നെറ്റ്സിൽ 2 തവണ ഗോൾഡൻ ഡക്ക്.. പരിശീലനത്തിലും രോഹിത് ശർമ പൂജ്യൻ തന്നെ.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ തിരികെ വരുകയായിരുന്നു.

അതിനാൽ തന്നെ മൂന്നാം ടെസ്റ്റ്‌ ഇന്ത്യയ്ക്ക് വളരെ വിലപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങൾ രാജ്കോട്ടിൽ പരിശീലനത്തിന് ഇറങ്ങുകയുണ്ടായി. ഇന്ത്യൻ നായകൻ രോഹിത് ശർമ അടക്കമുള്ള താരങ്ങളാണ് നെറ്റ്സിൽ തങ്ങളുടെ തന്ത്രങ്ങളുമായി പരിശീലനത്തിൽ ഏർപ്പെട്ടത്. എന്നാൽ പരിശീലനത്തിലും വളരെ നിരാശാജനകമായ ബാറ്റിംഗ് പ്രകടനം രോഹിത് ശർമ കാഴ്ചവെച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ ഇന്നിംഗ്സുകളായി മാറ്റാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടില്ല. ഇതുവരെ ഈ പരമ്പരയിൽ 24, 39, 14, 13 എന്നിങ്ങനെയാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. വരും മത്സരത്തിൽ മികച്ച ഒരു ഇന്നിംഗ്സ് കാഴ്ചവയ്ക്കാനുള്ള തത്രപ്പാടിലാണ് രോഹിത്. അതിനാൽ ഇന്ത്യയുടെ പരിശീലന സെഷന്റെ ആദ്യഭാഗത്ത് തന്നെ രോഹിത് മൈതാനത്ത് എത്തിയിരുന്നു.

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനോട് ബാറ്റിംഗിലെ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടാണ് രോഹിത് പരിശീലനം ആരംഭിച്ചത്. യുവതാരം സർഫറാസ് ഖാൻ, രജത് പട്ടിദാർ, ധ്രുവ് ജൂറൽ എന്നിവരുടെ നെറ്റ്സിലെ പ്രകടനങ്ങളും രോഹിത് നിരീക്ഷിക്കുകയുണ്ടായി. എന്നാൽ തന്റെ സ്വന്തം ബാറ്റിംഗിൽ രോഹിത് ഡക്കായി പുറത്തായി.

ഒരു നെറ്റ് ബോളറുടെ ഇൻസ്വിങ്ങർ പന്തിൽ രോഹിത് ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. ഇത് രോഹിത്തിൽ നിരാശയാക്കുകയുണ്ടായി. ശേഷം രോഹിത് പന്ത് തിരികെ നൽകുകയും അടുത്ത പന്തിനെ നേരിടാൻ തയ്യാറാവുകയും ചെയ്തു. യുവ ബോളർ പന്ത് കയ്യിലെടുത്ത് തന്റെ മാർക്കിലേക്ക് നടന്നു.

അടുത്ത പന്ത് കൃത്യമായി ഷേപ്പ് ചെയ്തവരുകയും രോഹിത്തിന്റെ ബാറ്റിൽ കൊണ്ട് പിന്നിലേക്ക് പോവുകയും ചെയ്തു. ഇങ്ങനെ നെറ്റ് ബോളർക്കെതിരെ 2 തവണ തുടർച്ചയായി രോഹിത് പുറത്തായി. ഇത് രോഹിത്തിന്റെ നിലവിലെ ഫോമില്ലായ്മയെ കാട്ടിത്തരുന്ന കാര്യങ്ങളാണ്. എന്നിരുന്നാലും ശേഷം രോഹിത് വളരെ കരുതലോടെ തന്നെ പരിശീലനം തുടരുകയുണ്ടായി.

നിലവിൽ വലിയ ഇന്നിങ്സുകൾ ഉണ്ടാകുന്നില്ല എന്നതാണ് ഇന്ത്യൻ ബാറ്റിംഗിന്റെ പ്രശ്നം. രണ്ടാം ടെസ്റ്റ് മത്സരത്തിൽ ജയസ്വാൾ ഇരട്ട സെഞ്ച്വറിയും ഗിൽ സെഞ്ച്വറിയും സ്വന്തമാക്കിയെങ്കിലും മറ്റു ബാറ്റർമാർ ആരും തന്നെ വലിയ ഇന്നിങ്സുകൾ കെട്ടിപ്പടുത്തില്ല. രോഹിത് ശർമ മത്സരങ്ങളിൽ മികച്ച പേസിൽ ഇന്നിങ്സുകൾ ആരംഭിച്ചങ്കിലും കൃത്യമായി അത് മെയിന്റൈൻ ചെയ്ത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. എന്നിരുന്നാലും മൂന്നാം ടെസ്റ്റ് മത്സരത്തിൽ തെറ്റുകളിൽ നിന്ന് രോഹിത് കൃത്യമായി പാഠങ്ങൾ ഉൾക്കൊണ്ട് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleരഞ്ജി ട്രോഫി കളിക്കാത്തവർ ഇനി ഐപിഎല്ലും കളിക്കേണ്ട. നിലപാട് കടുപ്പിച്ച് ബിസിസിഐ.
Next articleഅവൻ ഇന്ത്യൻ ടീമിലെ “രണ്ടാം ഗാംഗുലി”. ഓഫ്‌ സൈഡിന്റെ രാജാവ്. യുവതാരത്തെ പറ്റി ഇർഫാൻ പത്താൻ.