അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും പൂർണ പരാജയമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. വളരെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയ രോഹിത് ശർമ ആദ്യ മത്സരത്തിൽ പൂജ്യനായി പുറത്തായിരുന്നു.
ആശയവിനിമയത്തിൽ വന്ന വലിയൊരു പ്രശ്നം മൂലമായിരുന്നു രോഹിത് ആദ്യമായി മത്സരത്തിൽ പൂജ്യനായി മടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ വളരെ മോശം ഷോട്ട് കളിച്ചാണ് രോഹിത് കൂടാരം കയറിയത്. മത്സരത്തിൽ താൻ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് പുറത്താകുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയൊരു തലവേദനയാണ് രോഹിത്തിന്റെ രണ്ടു മത്സരങ്ങളിലെയും പ്രകടനം നൽകിയിരിക്കുന്നത്.
മത്സരത്തിൽ ഫസൽ ഫറൂക്കി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു രോഹിത്തിന്റെ പുറത്താവൽ. നേരിട്ട ആദ്യ പന്തിൽ തന്നെ ഒരു വലിയ ഷോട്ടു കളിക്കാനാണ് രോഹിത് ശ്രമിച്ചത്. ഗുഡ് ലെങ്തിൽ വന്ന പന്ത് മാറിനിന്ന് ഷോട്ട് കളിക്കാൻ രോഹിത് ശ്രമിച്ചു. എന്നാൽ കൃത്യമായ രീതിയിൽ പന്തുമായി കണക്ഷൻ ഉണ്ടാക്കുന്നതിൽ രോഹിത് പരാജയപ്പെടുകയായിരുന്നു. ശേഷം സിംഗ് ചെയ്തു വന്ന പന്ത് രോഹിത്തിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചാണ് മടങ്ങിയത്. ഇതോടെ അഫ്ഗാനിസ്ഥാന് മത്സരത്തിലെ ആദ്യ വിക്കറ്റ് ലഭിക്കുകയും ചെയ്തു.
മത്സരത്തിലെ ഈ മോശം പ്രകടനത്തോടെ ഒരു മോശം റെക്കോർഡും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവുമധികം തവണ ഡക്കായി പുറത്തായ താരങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് രോഹിത് എത്തിയിട്ടുണ്ട്. അയർലൻഡ് താരം പോൾ സ്റ്റിർലിങാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.
ട്വന്റി20 ക്രിക്കറ്റിൽ 13 തവണയാണ് സ്റ്റിർലിംഗ് പൂജനായി മടങ്ങിയിട്ടുള്ളത്. ശേഷമാണ് രോഹിത് ശർമ, കെവിൻ ഒബ്രയാൻ, ഇരക്കോസെ എന്നീ താരങ്ങൾ ഇടം പിടിച്ചിരിക്കുന്നത്. ഈ മൂന്നു താരങ്ങളും 12 ട്വന്റി20 മത്സരങ്ങളിൽ ഇതുവരെ പൂജ്യരായി മടങ്ങിയിട്ടുണ്ട്. രോഹിത്തിനെ സംബന്ധിച്ച് വളരെ മോശം റെക്കോർഡാണ് ഇത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത ബാറ്റിംഗ് തന്നെയാണ് അഫ്ഗാനിസ്ഥാൻ കാഴ്ചവെച്ചത്. ആദ്യ സമയങ്ങളിൽ തന്നെ അഫ്ഗാനിസ്ഥാൻ റൺസ് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഗുൽബദീൻ അഫ്ഗാനിസ്ഥാനായി മികവ് പുലർത്തി.
മത്സരത്തിൽ ഒരു തകർപ്പൻ അർദ്ധ സെഞ്ച്വറി അഫ്ഗാനിസ്ഥാനായി സ്വന്തമാക്കാൻ ഗുൽബദീന് സാധിച്ചു. 35 പന്തുകളിൽ 57 റൺസാണ് താരം നേടിയത്. ഒപ്പം മധ്യനിര ബാറ്റർമാരും മികവ് പുലർത്തിയപ്പോൾ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 172 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. ഇന്ത്യയ്ക്കായി അർഷദീപ് സിംഗ് മത്സരത്തിൽ മൂന്നു വിക്കറ്റ്കൾ സ്വന്തമാക്കി.