ഇന്നലെയായിരുന്നു ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സ് എൽ ക്ലാസിക്കോ പോരാട്ടം. മത്സരത്തിൽ മുംബൈയ്ക്കെതിരെ 7 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ സ്കോർ ആക്കി മാറ്റാൻ കഴിയാതെ പുറത്തായതാണ് മുംബൈയ്ക്ക് വിനയായത്. നായകൻ രോഹിത് ശർമക്കും മികച്ച തുടക്കമായിരുന്ന ലഭിച്ചത്. 13 പന്തുകളിൽ നിന്നും 21 റൺസ് നേടിയ താരം 3 ഫോറുകളും ഒരു സിക്സറും നേടിയായിരുന്നു പുറത്തായത്. മുംബൈ നായകൻ്റെ വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യൻ യുവ പേസർ തുഷാർ ദേഷ്പാണ്ഡെ ആയിരുന്നു. ഇഷാൻ കിഷന്റെ കൂടെ ഓപ്പണിങ് 38 റൺസ് നേടിയിരുന്നു രോഹിത് പിരിഞ്ഞത്.
മികച്ച നിലയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബൗളിന്റെ ലെങ്ത്തും ലൈനും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട് മിഡ് വിക്കറ്റിലേക്ക് കളിക്കാനുള്ള ശ്രമത്തിനിടെ രോഹിത് വിക്കറ്റ് കളഞ്ഞത്. 2021ന് ശേഷം വളരെ ദയനീയ പ്രകടനമാണ് ഐപിഎല്ലിൽ രോഹിത് ശർമ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. 2021ന് ശേഷം 29 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. ഇത്രയും മത്സരങ്ങളിൽ നിന്നും വെറും 23.13 ശരാശരിയിൽ 671 റൺസ് ആണ് താരത്തിന്റെ സമ്പാദ്യം. ഇതിൽ ഏറ്റവും ആശങ്കാജനകമായ കാര്യം ആകെ ഒറ്റ അർദ്ധ സെഞ്ചുറി മാത്രമാണ് ഉള്ളതെന്നാണ്. രോഹിത് ഭൂരിഭാഗം ഇന്നിങ്സുകളിലും പുറത്തായത് 20-40 റൺസിനിടയിലാണ്.
മികച്ച തുടക്കം ഒരിക്കൽക്കൂടെ ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതെ പുറത്തായത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്. തങ്ങളുടെ അരിശം സോഷ്യൽ മീഡിയയിലൂടെ അവർ തുറന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്. ട്വന്റി-ട്വന്റിയിൽ രോഹിത്തിന്റെ മോശം ഫോം തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ രീതിയിൽ മുംബൈ ഇന്ത്യൻസിനെ ഇനിയും എത്രനാൾ അദ്ദേഹത്തിന് കൊണ്ടുപോകാൻ കഴിയും എന്ന കാര്യം അറിയില്ല. മുംബൈ മാനേജ്മെന്റിന് രോഹിത് ശർമ തങ്ങളുടെ ടീമിന് ബാധ്യതയായി മാറിയിരിക്കുകയാണ് എന്ന് എത്രയും പെട്ടെന്ന് അറിയണം.
ഒരു ആരാധകന്റെ പ്രതികരണം ടീം സമ്മർദ്ദം നേരിട്ടുകൊണ്ടിരിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കാത്ത ക്യാപ്റ്റനെ ടീമിൽ ആവശ്യമില്ല എന്നാണ്. ഐപിഎല്ലിൽ എപ്പോഴാണ് രോഹിത് ശർമ വലിയ ഒരു ഇന്നിംഗ്സ് കളിച്ചത് എന്ന് ഓർമ്മ ഇല്ല എന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. വളരെ വലിയ ഒരു സംശയം വേറെ ഒരു ആരാധകൻ പങ്കുവെച്ചു. ചെന്നൈയുടെ ഈ രണ്ടാം നിര ബൗളിങ്ങിനെതിരെ പോലും രോഹിത്തിന് മികച്ച സ്കോർ കണ്ടെത്താൻ കഴിയുന്നില്ലേ എന്നാണ് ഒരു ആരാധകന്റെ സംശയം. രോഹിത് ശർമ ഒരു ഫിനിഷിഡ് കളിക്കാരൻ ആണെന്നും ഇന്ത്യൻ ടീമിനെ അദ്ദേഹമാണ് ഇപ്പോൾ നയിച്ചു കൊണ്ടിരിക്കുന്നത് എന്നും, ഇത്തവണ ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പോലും അദ്ദേഹത്തിന് കീഴിൽ കയറില്ല എന്നും മറ്റൊരു യൂസർ പ്രതികരിച്ചു.