ഇന്ത്യൻ പ്രീമിയർ ലീഗിലെ ശക്തരായ രണ്ട് നായകന്മാരാണ് രോഹിത് ശർമയും മഹേന്ദ്ര സിംഗ് ധോണിയും. രോഹിത് ശർമ മുംബൈ ഇന്ത്യൻസിനെ അഞ്ചു തവണയാണ് കിരീടത്തിൽ എത്തിച്ചിട്ടുള്ളത്. മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിങ്സിനെ നാല് തവണ കിരീടത്തിൽ എത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇരുവരും മൈതാനത്ത് ഇറങ്ങുമ്പോൾ ആരാധകരുടെ ഒരു ആവേശപ്രവാഹം തന്നെയാണ് കാണാറുള്ളത്. എന്നാൽ പലപ്പോഴും മൈതാനത്ത് മഹേന്ദ്ര സിംഗ് ധോണിക്ക് കിട്ടുന്ന അംഗീകാരം രോഹിത് ശർമ്മയ്ക്ക് കിട്ടാറില്ല എന്നാണ് മുൻ ഇന്ത്യൻ നായകനായ സുനിൽ ഗവാസ്കർ പറയുന്നത്. രോഹിത് എല്ലായിപ്പോഴും ഒരു അണ്ടർറേറ്റഡ് ക്രിക്കറ്ററാണ് എന്ന് ഗവാസ്കർ പറയുന്നു.
“എല്ലാംകൊണ്ടും രോഹിത് ഒരു അണ്ടർ റേറ്റഡ് ക്രിക്കറ്ററാണ്. മുംബൈ ഇന്ത്യൻസ് ടീമിനായി അഞ്ചു തവണയാണ് രോഹിത് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. എലിമിനേറ്ററിൽ ഓവർ ദ് വിക്കറ്റിൽ പന്തറിഞ്ഞായിരുന്നു മദ്ൽ വാ ആയുഷ് ബഡോണിയുടെ വിക്കറ്റ് സ്വന്തമാക്കിയത്. ശേഷം ലക്നൗവിന്റെ ഇടംകയ്യാൻ ബാറ്ററായ നിക്കോളാസ് പൂരന്റെ വിക്കറ്റ് എടുത്തതും വ്യത്യസ്തമായ രീതിയിലായിരുന്നു. ഇതിന്റെയൊക്കെയും ക്രെഡിറ്റ് രോഹിത് അർഹിക്കുന്നത് തന്നെയാണ്. ഇത് രോഹിത്തിന്റെ മികവാണ്.”- ഗവാസ്കർ പറയുന്നു.
“ഈ സാഹചര്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ധോണിയുമായിരുന്നു എങ്കിൽ എല്ലാവരും അതിന്റെ അംഗീകാരം ധോണിക്ക് നൽകുമായിരുന്നു. നിക്കോളാസ് പൂരനെ പുറത്താക്കാൻ ധോണി ആസൂത്രണം ചെയ്തതാണ് എന്ന് പറഞ്ഞേനെ. പക്ഷേ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് അങ്ങനെയല്ല. രോഹിത് ശർമ ആയതിനാൽ തന്നെ ആരും അങ്ങനെയൊന്നും പറയുന്നില്ല. അംഗീകാരം നൽകുന്നതുമില്ല.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം ക്വാളിഫയറിന് ഇറങ്ങുകയാണ് മുംബൈ ഇന്ത്യൻസ് ഇപ്പോൾ. നിലവിലെ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രോഹിത് ശർമയുടെ ടീം ഇറങ്ങുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിൽ വിജയം നേടിയാൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഫൈനലിൽ പോരാടാൻ മുംബൈയ്ക്ക് സാധിക്കും. ആറാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്.