നിലവിൽ 2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഏറ്റവും മികച്ച രീതിയിൽ മുൻപോട്ടു കൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് നായകൻ രോഹിത് ശർമ തന്നെയാണ്. നായകൻ എന്ന നിലയിൽ ഇന്ത്യക്കായി മികച്ച നീക്കങ്ങൾ നടത്താനും തന്റെ കളിക്കാരെ പരമാവധി ഉപയോഗിക്കാനും രോഹിത് ശർമയ്ക്ക് സാധിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ രോഹിത് ശർമയുടെ ചില ക്യാപ്റ്റൻസി തന്ത്രങ്ങൾ സൗരവ് ഗാംഗുലിയുടെതിന് സമാനമാണ് എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ബാറ്റിംഗ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാർ. ടീമിലെ താരങ്ങളെ പ്രചോദനം നൽകി മുൻപിലേക്ക് കൊണ്ടുവരുന്നതിൽ ഗാംഗുലിയെ പോലെ തന്നെ രോഹിത്തും വലിയ പങ്കുവഹിക്കുന്നുണ്ട് എന്നാണ് ബംഗാർ പറയുന്നത്.
ഗാംഗുലി നായകനായിരുന്ന സമയത്ത് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന വീരേന്ദർ സേവാഗ്, യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, സഹീർഖാൻ തുടങ്ങിയ യുവ താരങ്ങളെയൊക്കെയും കൃത്യമായി തിരിച്ചറിയുകയും, അവർക്ക് പ്രചോദനം നൽകുകയും ചെയ്തിരുന്നു എന്ന് സഞ്ജയ് ബംഗാർ പറഞ്ഞു. സ്റ്റാർ സ്പോർട്സിൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ബംഗാർ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
“ഇന്ത്യൻ ടീമിൽ പരിക്ക് മൂലവും ആത്മവിശ്വാസക്കുറവ് മൂലവും ബുദ്ധിമുട്ടിയിരുന്ന താരങ്ങൾക്ക് നല്ല രീതിയിൽ പിന്തുണ നൽകാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ജസ്പ്രീറ്റ് ബുമ്ര എന്നീ താരങ്ങൾ വലിയ പരിക്കിൽ നിന്നാണ് ടീമിലേക്ക് തിരിച്ചുവന്നത്. എന്നാൽ അവർക്ക് വേണ്ട രീതിയിൽ ആത്മവിശ്വാസം നൽകി ടീമിനൊപ്പം ചേർത്തു നിർത്താൻ രോഹിത്തിന് സാധിച്ചു. അവരുടെ കഴിവിൽ ടീം വിശ്വസിക്കുകയും അവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു.”- സഞ്ജയ് ബംഗാർ പറയുന്നു.
“ക്യാപ്റ്റൻ ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യുന്നത് ഓരോ കളിക്കാർക്കും വലിയ പ്രചോദനമാണ്. ഇതേ പോലെ തന്നെ ടീമിൽ ചെയ്തിരുന്ന നായകനാണ് സൗരവ് ഗാംഗുലി. ഗാംഗുലി കൃത്യമായി ഹർഭജൻ സിങ്, വീരേന്ദർ സേവാഗ്, സഹീർ ഖാൻ, ആശിഷ് നെഹ്റ തുടങ്ങിയവരെ തിരിച്ചറിയുകയുണ്ടായി. അതേപോലെ തന്നെയാണ് നായകൻ എന്ന നിലയിൽ രോഹിത് ശർമയുടെ ടീമിലേക്കുള്ള സംഭാവനകളും.”- സഞ്ജയ് ബംഗാർ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യ 2023 ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് കടന്നിട്ടുണ്ട്. ഇതുവരെ എട്ടു മത്സരങ്ങൾ ഇന്ത്യ കളിച്ചപ്പോൾ എല്ലാ മത്സരങ്ങളിലും വിജയം നേടാൻ സാധിച്ചു. നെതർലൻഡ്സിനെതിരായ മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് ഇനി അവശേഷിക്കുന്നത്. ഒന്നാം സ്ഥാനക്കാരായി ലോകകപ്പിന്റെ സെമിയിൽ എത്തിയതിനാൽ തന്നെ ഇന്ത്യ ആദ്യ സെമി ഫൈനലിൽ കളിക്കും എന്നത് ഉറപ്പാണ്. നിലവിൽ ന്യൂസിലാൻഡ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളിൽ ഒന്നാണ് സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികളായി വരാൻ സാധ്യത.