മത്സരത്തിനിടെ രോഹിത് ദേഷ്യപ്പെടും, ചീത്തവിളിക്കും. അത്ര കൂളല്ല : മുഹമ്മദ്‌ ഷമി.

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തതോടെ രോഹിത് ശർമയുടെ ക്യാപ്റ്റൻസി വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മൈതാനത്ത് ശാന്തതയോടെ കളിക്കുകയും, കൂടുതൽ വിജയങ്ങൾക്കായി ആഗ്രഹിക്കുകയും ചെയ്യുന്ന രോഹിത് ശർമയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ രോഹിത് ശർമയ്ക്ക് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും മുഹമ്മദ് ഷാമിയും.

രോഹിത് ശർമയുടെ കൃത്യമായ സമീപനങ്ങളാണ് ഇന്ത്യയുടെ സമീപകാലത്തെ വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ചത് എന്ന് ഇരുവരും പറയുകയുണ്ടായി. മൈതാനത്ത് ദേഷ്യം വരുന്ന സമയത്ത് കൃത്യമായി താരങ്ങളോട് രോഹിത് ദേഷ്യപ്പെടാറുണ്ട് എന്നും ഷാമി പറഞ്ഞു.

എല്ലാ സാഹചര്യങ്ങളിലും കൃത്യമായി തന്ത്രങ്ങൾ രൂപീകരിക്കുന്ന നായകനാണ് രോഹിത് ശർമ എന്ന് ഷാമി കരുതുന്നു. എന്നാൽ തന്ത്രങ്ങൾ കൃത്യമായി ഫലവത്താക്കാൻ സാധിച്ചില്ലെങ്കിൽ രോഹിത് ദേഷ്യപ്പെടാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. “ഒരു ക്യാപ്റ്റൻ എന്ന നിലയ്ക്ക് കളിക്കാർക്ക് ആവശ്യമായ സ്വാതന്ത്ര്യം രോഹിത് ശർമ തരാറുണ്ട്. എന്നാൽ രോഹിത്തിന്റെ പ്രതീക്ഷക്കൊത്ത് താരങ്ങൾ ഉയരാതെ വരികയോ, കൃത്യമായി തന്ത്രങ്ങൾ ഫലവത്താക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ രോഹിത് ദേഷ്യപ്പെടും.”- മുഹമ്മദ് ഷാമി പറയുകയുണ്ടായി.

മുഹമ്മദ് ഷാമിയുടെ ഈ അഭിപ്രായത്തോട് അങ്ങേയറ്റം യോജിപ്പ് പ്രകടിപ്പിച്ചാണ് ശ്രേയസ് അയ്യർ സംസാരിച്ചത്. രോഹിതിന് കൃത്യമായി താരങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവുണ്ട് എന്ന് അയ്യർ പറഞ്ഞു. “ഷാമി പറഞ്ഞത് കൃത്യമായ കാര്യമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ രോഹിത് ശർമ ഏതുതരത്തിൽ പ്രതികരിക്കുമെന്ന് ഞങ്ങൾക്ക് ഇപ്പോൾ നന്നായി അറിയാം. മറ്റൊരു സാഹചര്യത്തിൽ മറ്റൊരു രീതിയിലാവും രോഹിത് പ്രതികരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹത്തിന്റെ കീഴിൽ കളിക്കുന്നത് കൊണ്ടുതന്നെ അദ്ദേഹത്തെ മനസ്സിലാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഏത് തരത്തിലാണ് കാര്യങ്ങളെ രോഹിത് നോക്കിക്കാണുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലാവും.”- ശ്രേയസ് പറഞ്ഞു.

മൈതാനത്ത് എല്ലായിപ്പോഴും തന്റെ സ്വന്തം വ്യക്തിത്വത്തോടെ തുടരാനാണ് തനിക്ക് താല്പര്യമെന്ന് രോഹിത് പറഞ്ഞിരുന്നു. മത്സരങ്ങൾക്കിടയിൽ തന്റേതായ രീതിയിൽ പെരുമാറാനാണ് താല്പര്യമെന്നും രോഹിത് പറയുകയുണ്ടായി. ഇനിയും ഇത്തരത്തിൽ തന്നെ തുടരാനാണ് തനിക്ക് താല്പര്യമെന്ന് രോഹിത് പറയുന്നു. ഇനി രോഹിതിന് മുൻപിലുള്ള അടുത്ത ദൗത്യം ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ്. ഈ പരമ്പരയിൽ വിജയം സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് അടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം.

Previous articleസ്റ്റാർക്കും ബോൾട്ടുമല്ല, ലോകത്തിലെ ഏറ്റവും മികച്ച ബോളർ അവനാണ്. ഇന്ത്യൻ പേസറെ പറ്റി ടിം സൗത്തി.
Next articleബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന മധ്യനിര ബാറ്റർമാർ. ദുബെ അടക്കം 3 പേർ ലിസ്റ്റിൽ.