ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ 29 റണ്‍സിനു തോല്‍പ്പിച്ചു രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തി. രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 115 റണ്‍സിനു എല്ലാവരും പുറത്തായി. 125 എത്തുമോ എന്ന് സംശയിച്ച സ്കോര്‍ റിയാന്‍ പരാഗിന്‍റെ രക്ഷാപ്രവര്‍ത്തനമാണ് രാജസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.
തിരികെ ഫീല്‍ഡിങ്ങില്‍ പതിവുപോലെ മികച്ച പ്രകടനവും അസം താരം നടത്തി. ആദ്യമേ തന്നെ കോഹ്ലിയുടെ ക്യാച്ച് നേടിയ താരം പിന്നീട് 3 ക്യാച്ചുകള്‍ കൂടി നേടി. ബൗണ്ടറിയരികില്‍ വളരെ പ്രയാസമുള്ള ക്യാച്ചുകള്‍ പോലും വളരെ സിംപിളായി തോന്നത്തക്ക വിധമാണ് യുവതാരത്തിന്‍റെ ഫീല്‍ഡിങ്ങ്.
നിലയുറപ്പിച്ച ഷഹബാസിനെ പിടികൂടാനുള്ള ക്യാച്ച് ആരും പിടിക്കില്ലാ എന്ന് തോന്നിച്ചെങ്കിലും ബൗണ്ടറിയരികില്‍ നിന്നും ഓടിയെത്തിയ പരാഗ് ഡൈവിലൂടെ ക്യാച്ച് നേടി. നേരത്തെ ബാറ്റിംഗില്‍ 31 പന്തില്‍ 3 ഫോറും 4 സിക്സും അടക്കം 56 റണ്‍സാണ് നേടിയത്.
ഒരു ഐപിഎല്‍ മത്സരത്തില്‍ 50 റണ്‍സും 4 ക്യാച്ചും എടുക്കുന്ന മൂന്നാമത്തെ താരമാണ് റിയാന്‍ പരാഗ്. നേരത്തെ ജാക്ക് കാലീസ്, ആഡം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയട്ടുള്ളത്.