അഞ്ചു തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിൻ്റെ നിഴൽപോലും ഇത്തവണത്തെ ഐപിഎല്ലിൽ കാണാൻ സാധിച്ചിട്ടില്ല. നിരാശാജനകമായ പ്രകടനമായിരുന്നു മുംബൈ ഇന്ത്യൻസ് ഇത്തവണ കാഴ്ചവച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും ഇത്തവണ മോശം ഫോമിലായിരുന്നു.
14 കളികളിൽ നാലെണ്ണം മാത്രം വിജയിച്ച് 8 പോയിൻ്റുമായി അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഇത്തവണ ഫിനിഷ് ചെയ്തത്. ഐപിഎൽ മെഗാ ലേലത്തിൽ മുംബൈ എടുത്ത പല തീരുമാനങ്ങളും കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഇപ്പോഴിതാ അടുത്ത തവണ ഞങ്ങൾ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പറഞ്ഞ രംഗത്തെത്തിയിരിക്കുകയാണ് നായകൻ രോഹിത് ശർമ.
“ഇത് മുംബൈ ഇന്ത്യൻസാണ്. അടുത്ത സീസണിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഞങ്ങൾ കിരീടം വീണ്ടെടുക്കും. ആരാധകരോട് ഞങ്ങൾക്ക് പറയാനുള്ളത് അതാണ്. ഈ സീസണിലെ നിരാശ നമുക്ക് മറക്കാം. അടുത്ത തവണ കൂടുതൽ മികവുറ്റ പ്രകടനവുമായി തിരിച്ചുവരാം. ഇത് മുംബൈ ഇന്ത്യൻസിന്റെ ഉറപ്പാണ്.
ടീമിലെ യുവതാരങ്ങൾ നടത്തിയ മികച്ച പ്രകടനമാണ് ടൂർണമെന്റിലെ ഏറ്റവും വലിയ പോസിറ്റിവ് പരിചയക്കുറവ് മറികടന്നുള്ള അവരുടെ പ്രകടനനിലവാരം ടീമിന് ആകെ പ്രചോദനം നൽകി. ഇത്തരം താരങ്ങൾ ഉള്ളത് അടുത്ത സീസണിലേക്ക് തയ്യാറാവാൻ കൂടുതൽ കരുത്ത് പകരും ടീമിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് മുംബൈ ടീമിന്റെ സംഘബലം ഉയർത്തുന്നു. ടീമിൽ ആദ്യമായി എത്തുന്ന കളിക്കാരെ ടീം അന്തരീക്ഷവുമായി സുഖകരമാക്കുക എന്നത് ഞങ്ങൾ എല്ലാ കാലവും
പരിശീലിച്ചു പോരുന്ന കാര്യമാണ്.”- രോഹിത് ശർമ പറഞ്ഞു.