ക്രിക്കറ്റ് ലോകത്തെ വളരെ അധികം ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനവും ഒഴിഞ്ഞത്. എല്ലാവരിലും അമ്പരപ്പ് സൃഷ്ടിച്ച ഈ തീരുമാനത്തിന് പിന്നാലെ ആരാകും അടുത്ത ടെസ്റ്റ് നായകൻ എന്നുള്ള ചർച്ചകൾ ഇതിനകം തന്നെ സജീവമായി മാറി കഴിഞ്ഞു. ടീം ഇന്ത്യയെ നയിച്ച ടെസ്റ്റ് ക്യാപ്റ്റൻമാരിൽ ഏറ്റവും മികച്ച റെക്കോർഡുള്ള വിരാട് കോഹ്ലിക്ക് പകരം ആര് ടെസ്റ്റ് നായകൻ റോളിൽ എത്തുമെന്നത് ശ്രദ്ധേയമാണ്. സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ 2-1ന് തോറ്റ ശേഷമാണ് വിരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞത്.
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായി ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പരകൾ കളിക്കുകയാണ്.എന്നാൽ ടെസ്റ്റ് ക്യാപ്റ്റൻ റോളിൽ ഏറ്റവും അധികം സാധ്യതകൾ കൽപ്പിക്കപെടുന്നത് രോഹിത് ശർമ്മക്ക് തന്നെയാണ്. ഏകദിന, ടി :20 നായകൻ റോളിലേക്ക് നിയമിതനായ രോഹിത് ടെസ്റ്റ് ക്യാപ്റ്റനാകാനാണ് സാധ്യത. നിലവിൽ ടെസ്റ്റ് ടീം ഉപനായകനാണ് രോഹിത് ശർമ്മ
എന്നാൽ രോഹിത്തിനെ ടെസ്റ്റ് നായകൻ റോളിലേക്ക് എത്തിക്കരുതെന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. റിഷാബ് പന്തിനെ ക്യാപ്റ്റനായി കൊണ്ടുവരണമെന്നാണ് സുനിൽ ഗവാസ്ക്കറുടെ അഭിപ്രായം.മൂന്ന് ഫോർമാറ്റിലും സ്വാഭാവിക നായകനായി രോഹിത് ശർമ്മക്കാണ് സാധ്യതകൾ എന്നും സുനിൽ ഗവാസ്ക്കർ നിരീക്ഷണം നടത്തുന്നു.
“സെലക്ഷൻ കമ്മിറ്റിയിൽ ധാരാളം ചർച്ചകൾക്കുള്ള സാധ്യതകൾ കാണുന്നുണ്ട്. ആരാകും ഇന്ത്യൻ ടീമിനെ ഭാവിയിൽ നയിക്കുകയെന്നത് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ആലോചിക്കും.3 ഫോർമാറ്റിലും ഒരാൾ നായകനായി എത്താനാണ് സാധ്യത. എന്നാൽ ഞാൻ മറ്റൊരാളുടെ പേരാണ് ടെസ്റ്റ് ക്യാപ്റ്റനായി നിർദ്ദേശിക്കുക “ഗവാസ്ക്കർ അഭിപ്രായം വ്യക്തമാക്കി.
“ടെസ്റ്റ് ക്യാപ്റ്റനായി എത്താൻ ഞാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് റിഷാബ് പന്തിനെയാണ്. എന്റെ വിശ്വാസം അദ്ദേഹത്തിന്റെ ബാറ്റിംഗ് അടക്കം ഇതോടെ മാറിയേക്കാം. നമ്മൾ കണ്ടതാണ് റിക്കി പോണ്ടിങ് തന്റെ മുംബൈ ഇന്ത്യൻസിലെ ക്യാപ്റ്റൻസി രോഹിത് ശർമ്മക്ക് നൽകിയത്.
ഇതിന് ശേഷം രോഹിത്തിൽ വന്നിട്ടുള്ള മാറ്റം വലുതാണ്. നമ്മൾ എല്ലാം തന്നെ അത് കണ്ടതാണ് . എനിക്കും വിശ്വാസമുണ്ട് ക്യാപ്റ്റൻ പദവി ലഭിച്ചാൽ കേപ്ടൗണിലെ പോലെ കൂടുതൽ ഉത്തരവാദിത്വമുള്ള ഇന്നിങ്സുകൾ റിഷാബ് പന്തിൽ നിന്നും പിറക്കും ” സുനിൽ ഗവാസ്ക്കർ വളരെ ഏറെ വാചാലനായി.