ഇന്നായിരുന്നു ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം പോരാട്ടം. രണ്ടാം മത്സരത്തിൽ നെതർലാൻസിനെ 56 റൺസിന് തോൽപ്പിച്ച് ഇന്ത്യ തുടർച്ചയായ രണ്ടാം വിജയം നേടി. മത്സരത്തിൽ ഇന്ത്യക്കെതിരെ നെതർലാൻഡ്സ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ അവർക്ക് സാധിച്ചില്ല.
ഇന്ത്യക്കുവേണ്ടി നായകൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോഹ്ലി, സൂര്യ കുമാർ യാദവ് എന്നിവർ അർദ്ധ സെഞ്ചുറി നേടി. രോഹിത് 39 പന്തുകളിൽ നിന്ന് 53 റൺസും, കോഹ്ലി പുറത്താകാതെ 44 പന്തിൽ നിന്ന് 62 റൺസും, പുറത്താകാതെ 25 പന്തിൽ നിന്ന് 51 റൺസ് സൂര്യ കുമാർ യാദവും നേടി. അതേസമയം നെതർലാൻഡ്സിനെതിരായ തന്റെ ഫിഫ്‌റ്റിയിൽ താൻ സന്തോഷവാനല്ല എന്നാണ് ഇന്ത്യൻ നായകൻ പറഞ്ഞത്. മത്സരശേഷം പ്രതികരിക്കുന്നതിനിടയിലാണ് ഇക്കാര്യം താരം തുറന്നു പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ വായിക്കാം..”തുറന്നുപറഞ്ഞാൽ ഇത് ഏറെക്കുറെ പൂർണമായ വിജയമായിരുന്നു. അതെ ഞാനും കോഹ്ലിയും തുടക്കത്തിൽ പതുക്കെയാണ് കളിച്ചത്. പക്ഷേ എൻ്റെയും കോഹ്ലിയുടെയും പ്ലാൻ അതുതന്നെയായിരുന്നു. വലിയ ഷോട്ടുകൾ കളിക്കാൻ ഞങ്ങൾ കാത്തിരിക്കേണ്ടിവന്നു. എൻ്റെ ഫിഫ്റ്റിയിൽ ഞാൻ സന്തുഷ്ടനല്ല. പക്ഷേ റൺസ് നേടുകയെന്നതാണല്ലോ പ്രധാനം.
അവ നല്ല ഷോട്ടുകളിലൂടെയാണോ മോശം ഷോട്ടുകളിലൂടെയാണോ വന്നതെന്നത് പ്രശ്നമല്ല. ദിവസാവസാനം അത് ആത്മവിശ്വാസം നിലനിർത്തുന്നതിലാണ് കാര്യം.”- രോഹിത് ശർമ പറഞു.
അതേസമയം വൈസ് ക്യാപ്റ്റന്‍ രാഹുൽ ഇന്നും നിരാശപ്പെടുത്തി. വെറും 9 റൺസ് മാത്രമാണ് രാഹുൽ ഇന്ന് നേടിയത്. ഇന്ത്യയുടെ അടുത്ത മത്സരം 30ന് സൗത്ത് ആഫ്രിക്കെതിരെയാണ്. ഇന്ന് വിജയിച്ചതോടെ രണ്ട് വിജയങ്ങളുമായി പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.