ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിലവിൽ മൂന്ന് ഫോർമാറ്റിലും വളരെ അധികം പ്രധാനപ്പെട്ട താരമാണ് രോഹിത് ശർമ്മ.വിദേശത്തും നാട്ടിലും മികച്ച പ്രകടനം ആവർത്തിക്കുന്ന രോഹിത് ശർമ്മയെ അടുത്തിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഏകദിന നായകനായി നിയമിച്ചത്. കൂടാതെ അജിങ്ക്യ രഹാനെക്ക് പകരക്കാരനായി രോഹിത് ശർമ്മയെ ടെസ്റ്റ് ഉപനായകനായി കൂടി ഇന്ത്യൻ ടീം നിയമിച്ചു. ഈ വർഷം ഏറ്റവും അധികം റൺസ് ടെസ്റ്റിൽ നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാനുമായ രോഹിത് ശർമ്മ സൗത്താഫ്രിക്കൻ മണ്ണിലും തന്റെ മികവ് ആവർത്തിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.
എന്നാൽ പര്യടനത്തിന് മുന്നോടിയായി നടന്ന പരിശീലനതിനിടയിൽ പരിക്ക് പിടിപെട്ട സ്റ്റാർ ഓപ്പണർ ടെസ്റ്റ് പരമ്പര കളിക്കില്ലെന്ന് ഇതിനകം തന്നെ മെഡിക്കൽ ബോർഡ് വ്യക്തമാക്കി കഴിഞ്ഞു.കൂടാതെ ഏകദിന പരമ്പരയിൽ താരം കളിക്കുമോയെന്നത് ഫിറ്റ്നസ് അനുസരിച്ചാകുമെന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അറിയിക്കുന്നുണ്ട്.
അതേസമയം വർഷങ്ങൾ കാത്തിരിപ്പിന് ശേഷം സൗത്താഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ജയിക്കാനിറങ്ങുന്ന ടീം ഇന്ത്യക്ക് രോഹിത് പരിക്കും പരമ്പരയിൽ നിന്നുള്ള പിന്മാറലും കനത്ത തിരിച്ചടിയാണ്. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.നിലവിലെ ബാറ്റിംഗ് ഫോം പരിഗണിക്കുമ്പോൾ എല്ലാ ടെസ്റ്റ് മത്സരങ്ങളും ഇന്ത്യക്കായി കളിക്കേണ്ട ഒരു താരമാണ് രോഹിത് ശർമ്മയെന്നും പറഞ്ഞ ഗംഭീർ ഓപ്പണിങ്ങിൽ രോഹിത് അഭാവം വരുന്ന പരമ്പരയിൽ വെല്ലുവിളി സൃഷ്ടിക്കുമെന്നും തുറന്ന് പറയുന്നു.
“തീർച്ചയായും രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യൻ ടീമിന് ഒരു ഇരട്ട പ്രഹരമാണ്. ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ടീമിന് എതിരെ രോഹിത് ബാറ്റ് ചെയ്ത രീതി നോക്കുമ്പോൾ ഒരു ടെസ്റ്റ് മത്സരവും നഷ്ടമാക്കേണ്ട ഒരാളല്ല രോഹിത്. ഇംഗ്ലണ്ട് ബൗളർമാർക്ക് എതിരെ രോഹിത് ശർമ്മ എത്ര അനായാസമാണ് കളിച്ചത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ഉപനായകനായി രോഹിത് ശർമ അടുത്തിടെയാണ് നിയമിതനായത് എന്നതും നാം മറക്കരുത്. അതിനാൽ തന്നെ ഈ പരിക്ക് ഇരട്ടി തിരിച്ചടിയാണ് സൃഷ്ടിച്ചത് “ഗംഭീർ നിരീക്ഷിച്ചു
“രോഹിത് ശർമ്മയുടെ കൂടി അഭാവത്തിൽ ഇന്ത്യൻ ടീം യുവ നിരക്ക് ഇത് അവരുടെ മികവ് പുറത്തെടുക്കാനും സൗത്താഫ്രിക്കൻ മണ്ണിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്താനുമുള്ള ഒരു സുവർണ്ണ അവസരമാണ്. ടീം ഇന്ത്യക്ക് ഇനിയും ജയിക്കാനുള്ള എല്ലാ കരുത്തുമുണ്ട് “ഗംഭീർ വാചാലനായി