ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഭാഗ്യജോഡിയാണ് രോഹിത് : ധവാൻ കോംബോ .ഒട്ടേറെ മത്സരങ്ങളിൽ
ഇന്ത്യക്കായി വലിയ ഓപ്പണിങ് കൂട്ടുകെട്ടുകൾ ഉയർത്തിയിട്ടുള്ള സഖ്യം അനേകം ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് . ഇപ്പോൾ ഇന്ത്യയുടെ ഇതിഹാസ ഓപ്പണിങ് ജോഡികളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- വിരേന്ദർ സെവാഗ് സഖ്യത്തെ ഒരു ഏകദിന നേട്ടത്തിൽ വളരെയേറെ പിന്നിലാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം. ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ടീമിന് ഒരിക്കല്‍ക്കൂടി മികച്ച തുടക്കം നല്‍കിയതോടെയാണ് ഈ ജോഡി അപൂർവ നേട്ടത്തിന് അവകാശികളായത്.
64 റണ്‍സാണ് പൂനെയില്‍ ആദ്യ ഏകദിനത്തില്‍ രോഹിത്- ധവാന്‍ സഖ്യം ഓപ്പണിങ് വിക്കറ്റില്‍ അടിച്ചെടുത്തത് . ഏകദിനത്തില്‍ ഓപ്പണിങ്ങിൽ ഇരുവരും ചേർന്ന് 31ാമത്തെ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കൂടിയാണിത്. ഇതോടെ 30 തവണ ഇന്ത്യൻ ടീമിന് വേണ്ടി ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെണ്ടാക്കിയ സച്ചിന്‍- സെവാഗ് കോംബോയുടെ സ്ഥാനം പട്ടികയിൽ മൂന്നാമതായി പിന്തള്ളപ്പെട്ടു. ഈ എലൈറ്റ് ലിസ്റ്റില്‍ തലപ്പത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി സഖ്യമാണ്.ഇരുവരും ഓപ്പണിങ്ങിൽ 44 തവണയാണ് അമ്പത് റൺസിന്റെ കൂട്ടുകെട്ട് ഏകദിന ക്രിക്കറ്റിൽ പടുത്തുയർത്തിയത് .ഇത് ലോക റെക്കോർഡ് കൂടിയാണ് .
ആദ്യ ഏകദിനത്തിൽ പതിവില്‍ നിന്ന് വ്യത്യസ്തമായി രോഹിതും ധവാനും കരുതലോടെയാണ് ബാറ്റിംഗ് തുടങ്ങിയത്. ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച ലൈനിലും ലെംഗ്തിലും മികവോടെ പന്തറിഞ്ഞതോടെ പവര്‍പ്ലേയിലെ ആദ്യ പത്തോവറില്‍ ഇന്ത്യ റണ്‍സടിക്കാന്‍ പാടുപെട്ടു. വിക്കറ്റൊന്നും വീണില്ലെങ്കിലും ആദ്യ പത്തോവറില്‍ 39 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. പതിമൂന്നാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. വമ്പന്‍ സ്കോറിന് അടിത്തറയിട്ട രോഹിത്തും ധവാനും ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് സ്റ്റോക്സിന്‍റെ വൈഡ് ബോളില്‍ ബാറ്റ് വെച്ച് രോഹിത് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങിയത്. 42 പന്തില്‍ 28 റൺസ് നേടിയാണ് രോഹിത് മടങ്ങിയത് .
എന്നാൽ തന്റെ സ്വതസിദ്ധയമായ ശൈലിയിൽ ബാറ്റേന്തിയ ധവാൻ ഇംഗ്ലണ്ട് ബൗളർമാരെ അനായാസം ബൗണ്ടറികൾ കടത്തി .ആദില്‍ റഷീദിനെ സിക്സടിച്ച് 68 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ധവാന് പക്ഷേ സെഞ്ച്വറി സ്വന്തമാക്കുവാൻ കഴിഞ്ഞില്ല .സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ ധവാന്‍(98) സ്റ്റോക്സിനെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് ക്യാച്ച് നല്‍കി മടങ്ങി.