത്തിയത്.
ഏകദിനത്തിൽ രോഹിത് ശർമയുടെ മുപ്പതാമത്തെയും ഗില്ലിന്റെ മൂന്നാമത്തെയും സെഞ്ച്വറിയുമാണ് ഇന്ന് പിറന്നത്. അവസാന നാല് ഇന്നിങ്സുകളിൽ നിന്നും മൂന്നാമത്തെ സെഞ്ച്വറിയാണ് ഗിൽ നേടിയത്. ഇന്നത്തെ സെഞ്ച്വറി നേട്ടത്തോടെ 30 സെഞ്ചറികൾ എന്ന റെക്കോർഡിന് ഒപ്പം എത്താനും രോഹിത് ശർമക്ക് സാധിച്ചു.