റിഷഭ് പന്ത് തലമുറയുടെ താരം. സഞ്ജുവിനെ ഒഴിവാക്കിയതിൽ തെറ്റില്ല.. ആകാശ് ചോപ്ര പറയുന്നു.

2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ 2 വിക്കറ്റ് കീപ്പർമാരാണ് ഉൾപ്പെടുന്നത്. പക്ഷേ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. രാഹുൽ, പന്ത് എന്നീ വിക്കറ്റ് കീപ്പർമാരെയാണ് ഇന്ത്യ ഇത്തവണ പരിഗണിച്ചിരിക്കുന്നത്.

സഞ്ജുവിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ആയ ആകാശ് ചോപ്ര.

റിഷഭ് പന്ത് തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജുവിന് പകരം ടീമിൽ എത്തേണ്ടിയിരുന്നത് എന്ന് ആകാശ് ചോപ്ര പറയുന്നു. ഇതിന്റെ കാരണവും വിശദീകരിക്കാൻ ചോപ്ര മറന്നില്ല. “ഈ ജനറേഷനിലെ ഏറ്റവും വലിയ പ്രതിഭയുള്ള വിക്കറ്റ് കീപ്പറെയാണ് നമ്മൾ സ്ക്വാഡിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. സഞ്ജുവിനെ ഇത്തവണ ടീമിൽ പരിഗണിച്ചിട്ടില്ല. സഞ്ജു ആണോ പന്താണോ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ കളിക്കാൻ അർഹൻ എന്ന ചോദ്യം ഉറപ്പായും ഉയർന്നുവരും. കാരണം മത്സരം നടക്കുന്നത് ഇരുവരും തമ്മിലാണ്. പക്ഷേ ആരെ തിരഞ്ഞെടുത്താലും ഒരാൾ പുറത്തിരിക്കേണ്ടി വരും എന്നതാണ് വസ്തുത.”- ചോപ്ര പറയുന്നു.

“ഈ തീരുമാനം സെലക്ടർമാർ ഒരുപാട് ചിന്തിച്ചെടുത്തത് ആയിരിക്കും. ഒരു തലമുറയിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന തരത്തിലുള്ള താരമാണ് റിഷഭ് പന്ത്. ഇന്ത്യൻ ചരിത്രത്തിലെ മികച്ച വിക്കറ്റ് കീപ്പർമാർക്ക് തങ്ങളുടെ കരിയറിൽ സാധിക്കാതിരുന്ന പല നേട്ടങ്ങളും 25 വയസ്സിനുള്ളിൽ നേടിയെടുത്ത താരമാണ് പന്ത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിരന്തരം റൺസ് കണ്ടെത്താനും മികവ് പുലർത്താനും പന്തിന് സാധിച്ചിരുന്നു. എന്നിരുന്നാലും നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇതുവരെയും സ്ഥിരതയാർന്ന പ്രകടനങ്ങൾ പന്ത് കാഴ്ചവച്ചിട്ടില്ല. ഇനിയും പന്തിന് കൂടുതൽ അവസരങ്ങൾ നൽകേണ്ടതുണ്ട്. പന്തിന് സ്ക്വാഡിൽ ഇടം ലഭിച്ചതിൽ എനിക്ക് വലിയ അത്ഭുതമില്ല.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

എന്നിരുന്നാലും കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. ഇന്ത്യയ്ക്കായി കളിച്ച അവസാന ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടാൻ സഞ്ജുവിന് സാധിച്ചിരുന്നു. മാത്രമല്ല ട്വന്റി20 ക്രിക്കറ്റിൽ തന്റെ അവസാന പരമ്പരയിൽ 2 സെഞ്ചുറികളാണ് മലയാളി താരം സ്വന്തമാക്കിയത്. പക്ഷേ ഇത്തവണ വിജയ് ഹസാരെ ട്രോഫിയിൽ അടക്കം കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇത് സഞ്ജുവിന്റെ ചാമ്പ്യൻസ് ട്രോഫിയിലെ സ്ഥാനത്തെയും ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.