രോഹിത് ഉഗ്രൻ നായകൻ, അവന് കീഴിൽ ഇന്ത്യ കിരീടം നേടും. പ്രതീക്ഷകൾ പങ്കുവയ്ച്ച് സൗരവ് ഗാംഗുലി.

2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പോരിനിറങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിന് മുൻപായി ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. രോഹിത് ശർമയുടെ കാര്യത്തിലേക്ക് വരുമ്പോൾ തനിക്ക് വലിയ ആഹ്ലാദമുണ്ട് എന്നാണ് സൗരവ് ഗാംഗുലി പറയുന്നത്.

ഈ ടൂർണമെന്റിൽ ഇന്ത്യയുടെ മികച്ച പ്രകടനത്തിൽ പ്രധാന പങ്കുവഹിച്ചത് രോഹിത്തിന്റെ നായകത്വ മികവാണ് എന്ന് സൗരവ് ഗാംഗുലി ചൂണ്ടിക്കാട്ടുകയുണ്ടായി. മാത്രമല്ല ഈ ടൂർണമെന്റിൽ ഇന്ത്യ കിരീടം സ്വന്തമാക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഗാംഗുലി ഇപ്പോൾ.

“രോഹിത്തിന്റെ കാര്യത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. 6 മാസങ്ങൾക്ക് മുൻപ് അവൻ മുംബൈ ഇന്ത്യൻസിന്റെ പോലും നായകനായിരുന്നില്ല. അങ്ങനെയുള്ള രോഹിത് ഇതിനോടകം ഇന്ത്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചിരിക്കുന്നു. ഒരു പരാജയം പോലും അറിയാതെയാണ് ഇന്ത്യ ഇവിടെ എത്തിയത് എന്ന് നമ്മൾ ഓർക്കണം. ഇന്ത്യയെ തുടർച്ചയായി 2 ലോകകപ്പ് ഫൈനലുകളിൽ എത്തിക്കാൻ രോഹിത്തിന് സാധിച്ചു.”

“ഈ 2 ഫൈനലുകളിലും നമ്മൾ പരാജയമറിയാതെയാണ് എത്തിയത്. അത് അവന്റെ നായകത്വ മികവ് തന്നെയാണ് കാട്ടിത്തരുന്നത്. ഞാൻ ബിസിസിഐ പ്രസിഡന്റ് ആയിരുന്ന സമയത്താണ് രോഹിത് ശർമ നായക സ്ഥാനം ഏറ്റെടുത്തത്. അന്ന് വിരാട് കോഹ്ലിക്ക് പകരക്കാരനായിയായിരുന്നു രോഹിത് വന്നത്.”- ഗാംഗുലി പറയുന്നു.

“രോഹിത്തിനെ നായകനായി നിയമിക്കാൻ ഞങ്ങൾക്ക് ഒരുപാട് സമയം ആവശ്യമായി വന്നു. കാരണം നായകനാവാൻ അവൻ ഒരിക്കലും തയ്യാറായിരുന്നില്ല. ഒരുപാട് രീതിയിൽ അവനെ പറഞ്ഞു മനസ്സിലാക്കിയതിന് ശേഷമാണ് ക്യാപ്റ്റൻസി ഏറ്റെടുക്കാമെന്ന് അവൻ തീരുമാനിച്ചത്. അവന്റെ കീഴിൽ ഇന്ത്യ ഇത്ര മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് കാണുമ്പോൾ യഥാർത്ഥത്തിൽ എനിക്ക് വലിയ സന്തോഷമാണ് ഉള്ളത്.”

മാത്രമല്ല കേവലം 7 മാസങ്ങൾക്കിടയിൽ 2 ലോകകപ്പ് ഫൈനലുകളിൽ രോഹിത് പരാജയപ്പെടും എന്ന് ഞാൻ കരുതുന്നുമില്ല. അങ്ങനെയെങ്കിൽ ഒരുപക്ഷേ അവൻ ബാർബഡോസ് നദിയിലേക്ക് എടുത്തു ചാടാൻ പോലും സാധ്യതയുണ്ട്.”- ഗാംഗുലി തമാശ രൂപേണ പറഞ്ഞു.

GQsn1RGbkAEXPeq

“ഈ ടൂർണമെന്റിൽ ഇന്ത്യയെ മുൻപിൽ നിന്ന് നയിക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. അവിസ്മരണീയ ബാറ്റിംഗ് പ്രകടനങ്ങളും അവൻ കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നാളെയും അവനത് തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇന്ത്യ കൃത്യമായ തീരുമാനങ്ങൾ എടുക്കുകയും വളരെ സ്വാതന്ത്രത്തോടെ മത്സരത്തിൽ കളിക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു. ഇതുവരെ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ.”

“അവരുടെ കൂടെ ഭാഗ്യമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ വിജയിക്കണമെന്ന് ഞാൻ കരുതുന്നു. വലിയ ടൂർണമെന്റുകളിൽ വിജയം സ്വന്തമാക്കാൻ നമുക്ക് ഭാഗ്യവും ആവശ്യമാണ്. അത് ഇന്ത്യക്കൊപ്പം ഉണ്ടാകുമെന്നാണ് ഞാൻ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്.”- ഗാംഗുലി പറഞ്ഞുവെക്കുന്നു.

Previous article“രോഹിത് കിരീടമർഹിയ്ക്കുന്നു. സ്വാർത്ഥതയില്ലാതെ ടീമിനായി അവൻ കളിക്കുന്നു “- ശൊഐബ് അക്തർ.
Next article2023 ലോകകപ്പ് കിരീടം കിട്ടിയിരുന്നേൽ കോഹ്ലിയും രോഹിതും അന്ന് വിരമിച്ചേനെ : സേവാഗ്