ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം മേൽബണിൽ ആരംഭിക്കുകയാണ്. ആവേശം അലതല്ലിയ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിനു ശേഷം വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ മെൽബൺ മൈതാനത്തേക്ക് എത്തുന്നത്.
പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും നായകൻ രോഹിത് ശർമ മെൽബണിൽ കളിക്കുമെന്ന കാര്യത്തിൽ സ്ഥിരീകരണം എത്തിയിട്ടുണ്ട്. ശനിയാഴ്ച നെറ്റ്സിൽ പരിശീലനം നടത്തുന്ന സമയത്തായിരുന്നു രോഹിതിന് പരിക്കേറ്റത്. എന്നാൽ ഇത് സാരമുള്ളതല്ല എന്ന് വ്യക്തമാണ്. അതേസമയം കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്ന ശുഭമാൻ ഗില്ലിനെ പിന്തുണച്ചുകൊണ്ടാണ് രോഹിത് ശർമ പത്രസമ്മേളനത്തിൽ സംസാരിച്ചത്.
ഒരു താരത്തിന് എല്ലാ മത്സരത്തിലും മികവ് പുലർത്താൻ സാധിക്കില്ലെന്നും അതാണ് ഗില്ലിന് സംഭവിക്കുന്നത് എന്നും രോഹിത് ശർമ പറയുന്നു. ഇന്ത്യയെ സംബന്ധിച്ച് ഗിൽ ഒരു ഭാവി താരമാണ് എന്ന് രോഹിത് തുറന്നു പറഞ്ഞിരിക്കുകയാണ്. ” അഡ്ലൈഡ് ടെസ്റ്റ് മത്സരങ്ങളുടെ 2 ഇന്നിങ്സുകളിലും മികച്ച തുടക്കം ഗില്ലിന് ലഭിച്ചിരുന്നു. പക്ഷേ അത് വലിയ സ്കോറാക്കി മാറ്റുന്നതിൽ ഗിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഭാവി താരമാണ് ഗിൽ. ഓസ്ട്രേലിയൻ പര്യടനം ഗില്ലിന് വെല്ലുവിളി ഉണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. മാത്രമല്ല ഒരു താരത്തിന് എല്ലാ മത്സരങ്ങളിലും വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കില്ല. ഗില്ലിന് മികവ് പുലർത്താൻ കഴിവുണ്ട്. ഞങ്ങൾ അതിൽ വിശ്വസിക്കുന്നുമുണ്ട്. “- രോഹിത് പറഞ്ഞു.
ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്ര ടീമിന് എല്ലാത്തരത്തിലും ഗുണം ചെയ്യുന്നുണ്ട് എന്നാണ് രോഹിത് പറഞ്ഞത്. “ബൂമ്രയെ പോലെ ഒരു പേസർ ഉണ്ടാകുന്നത് ഏത് ടീമിനും വലിയ ഗുണം ചെയ്യും. അവനെപ്പോലെ ഒരു താരമുണ്ടായാൽ മറ്റുള്ളവരുടെ ജോലിഭാരവും വളരെ കുറവായിരിക്കും.”- രോഹിത് ശർമ വ്യക്തമാക്കി. പരമ്പരയിലെ ആദ്യ 3 ടെസ്റ്റ് മത്സരങ്ങളിലും മികച്ച ബോളിംഗ് പ്രകടനമായിരുന്നു ബൂമ്ര കാഴ്ചവച്ചത്. 3 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളാണ് ഈ സൂപ്പർ താരം സ്വന്തമാക്കിയത്.
മൂന്നാം ടെസ്റ്റ് മത്സരത്തിന് ശേഷം തന്റെ വിരമിക്കൽ പ്രഖ്യാപിച്ച രവിചന്ദ്രൻ അശ്വിന് പകരം തനുഷ് കൊട്ടിയനെയാണ് ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേപ്പറ്റിയും രോഹിത് സംസാരിച്ചു. “ഒരു മാസം മുൻപ് കൊട്ടിയൻ ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നു. ഇന്ത്യ എ ടീമിനൊപ്പം കൊട്ടിയൻ അണിനിരന്നിരുന്നു. അതിനാൽ പെട്ടെന്ന് ഒരു വിസ പ്രശ്നം അവന് ഉണ്ടായില്ല. അതേസമയം കുൽദീപിന് ഇപ്പോൾ വിസ പ്രശ്നം നേരിടുന്നുണ്ട്. ഞങ്ങൾക്ക് ആവശ്യം എത്രയും വേഗം ഇവിടെ എത്താൻ പറ്റുന്ന ഒരു താരതയായിരുന്നു. ഇന്ത്യ എ ടീമിനായി തനുഷ് മുൻപ് നന്നായി കളിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് ഇപ്പോൾ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.”- രോഹിത് പത്രസമ്മേളനത്തിൽ പറഞ്ഞുവെക്കുന്നു.