ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ശക്തമായ ഒരു വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 70 റൺസിന്റെ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരുമായിരുന്നു. ബോളിംഗിൽ മുഹമ്മദ് ഷാമി ഒരു ചരിത്ര പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യ വിജയം സ്വന്തമാക്കി. ഈ താരങ്ങളൊക്കെയും മത്സരത്തിൽ മികവ് പുലർത്തിയെങ്കിലും മത്സരത്തിലെ യഥാർത്ഥ ഹീറോ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് എന്നാണ് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈൻ ഇപ്പോൾ പറയുന്നത്. ഇന്ത്യൻ ടീമിന്റെ മനോഭാവത്തിൽ വലിയ മാറ്റം വരുത്താൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന നാസർ ഹുസൈൻ പറയുന്നു.
2022 ട്വന്റി20 ലോകകപ്പിലെ മനോഭാവത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു. ശേഷം ഇന്ത്യയ്ക്ക് ബാറ്റിംഗിൽ ഒരു മാറ്റം ആവശ്യമായിരുന്നുവെന്നും, രോഹിത് ശർമ അതിനു നേതൃത്വം നൽകിയെന്നുമാണ് നാസർ ഹുസൈൻ പറയുന്നത്. “ഇന്നത്തെ മാധ്യമങ്ങളിലെ ശീർഷകങ്ങൾ വിരാട് കോഹ്ലിയെ കുറിച്ചും, ശ്രേയസ് അയ്യരെ കുറിച്ചും, മുഹമ്മദ് ഷാമിയെ കുറിച്ചും ആയിരിക്കും. പക്ഷേ യഥാർത്ഥത്തിൽ ഇന്ത്യൻ ടീമിന്റെ ഹീറോ നായകൻ രോഹിത് ശർമയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ മനോഭാവത്തിൽ മാറ്റം വരുത്താൻ രോഹിത് ശർമയ്ക്ക് സാധിച്ചു.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ ദിനേശ് കാർത്തിക് ടീമിലുണ്ടായിരുന്നു. മത്സരത്തിൽ വളരെ പ്രതിരോധാത്മകമായ രീതിയിലാണ് ഇന്ത്യ കളിച്ചത്. ഇംഗ്ലണ്ടിനെതിരെ ശരാശരിയിൽ കുറഞ്ഞ സ്കോർ മാത്രമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇംഗ്ലണ്ട് 10 വിക്കറ്റുകളുടെ വിജയവും നേടി. അതിനുശേഷം രോഹിത് ശർമ ദിനേശ് കാർത്തിക്കിനോട് ഇന്ത്യയ്ക്ക് മാറ്റങ്ങൾ ആവശ്യമാണ് എന്ന് പറഞ്ഞിരുന്നു.”- നാസർ ഹുസൈൻ പറയുന്നു.
“എനിക്ക് തോന്നുന്നു ഇന്നത്തെ യഥാർത്ഥ ഹീറോ രോഹിത് ശർമയാണെന്ന്. ഗ്രൂപ്പ് സ്റ്റേജും നോക്കൗട്ട് സ്റ്റേജും വളരെ വ്യത്യസ്തമാണ്. നോകൗട്ട് സ്റ്റേജിലും തങ്ങൾ ഭയമില്ലാത്ത രീതിയിലാണ് കളിക്കാൻ പോകുന്നത് എന്ന് എല്ലാവരിലും ബോധ്യമുണ്ടാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചു. തന്റെ മനോഭാവം വെച്ച് മറ്റു ടീമംഗങ്ങൾക്കും കൃത്യമായ സന്ദേശമാണ് രോഹിത് ശർമ മത്സരത്തിൽ നൽകിയത്.”- നാസർ ഹുസൈൻ കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി 29 പന്തുകളിൽ 47 റൺസ് ആയിരുന്നു രോഹിത് ശർമ നേടിയത്. പവർപ്ലേ ഓവറുകളിൽ ന്യൂസിലാൻഡ് ബോളർമാരെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗിന് സാധിച്ചു.
രോഹിത് പുറത്തായ ശേഷമെത്തിയ ബാറ്റർമാരും മികവു പുലർത്തിയപ്പോഴാണ് ഇന്ത്യൻ 397 എന്ന ശക്തമായ ഒരു സ്കോറിൽ എത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് 327 റൺസിൽ അവസാനിക്കുകയായിരുന്നു. 2011 ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഒരു ലോകകപ്പിന്റെ ഫൈനൽ മത്സരം കളിക്കാൻ പോകുന്നത്.