നെതർലൻഡ്സിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ഓപ്പണിങ് ഇറങ്ങി 54 പന്തുകളിൽ 61 റൺസാണ് രോഹിത് നേടിയത് ടൂർണമെന്റിലൂടനീളം ഇത്തരത്തിൽ മികവാർന്ന ബാറ്റിംഗ് പ്രകടനം രോഹിത് ഇന്ത്യക്കായി പുറത്തെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഹിത്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം. രോഹിത് ബാറ്റിംഗ് വളരെ അനായാസമാക്കി മാറ്റുന്നുണ്ട് എന്നാണ് വസീം അക്രം പറയുന്നത്. രോഹിത്തിന്റെ പ്രഹരശേഷി എടുത്തുകാട്ടിയാണ് വസീം അക്രം സംസാരിച്ചത്.
ഒരു പ്രമുഖ മാധ്യമത്തിൽ സംസാരിക്കവെയാണ് അക്രം തന്റെ പ്രസ്താവന അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത്തിനെപ്പോലെ നിലവിൽ മറ്റൊരു കളിക്കാരനില്ല എന്ന് അക്രം പറയുകയുണ്ടായി. “അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത്തിനെപ്പോലെ മറ്റൊരു കളിക്കാരനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ വിരാട് കോഹ്ലിയെകുറിച്ചും ജോ റൂട്ടിനെകുറിച്ചും കെയ്ൻ വില്യംസനെക്കുറിച്ചും ബാബർ ആസാമിനെ കുറിച്ചുമൊക്കെ സംസാരിച്ചിട്ടുണ്ട്. പക്ഷേ രോഹിത് ശർമ അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ബാറ്റിംഗ് വളരെ അനായാസമാക്കി മാറ്റാൻ രോഹിത് ശർമയ്ക്ക് സാധിക്കുന്നുണ്ട്. ഏത് എതിർ ടീമാണെങ്കിലും, എത്ര മികച്ച ബോളിംഗ് അറ്റാക്ക് ആണെങ്കിലും രോഹിത് അനായാസം അവരെ കൈകാര്യം ചെയ്യുന്നു.”- അക്രം പറഞ്ഞു.
രോഹിതിന്റെ മൈതാനത്തെ മനോഭാവത്തെ പുകഴ്ത്തിയാണ് മറ്റൊരു പാക്കിസ്ഥാൻ മുൻ താരമായ മാലിക് സംസാരിച്ചത്. എല്ലാ ബോളർമാർക്കുമെതിരെ ആക്രമണം അഴിച്ചുവിടാനുള്ള കഴിവ് രോഹിതിനുണ്ട് എന്ന് മാലിക് പറഞ്ഞു. “എതിർ ടീമിനെ 5 ബോളർമാരെയും ഒരേ രീതിയിൽ അടിച്ചു തൂക്കാനുള്ള കഴിവ് രോഹിത് ശർമയ്ക്കുണ്ട്. വസീം അക്രം പറഞ്ഞ ബാറ്റർമാരൊക്കെയും 3-4 ബോളർമാരെ മാത്രമാണ് ലക്ഷ്യം വയ്ക്കുക. എന്നാൽ രോഹിത് ശർമ എതിർ ടീമിലെ 5 ബോളർമാരെയും ഒരേപോലെ ആക്രമിക്കുന്നു.”- മാലിക് പറയുന്നു.
ഇതുവരെ ഈ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി തകർപ്പൻ തുടക്കങ്ങളാണ് രോഹിത് ശർമ നൽകിയിട്ടുള്ളത്. ഇന്ത്യക്കായി 9 മത്സരങ്ങളിൽ നിന്ന് 503 റൺസ് സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചു. 55.88 എന്ന ഉയർന്ന ശരാശരിയിലാണ് രോഹിത് ശർമ റൺസ് സ്വന്തമാക്കിയത്. മാത്രമല്ല 121.49 എന്ന മികച്ച സ്ട്രൈക്ക് റേറ്റും രോഹിത്തിന് 2023 ഏകദിന ലോകകപ്പിലുണ്ട്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിലും രോഹിത് ശർമ ഇത്തരത്തിൽ മികവാർന്ന പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ