ഐപിഎൽ 2023ലെ കുറച്ചു മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ വിട്ടുനിൽക്കും എന്ന് റിപ്പോർട്ട്. മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശർമ തന്റെ ജോലിഭാരം ലഘൂകരിക്കുന്നതിനായാണ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഈ സാഹചര്യത്തിൽ മുംബൈയുടെ തന്നെ കളിക്കാരനായ സൂര്യകുമാർ യാദവാവും ടീമിനെ നയിക്കുന്നത്. ഐപിഎല്ലിന് ശേഷം ഇന്ത്യൻ ടീമിന് വന്നുചേരുന്ന തിരക്കേറിയ ഷെഡ്യൂളാണ് രോഹിത് ശർമ ഐപിഎല്ലിലെ ചില മത്സരങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള കാരണം. ഐപിഎൽ അവസാനിച്ച് കേവലം 9 ദിവസങ്ങൾക്ക് ശേഷമാണ് 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കുന്നത്. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഫൈനലിൽ മുഴുവൻ ഇന്ത്യൻ നിരയെയും അണിനിരത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിയാണ് പരിക്കിൽ നിന്ന് രക്ഷപ്പെടാനായി രോഹിത് ശർമ ഐപിഎല്ലിലെ കുറച്ച് മത്സരങ്ങളിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം ടൂർണമെന്റിലെ കുറച്ചു മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ്മ മാറിനിൽക്കുകയും വിശ്രമമെടുക്കുകയും ചെയ്യും. ഏപ്രിൽ രണ്ടിന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്നെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ടൂർണമെന്റിലെ ആദ്യ മത്സരം നടക്കുന്നത്. മാത്രമല്ല ഈ മത്സരങ്ങളിൽ രോഹിത് ശർമയ്ക്കുപകരം സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിനെ നയിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും ടീമിനൊപ്പം രോഹിത് ഉണ്ടാവും എന്നാണ് ആദ്യ വിവരങ്ങൾ സൂചിപ്പിക്കുന്നത്. മൈതാനത്ത് ഇറങ്ങിയില്ലെങ്കിലും ഡഗൗട്ടിലും മറ്റുമായി ടീമിന് നിർദ്ദേശം നൽകാൻ രോഹിത് തയ്യാറാവും. മുൻപ് സ്റ്റാർ ബാറ്റർ കീറോൺ പോള്ളാർഡ് ആയിരുന്നു മുംബൈയുടെ വൈസ് ക്യാപ്റ്റൻ. എന്നാൽ അദ്ദേഹത്തിന്റെ റിട്ടയർമെന്റിന് ശേഷം സൂര്യകുമാർ യാദവിനെ ആ പദവിയിലേക്ക് കൊണ്ടുവരികയാണ് മുംബൈ ഇന്ത്യൻസ്.
2023 ഐപിഎല്ലിന് ശേഷം വളരെ തിരക്കേറിയ ഷെഡ്യൂളാണ് ഇന്ത്യൻ ടീമിനുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏഷ്യാകപ്പും 2023ലെ 50 ഓവർ ലോകകപ്പും ഐപിഎല്ലിന് ശേഷം നടക്കും. നിലവിൽ ഇന്ത്യൻ ടീമിൽ റിഷാഭ് പന്ത്, ശ്രെയസ് അയ്യർ, ബുമ്ര തുടങ്ങിയവർ പരിക്ക് മൂലം മാറിനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ രോഹിത് ശർമ്മയ്ക്ക് കൂടി പരിക്കുപറ്റിയാൽ ഇന്ത്യയെ അത് ബാധിക്കുമെന്ന് കണക്കുകൂട്ടളിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. എന്തായാലും ഈ നീക്കം ഇന്ത്യൻ ടീമിന് ഗുണം ചെയ്യും എന്ന് ഉറപ്പാണ്.
മറുവശത്ത് മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച നായകനാണ് രോഹിത് ശർമ. മുംബൈ ഇന്ത്യൻസിനെ 2013, 2015, 2017, 2019,2021 ഈ വർഷങ്ങളിൽ കിരീടം ചൂടിച്ച ക്യാപ്റ്റൻ കൂടിയാണ് രോഹിത്. രോഹിത് ടീമിൽ നിന്നും മാറിനിൽക്കുന്നത് മുംബൈയ്ക്ക് തിരിച്ചടിയാവാൻ സാധ്യതയുണ്ട്.