നാഗ്പൂർ ടെസ്റ്റിലെ അത്യുഗ്രൻ വിജയം വലിയ ആത്മവിശ്വാസം തന്നെയാണ് ഇന്ത്യക്ക് നൽകുന്നത്. ലോകക്രിക്കറ്റിലെ ഏറ്റവും ശക്തരായ ഓസ്ട്രേലിയയെ പോലെ ഒരു ടീമിനെ ഇന്നിംഗ്സിനും 132 റൺസിനും തറപറ്റിക്കുക എന്നത് നിസ്സാര കാര്യമല്ല. എന്നാൽ അശ്വിനും ജഡേജയും അക്ഷറുമടങ്ങുന്ന സ്പിൻ വിഭാഗത്തിന്റെ മികവോടെ ഇന്ത്യ വളരെ എളുപ്പത്തിൽ വിജയം സ്വന്തമാക്കുകയുണ്ടായി. പക്ഷേ മത്സരത്തിലേക്ക് വരുമ്പോൾ അശ്വിനെയും ജഡേജയും കൈകാര്യം ചെയ്യുന്നതാണ് തനിക്ക് ഏറ്റവും പ്രയാസകരം എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറയുകയുണ്ടായി.
അശ്വിനും ജഡേജയും എപ്പോഴും തങ്ങളുടെ നാഴികകല്ലുകളെ പറ്റി ബോധവാന്മാരാണെന്നും, അത് തനിക്ക് സമ്മർദ്ദം ഉണ്ടാക്കാറുണ്ടെന്നും രോഹിത് പറഞ്ഞു. “ഈ മൂന്നു സ്പിന്നർമാരെയും കൈകാര്യം ചെയ്യുക അല്പം ബുദ്ധിമുട്ടാണ്. അവർ എപ്പോഴും എന്തെങ്കിലും നാഴികക്കല്ലിന് അടുത്താവും. ജഡേജ മത്സരത്തിനിടെ എന്റെ അടുത്ത് വന്നശേഷം ‘എനിക്ക് 250 വിക്കറ്റുകൾ തികക്കാൻ ഒരു വിക്കറ്റ് കൂടെ മതി, എനിക്ക് ബോൾ തരൂ’ എന്ന് ആവശ്യപ്പെടുകയുണ്ടായി. മറുവശത്ത് നാലു വിക്കറ്റുകളുമായി നിൽക്കുന്ന അശ്വിൻ, അഞ്ചാമത്തെ വിക്കറ്റ് നേടാനായി ബോളിങ്ങിനായി നിൽക്കുന്നു. ഇവർക്കിടയിൽ ഞാൻ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്.”- രോഹിത് ശർമ പറഞ്ഞു.
“എനിക്ക് ഇത്തരം നാഴികക്കല്ലുകളെ പറ്റി കൂടുതലായി അറിയില്ല. എന്നാൽ അവർക്ക് അതിനെ പറ്റി കൃത്യമായ ബോധ്യമുണ്ട്. ഈ കളിക്കാർ മികച്ച നിലവാരം ഉള്ളവരാണ്. അവർക്ക് കൃത്യമായി സാഹചര്യങ്ങൾ ഉണ്ടാക്കുക എന്നത് എന്നെ സംബന്ധിച്ച് സമ്മർദ്ദമേറിയ കാര്യമാണ്.”- രോഹിത് കൂട്ടിച്ചേർത്തു.
“കൃത്യമായ മാച്ച് അപ്പുകൾ കണ്ടുപിടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അശ്വിൻ ഇടങ്കയ്യൻ ബോളർമാർക്കെതിരെ നന്നായി ബോൾ ചെയ്യാറുണ്ട്. അക്ഷറും ജഡേജയും വലംകൈയ്യൻ ബാറ്റർമാർക്കെതിരെ അവിശ്വസനീയ പ്രകടനം നടത്തുന്നവരാണ്.”- രോഹിത് പറഞ്ഞുവെക്കുന്നു.