അഞ്ചാം ടെസ്റ്റിന് തൊട്ടുമുൻപ് ഇംഗ്ലണ്ട് താരം ഡക്കറ്റിന് ചുട്ട മറുപടിയുമായി രോഹിത് ശർമ രംഗത്ത്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ശേഷം ഡക്കറ്റ് വലിയ രീതിയിലുള്ള പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുടെ യുവതാരം ജയസ്വാൾ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി കണ്ടാണ് പഠിച്ചതെന്നും അതാണ് പിന്തുടരാൻ ശ്രമിക്കുന്നത് എന്നും ഡക്കറ്റ് നാലാം ടെസ്റ്റിന് ശേഷം പറയുകയുണ്ടായി.
ഡക്കറ്റിന്റെ ഈ പരാമർശത്തിന് ഇപ്പോൾ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യൻ താരങ്ങൾക്ക് ബാസ്ബോൾ കണ്ട് പഠിക്കേണ്ട ആവശ്യമില്ല എന്നാണ് രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞത്.
മാത്രമല്ല ഇന്ത്യൻ ടീമിൽ റിഷഭ് പന്ത് എന്നൊരു താരം ഉണ്ടായിരുന്നുവെന്നും, ഡക്കറ്റ് ഇതുവരെ അവനെ കണ്ടുകാണില്ല എന്നും രോഹിത് ശർമ പരിഹസിക്കുകയും ചെയ്തു. “ജയസ്വാൾ ബെൻ ഡക്കറ്റിൽ നിന്ന് ആക്രമണ സ്വഭാവമുള്ള ബാറ്റിംഗ് പഠിക്കുന്നുവെന്നോ? ഞങ്ങളുടെ ടീമിൽ ഋഷഭ് പന്ത് എന്നൊരു താരം ഉണ്ടായിരുന്നു. ഒരുപക്ഷേ അവൻ കളിക്കുന്നത് ഡക്കറ്റ് ഇതുവരെ കണ്ടിട്ടുണ്ടാവില്ല.”- രോഹിത് ശർമ പറഞ്ഞു.
ഇതിന് പുറമേ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ എന്ന പ്രയോഗത്തിനെതിരെ പ്രതികരിക്കാനും രോഹിത് മറന്നില്ല. ബാസ്ബോൾ എന്താണെന്ന് പോലും തനിക്കറിയില്ല എന്നാണ് രോഹിത് കൂട്ടിച്ചേർത്തത്.
“എന്താണ് ബാസ്ബോൾ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഞാൻ അത്തരം ഒരു ബാറ്റിംഗ് ശൈലി ഇതുവരെ കണ്ടിട്ടുമില്ല. കഴിഞ്ഞ വർഷം ഇന്ത്യൻ മണ്ണിൽ കളിച്ചതിനേക്കാൾ മികച്ച രീതിയിൽ ഇത്തവണ ഇംഗ്ലണ്ടിന് കളിക്കാൻ സാധിക്കുന്നുണ്ട്. എന്നിരുന്നാലും എന്താണ് ബാസ്ബോൾ എന്ന് എനിക്കിപ്പോഴും അറിയില്ല.”- രോഹിത് ശർമ കൂട്ടിച്ചേർക്കുകയുണ്ടായി.
ഡക്കറ്റിന്റെ പരാമർശനത്തിനുള്ള ഒരു മറുപടി തന്നെയാണ് രോഹിത് ശർമ അഞ്ചാം ടെസ്റ്റ് മത്സരത്തിനു മുമ്പായി നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് ഇംഗ്ലണ്ടിന്മേൽ പൂർണ സമ്മർദ്ദം ചെലുത്താനുള്ള ഒരു അവസരമാണ് ധർമശാലയിലെ ടെസ്റ്റ് മത്സരം.
ഇതിനിടെ ഇംഗ്ലണ്ട് തങ്ങളുടെ അഞ്ചാം മത്സരത്തിനുള്ള പ്ലേയിംഗ് ഇലവൻ പ്രഖ്യാപിക്കുകയുണ്ടായി. അവസാന ടെസ്റ്റ് മത്സരത്തിൽ വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. നാലാം ടെസ്റ്റ് മത്സരത്തിൽ കളിച്ച പേസർ ഓലി റോബിൻസൺ മാത്രമാണ് ഇംഗ്ലണ്ട് ടീമിൽ നിന്ന് മാറി നിൽക്കുന്നത്. പകരക്കാരനായി മാർക്ക് വുഡ് അവസാന ടെസ്റ്റ് മത്സരത്തിൽ കളിക്കും.