അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബോളർമാരെ പഞ്ഞിക്കിട്ടു കൊണ്ട് ഒരു തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ് രോഹിത് കാഴ്ച്ച വെച്ചത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം നൽകാനും രോഹിത് ശർമയ്ക്ക് സാധിച്ചു. ആദ്യ ബോൾ മുതൽ അഫ്ഗാനിസ്ഥാൻ ബോളർമാർക്ക് മേൽ സമ്മർദ്ദം ചെലുത്തിയാണ് രോഹിത് ശർമ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. കേവലം 63 പന്തുകളിൽ നിന്നായിരുന്നു രോഹിത്തിന്റെ ഈ പടുകൂറ്റൻ സെഞ്ച്വറി. ഒരു ഇന്ത്യൻ താരത്തിന്റെ ഏകദിന ലോകത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് മത്സരത്തിൽ രോഹിത് സ്വന്തമാക്കിയത്.
273 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി തുടക്കത്തിൽ തന്നെ രോഹിത് തന്റെ വീര്യം കാട്ടി. തന്റേതായ ശൈലിയിൽ വമ്പൻ ഷോട്ടുകളുമായാണ് രോഹിത് കളം നിറഞ്ഞത്. ഒരുവശത്ത് ഇഷാൻ കിഷൻ തന്റെ പ്രതാപകാലഫോമിലേക്ക് എത്താൻ ബുദ്ധിമുട്ടിയപ്പോൾ മറുവശത്ത് രോഹിത് ശർമയുടെ ഒരു സ്വാഗ് തന്നെയാണ് കാണാൻ സാധിച്ചത്. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും ബൗണ്ടറികൾ സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചു. രോഹിത് ഒരുവശത്ത് അടിച്ചു തകർത്തതിനാൽ തന്നെ മറുവശത്ത് ഇഷാന്റെ സമ്മർദ്ദം കുറയുകയും ചെയ്യുന്നുണ്ടായിരുന്നു.
മത്സരത്തിൽ 30 പന്തുകളിൽ നിന്നാണ് രോഹിത് ശർമ തന്നെ അർദ്ധ സെഞ്ച്വറി പൂർത്തീകരിച്ചത്. അതിനുശേഷവും രോഹിത് കൃത്യമായി ബോളർമാരെ ലക്ഷ്യം വെച്ച് ആക്രമണം അഴിച്ചുവിട്ടു. ഇതോടെ അഫ്ഗാനിസ്ഥാൻ ബോളർമാർക്ക് രോഹിത്തിന് മുൻപിൽ ഉത്തരമില്ലാതെ മാറുകയായിരുന്നു. മത്സരത്തിൽ 63 പന്തുകളിൽ നിന്നാണ് രോഹിത് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ഇതോടുകൂടി മത്സരത്തിൽ വളരെ ശക്തമായ ഒരു നിലയിലെത്താനും ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ വിക്കറ്റിൽ വളരെ മികച്ച തുടക്കം അഫ്ഗാനിസ്ഥാന് ലഭിച്ചു. എന്നാൽ ഇന്ത്യയുടെ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയത് അഫ്ഗാനിസ്ഥാനെ ബാധിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനായി നായകൻ ഷാഹിദി 88 പന്തുകളിൽ നിന്ന് 80 റൺസ് സ്വന്തമാക്കുകയുണ്ടായി. ഒപ്പം അസ്മത്തുള്ള 69 പന്തുകളിൽ നിന്ന് 62 റൺസുമായി കളം നിറഞ്ഞു. ഇങ്ങനെ നിശ്ചിത 50 ഓവറുകളിൽ അഫ്ഗാനിസ്ഥാൻ 272 എന്ന സ്കോറിൽ എത്തുകയായിരുന്നു. ഇന്ത്യൻ നിരയിൽ 4 വിക്കറ്റുകൾ വീഴ്ത്തിയ ബൂമ്രയാണ് തിളങ്ങിയത്.