രോഹിത് ഇന്ത്യൻ ടീമിന് ബാധ്യത.. 2024 ലോകകപ്പിൽ ഇന്ത്യ ഒഴിവാക്കും. ശ്രീകാന്തിന്റെ വാക്കുകൾ ഇങ്ങനെ.

കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യക്കായി അത്ര മികച്ച പ്രകടനങ്ങളായിരുന്നില്ല നായകൻ രോഹിത് ശർമ കാഴ്ചവെച്ചിരുന്നത്. തന്റെ വ്യക്തിഗത പ്രകടനത്തിലും ടീമിനെ നയിക്കുന്നതിലും ട്വന്റി20കളിൽ പലപ്പോഴും രോഹിത് പരാജയപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിൽ രോഹിത് ഇന്ത്യയുടെ ട്വന്റി20 ടീമിന് ബാധ്യതയായി മാറുകയാണെന്നാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത് പറയുന്നത്. നിലവിൽ രോഹിത്തിനെ ഇന്ത്യ ട്വന്റി20ക്കുള്ള പരമ്പരയിൽ ഉൾപ്പെടുത്താത്തത് വിശ്രമം നൽകിയതിനാലായിരിക്കില്ല എന്നാണ് ശ്രീകാന്തിന്റെ പക്ഷം. അടുത്തവർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യ രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തില്ല എന്നാണ് ശ്രീകാന്ത് പറയുന്നത്.

“ഇന്ത്യ വിരാട് കോഹ്ലിക്ക് ട്വന്റി20കളിൽ നിന്ന് വിശ്രമം നൽകിയിരിക്കുകയാണ് എന്നത് വളരെ വ്യക്തമാണ്. രവീന്ദ്ര ജഡേജയുടെ കാര്യത്തിലും ഇത് വ്യക്തമാണ്. പക്ഷേ രോഹിത് ശർമയുടെ കാര്യത്തിൽ ഒരുപാട് സംശയങ്ങൾ നിൽക്കുന്നു. രോഹിത്തിന് ട്വന്റി20 മത്സരങ്ങളിൽ ഇനിയൊരു ഭാവി മുൻപിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കുട്ടിക്രിക്കറ്റിൽ രോഹിത് ഇന്ത്യൻ ടീമിന് എപ്പോഴും ബാധ്യതയാണ്. അടുത്ത ട്വന്റി20 ലോകകപ്പിൽ ഇന്ത്യ രോഹിത്തിനെ തങ്ങളുടെ ടീമിൽ ഉൾക്കൊള്ളിക്കുമെന്നും ഞാൻ കരുതുന്നില്ല.”- ശ്രീകാന്ത് പറയുന്നു.

നിലവിൽ ഇന്ത്യ തങ്ങളുടെ സീനിയർ താരങ്ങൾക്ക് ട്വന്റി20കളിൽ നിന്ന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. രോഹിത് ശർമയും വിരാട് കോഹ്ലിയുമടക്കമുള്ള സീനിയർ താരങ്ങളെ ഇന്ത്യ ട്വന്റി20 ലോകകപ്പിന് ശേഷം മാറ്റി നിർത്തുകയുണ്ടായി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലും ഇത്തരം സീനിയർ താരങ്ങളൊന്നും കളിക്കുന്നില്ല. ഹർദിക് പാണ്ട്യയുടെ നേതൃത്വത്തിൽ യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ മൈതാനത്തിറങ്ങുക. കഴിഞ്ഞവർഷം ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിലായിരുന്നു രോഹിത് ശർമയും വിരാട് കോഹ്ലിയും അവസാനമായി ഇന്ത്യക്കായി ട്വന്റി20 കളിച്ചത്.

എന്നിരുന്നാലും ഇപ്പോഴും ഔദ്യോഗികമായി ഇന്ത്യയുടെ ട്വന്റി20 നായകൻ രോഹിത് ശർമ തന്നെയാണ്. എന്നാൽ കഴിഞ്ഞ സമയങ്ങളിലൊട്ടാകെ ഇന്ത്യയെ നയിച്ചത് ഹർദിക് പാണ്ട്യയുമാണ്. 2023 ഏകദിന ലോകകപ്പിനുശേഷം ഹർദിക് പാണ്ഡ്യയിലേക്ക് ഏകദിനനായക സ്ഥാനവും എത്തിച്ചേരും എന്നാണ് പല മുൻ താരങ്ങളും പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ മികച്ച പ്രകടനങ്ങൾ നടത്തി ഇന്ത്യൻ സെലക്ടർമാരെ സ്വാധീനിക്കേണ്ടത് രോഹിത്തിന്റെ കടമയാണ്.

Previous articleലോകകപ്പിന്റെ സെമിയിലെത്തുന്നത് ഈ ടീമുകൾ. വമ്പൻ പ്രവചനവുമായി സൗരവ് ഗാംഗുലി.
Next articleസഞ്ചു സ്വാർത്ഥനല്ല, സ്വന്തം കാര്യത്തെക്കാൾ ടീമിന് പ്രാധാന്യം നൽകുന്നു.. പ്രശംസയുമായി യുവതാരം.