ലോകകപ്പിന്റെ സെമിയിലെത്തുന്നത് ഈ ടീമുകൾ. വമ്പൻ പ്രവചനവുമായി സൗരവ് ഗാംഗുലി.

ganguly

2023 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ എത്താൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാൻഡ്, പാക്കിസ്ഥാൻ എന്നീ ടീമുകളാണ് സെമിഫൈനലിലെത്താൻ കൂടുതൽ സാധ്യതകയുള്ളത് എന്ന് സൗരവ് ഗാംഗുലി പറയുന്നു. ഇന്ത്യൻ ടീമിൽ വലിയ പ്രതീക്ഷ വെച്ചുകൊണ്ടാണ് ഗാംഗുലി ഇക്കാര്യം പ്രസ്താവിച്ചത്. ഒപ്പം 2023 ലോകകപ്പിൽ സെമിഫൈനലിൽ എത്താൻ സാധ്യതയുള്ള ടീമുകൾ പ്രവചിക്കുക എന്നത് അതികഠിനമാണെന്നും സൗരവ് ഗാംഗുലി പറയുകയുണ്ടായി.

“ഏതൊക്കെ ടീമുകൾ സെമിയിൽ എത്തുമെന്ന് പറയുന്നത് അതികഠിനമാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ ടീമുകൾ എന്തായാലും സെമിയിലെത്തും. ഒപ്പം വലിയ മത്സരങ്ങളിൽ ന്യൂസിലാൻഡിനെയും നമുക്ക് വിലകുറച്ച് കാണാൻ സാധിക്കില്ല. ഇവർക്കൊപ്പം പാക്കിസ്ഥാനെയും ഞാൻ തിരഞ്ഞെടുക്കുകയാണ്. പാക്കിസ്ഥാൻ സെമിഫൈനലിൽ യോഗ്യത നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ സെമിഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഈഡൻ ഗാർഡൻസിൽ വച്ച് ഏറ്റുമുട്ടും.”- സൗരവ് ഗാംഗുലി പറയുന്നു.

ഇതിനൊപ്പം ഐസിസി ഇവന്റുകളിൽ വലിയ മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെടുന്നതിനെപ്പറ്റിയും ഗാംഗുലി പറയുകയുണ്ടായി. “ചില നിർണായകമായ മത്സരങ്ങളിൽ നമ്മൾ അത്ര മികച്ച പ്രകടനമല്ല കാഴ്ചവച്ചിട്ടുള്ളത്. അത് മാനസിക സമ്മർദ്ദംകൊണ്ടാണ് എന്ന് ഞാൻ കരുതുന്നില്ല. നമ്മുടെ തന്ത്രങ്ങൾ പാളുന്നത് കൊണ്ടാണ്. ഇന്ത്യൻ താരങ്ങളൊക്കെയും മാനസികമായി ശക്തരാണ്. എന്തായാലും ഈ ടൂർണമെന്റിൽ അത്തരത്തിൽ ഇന്ത്യ നോക്ക്ഔട്ടിൽ പുറത്താവില്ല എന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് നമ്മൾ യോഗ്യത നേടിയിരുന്നു. അത് വലിയൊരു ബഹുമതി തന്നെയാണ്. 2023 ലോകകപ്പിലും നമുക്ക് സാധ്യതകളുണ്ട്. ഒരുപാട് നല്ല കളിക്കാർ ടീമിൽ അണിനിരക്കുന്നുണ്ട്. ഇത്തവണ ഇന്ത്യ കിരീടം നേടും എന്ന് പ്രതീക്ഷിക്കുന്നു.”- ഗാംഗുലി കൂട്ടിച്ചേർത്തു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“സമ്മർദ്ദം എന്തായാലുമുണ്ടാകും. മുൻപ് ഇന്ത്യ കളിക്കുന്ന സമയത്തും സമ്മർദ്ദം ഉണ്ടായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ 5 സെഞ്ച്വറികളാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. അന്നും അയാളിൽ ഒരുപാട് സമ്മർദ്ദമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സമ്മർദ്ദം എന്നത് ഒരു പ്രശ്നമല്ല. വിജയത്തിലേക്ക് ഒരു വഴി ഇന്ത്യ കണ്ടെത്തുമെന്നാണ് ഞാൻ കരുതുന്നത്. കളിക്കുന്ന സമയത്തും ദ്രാവിഡ് ഒരുപാട് സമ്മർദ്ദങ്ങളിലൂടെ കടന്നു വന്നതാണ്. ഇപ്പോൾ അയാൾ ടീമിന്റെ കോച്ചാണ്. അതിനാൽ തന്നെ അയാൾ അത് മറികടക്കുമെന്ന് ഞാൻ കരുതുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ സമ്മർദ്ദം ഒരു പ്രശ്നമായി ഞാൻ കരുതുന്നില്ല.”- ഗാംഗുലി പറഞ്ഞുവെക്കുന്നു.

Scroll to Top