ലോകകപ്പിലെ ഇന്ത്യയുടെ ആറാം മത്സരം ഇന്ന് ഇംഗ്ലണ്ടിനെതിരെയാണ് നടക്കുന്നത്. ആവേശ മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യക്ക് സെമിഫൈനലിലേക്കുള്ള സീറ്റ് ഉറപ്പിക്കാൻ സാധിക്കും. ആദ്യ അഞ്ച് മത്സരങ്ങളും ഇന്ത്യ അനായാസം വിജയം സ്വന്തമാക്കിയിരുന്നു. അതിനാൽ തന്നെ ആറാം മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് പോയിന്റ്സ് ടേബിളിലും ഒന്നാം സ്ഥാനത്തെത്താൻ സാധിക്കും. പക്ഷേ മത്സരം നടക്കാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കെ വലിയ ആശങ്ക ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്. ഇന്ത്യയുടെ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശർമ്മയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത ആയിരിക്കുന്നത്.
ഒരു പ്രമുഖ വാർത്താ മാധ്യമമാണ് ഇതേ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി നെറ്റിൽ പരിശീലനം നടത്തുകയായിരുന്നു രോഹിത് ശർമ്മ. ഈ സമയത്ത് രോഹിത്തിന്റെ കയ്യിൽ പന്ത് അടിക്കുകയാണ് ഉണ്ടായത്. കൈവിരലിൽ പരിക്കേറ്റ രോഹിത് വേദന കൊണ്ട് പുളഞ്ഞു. ശേഷം ഇന്ത്യയുടെ ഫിസിയോടൊപ്പം രോഹിത് നിൽക്കുന്ന ചിത്രങ്ങളടക്കം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. എന്നാൽ രോഹിത്തിന്റെ ഫിറ്റ്നസിനെ സംബന്ധിച്ച് ഔദ്യോഗികപരമായ യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ താരം തന്നെയാണ് രോഹിത് ശർമ. അതിനാൽ തന്നെ ഗൗരവകരമായ പരിക്കുകൾ രോഹിത്തിനില്ല എന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ.
മത്സരത്തിൽ രോഹിത്തിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ അത് വളരെ വലിയ പ്രശ്നങ്ങളാണ് ഇന്ത്യക്ക് സമ്മാനിക്കുക. മുൻപ് ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ട്യയ്ക്ക് കാലിന് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിൽ പാണ്ഡ്യ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യയുടെ നിലവിലെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ഹർദിക് പാണ്ഡ്യ. ഇതിനുശേഷം രോഹിതിന് കൂടി പരിക്ക് പറ്റുകയാണെങ്കിൽ ഇന്ത്യൻ ടീമിന്റെ നായകനാവുന്നത് രാഹുൽ ആയിരിക്കും. മാത്രമല്ല ടീമിനെ പല റോളുകളിലും വ്യത്യാസമുണ്ടാക്കാൻ രോഹിത്തിന്റെ അഭാവം കാരണമാവും.
രോഹിത് ടീമിൽ കളിച്ചില്ലെങ്കിൽ പകരക്കാരനായി ഓപ്പണിങ് ഇറങ്ങുന്നത് ഇഷാൻ കിഷനാവും. മാത്രമല്ല ഹർദിക് പാണ്ഡ്യക്ക് പകരം സൂര്യ കുമാർ യാദവ് മത്സരത്തിൽ കളിക്കേണ്ടിവരും. അങ്ങനെയൊരു അവസ്ഥ ഉണ്ടാവില്ല എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. മാത്രമല്ല നായകൻ എന്ന നിലയിൽ രോഹിത് ശർമയുടെ നൂറാമത്തെ മത്സരമാണ് ഇംഗ്ലണ്ടിനെതിരെ നടക്കുന്നത്. ഇക്കാര്യം കൊണ്ടുതന്നെ യാതൊരുതര ത്തിലും രോഹിത് മത്സരത്തിൽ നിന്ന് പുറത്തിരിക്കാൻ ആഗ്രഹിക്കുന്നില്ല. മറുവശത്ത് മികച്ച ഫോമിലാണ് ഇപ്പോൾ ഇന്ത്യ കളിക്കുന്നത്. വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപുമുള്ളത്.