രോഹിത് ഓപ്പണർ, രാഹുൽ മൂന്നാം നമ്പറിൽ. രണ്ടാം ടെസ്റ്റിൽ ഇന്ത്യന്‍ ലൈനപ്പ് നിർദ്ദേശിച്ച് പൂജാര.

ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ ടീമിനൊപ്പം തിരികെ എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ തന്നെ ഇന്ത്യയുടെ ഓപ്പണറായി കളിക്കുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെയെങ്കിൽ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുലിനെ ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ പിന്നിലേക്ക് അയക്കാൻ സാധ്യതയുണ്ട്.

പെർത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 26 റൺസും രണ്ടാം ഇന്നിംഗ്സിൽ 77 റൺസുമായിരുന്നു രാഹുൽ സ്വന്തമാക്കിയത്. മാത്രമല്ല ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ശുഭ്മാൻ ഗിൽ പരിക്ക് ഭേദമായി തിരികെ ടീമിനൊപ്പം എത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന കാര്യം സംശയമില്ല. ഇതേ സംബന്ധിച്ചാണ് ഇന്ത്യൻ താരം പൂജാര സംസാരിക്കുന്നത്.

രോഹിതും ഗില്ലും തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ ബാറ്റിങ് നിരയിൽ വലിയ മാറ്റമുണ്ടാകും എന്ന് പൂജാര കരുതുന്നു. എന്നിരുന്നാലും രാഹുൽ നിലവിലെ പൊസിഷനിൽ നിന്ന് ആറാം നമ്പറിലേക്ക് പോകാൻ പാടില്ല എന്നാണ് പൂജാര കരുതുന്നത്. രോഹിത് ശർമ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നും രാഹുൽ മൂന്നാം നമ്പരിൽ കളിക്കണമെന്നും പൂജാര പറയുകയുണ്ടായി. “ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഇതൊരു നല്ല തലവേദന മാത്രമാണ്. രോഹിത് ശർമ ടീമിനൊപ്പം തിരികെ എത്തിയിട്ടുണ്ട്. ഗിൽ അടുത്ത മത്സരത്തിൽ കളിക്കാൻ തയ്യാറാണ്. രോഹിത് ശർമയ്ക്ക് നേരിട്ട് ഓപ്പണിങ് സ്ഥാനത്തേക്ക് എത്താൻ സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ രാഹുൽ മൂന്നാം നമ്പറിൽ തന്നെ കളിക്കണം.”- പൂജാര പറയുന്നു.

“ഗില്ലിനെ ഇന്ത്യയ്ക്ക് ആറാം നമ്പർ പൊസിഷനിലേക്ക് മാറ്റാൻ സാധിക്കും. ന്യൂ ബോളിൽ ബാറ്റ് ചെയ്യുന്നതും പഴയ ബോളിൽ ബാറ്റ് ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ടു തന്നെ ടോപ് ഓർഡർ ബാറ്റർമാർ ഒരുപാട് കാത്തിരിക്കാൻ തയ്യാറാവാറില്ല. അതേസമയം വാലറ്റ ബാറ്റർമാരെ സംബന്ധിച്ച് അവർക്ക് ഇത്തരത്തിൽ വ്യത്യാസങ്ങൾ ഉണ്ടാവാറില്ല. അവർ എല്ലായ്പ്പോഴും ഒരു പരീക്ഷണത്തിന് വിധേയമാകാറുണ്ട്.”- പൂജാര കൂട്ടിച്ചേർക്കുകയുണ്ടായി. കെ എൽ രാഹുൽ രണ്ടാം ടെസ്റ്റ് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയും പൂജാര വെക്കുന്നുണ്ട്.

“ഇപ്പോൾ രാഹുൽ വളരെ മികച്ച ഫോമിലാണ് കളിക്കുന്നത്. അതുകൊണ്ടു തന്നെ അത് മുതലാക്കാനുള്ള അവസരം ഇന്ത്യൻ ടീം അവന് നൽകണം. അവനെ അനുയോജ്യമായ ബാറ്റിംഗ് പൊസിഷനിൽ തന്നെ ഇന്ത്യ ഇറക്കേണ്ടതുണ്ട്.”- പൂജാര സ്റ്റാർ സ്പോർട്സിൽ പറയുകയുണ്ടായി. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ 295 റൺസിന്റെ വമ്പൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പരയിൽ മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ലോക ടെസ്റ്റിൽ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ പരമ്പരയിൽ ഇനിയും 3 വിജയങ്ങൾ ഇന്ത്യയ്ക്ക് ആവശ്യമാണ്.

Previous articleബാംഗ്ലൂർ 8.75 കോടിയ്ക്ക് സ്വന്തമാക്കി, പിന്നാലെ 15 ബോളിൽ 50 റൺസ് നേടി ലിവിങ്സ്റ്റൺ.
Next articleഅവിസ്മരണീയ യാത്ര ഇവിടെ കഴിയുന്നു. ബാംഗ്ലൂർ ടീമിലെ പ്രയാണം അവസാനിപ്പിച്ച സിറാജിന്റെ വാക്കുകൾ.