ലോർഡ്സ് ടെസ്റ്റിലെ ചരിത്രജയത്തിന് പിന്നാലെ ലീഡ്സിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പൂർണ്ണമായി നിരാശ സമ്മാനിക്കുന്ന കാഴ്ചകളാണ് സംഭവിച്ചത്. ലീഡ്സിൽ ഒന്നാം ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ വിരാട് കോഹ്ലിക്ക് പ്രതീക്ഷിച്ചതിൽ നിന്നും ഭിന്നമായി ബാറ്റിങ് നിരയുടെ പൂർണ്ണ തകർച്ചയാണ് കാണേണ്ടി വന്നത്. ഒന്നാം ദിനം 40.4 ഓവറിൽ വെറും 78 റൺസിന് എല്ലാ വിക്കറ്റും നഷ്ടമായ ഇന്ത്യൻ ടീമിന് നാണക്കേടിന്റെ അപൂർവ്വമായ ചില റെക്കോർഡുകൾക്ക് കൂടി കാരണമായി മാറേണ്ടി വന്നു. ഒന്നാം ദിനത്തിൽ ബാറ്റിങ് നിരയും ബൗളിംഗ് പടയും തോൽവി സമ്മതിച്ചപ്പോൾ നായകൻ കോഹ്ലിയും ഏറെ വിഷമത്തോടെയാണ് ഫീൽഡിൽ കാണപ്പെട്ടത്. താരം ഏഴ് റൺസാണ് ഒന്നാം ഇന്നിങ്സിൽ അടിച്ചെടുത്തത്.
എന്നാൽ മത്സരത്തിനിടയിൽ ഇന്ത്യൻ ടീം ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് നേരെ കാണികളിൽ ചിലർ പിങ്ക് നിറത്തിൽ ഒരു ബോൾ എറിഞ്ഞത് വിവാദമായി മാറി കഴിഞ്ഞു. ബൗണ്ടറി ലൈനരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന താരത്തിന് നേരെയാണ് ചില ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആരാധകരായ കാണികൾ ഇത്തരത്തിൽ മോശം പ്രവർത്തി കാണിച്ചത്. സിറാജും കാണികളും തമ്മിലുണ്ടായ വാക് പോര് നായകൻ വിരാട് കോഹ്ലിയെയും വളരെ ഏറെ ദേഷ്യത്തിലാക്കിയെന്നത് മത്സരം കാണുമ്പോൾ വ്യക്തമായിരുന്നു.ഇപ്പോൾ എന്താണ് സ്കോർ എന്നുള്ള ഇംഗ്ലണ്ടിലെ കാണികളിൽ ചിലരുടെ ചോദ്യത്തിന് ഇപ്പോഴും ഇന്ത്യൻ ടീം തന്നെയാണ് ടെസ്റ്റ് പരമ്പരയിൽ 1-0ന് ബഹുദൂരം മുൻപിൽ നിൽക്കുന്നത് എന്ന തരത്തിൽ താരം ആംഗ്യം കാണിച്ചത് ഏറെ തരംഗമായി മാറിയിരുന്നു.മത്സരത്തിനിടയിൽ കോഹ്ലി കാണികളുടെ ഈ പ്രവർത്തിയിൽ ഏറെ ദേഷ്യത്തിലായിരുന്നു എന്നും തുറന്ന് പറയുകയാണ് വിക്കറ്റ് കീപ്പർ റിഷാബ് പന്ത്
മത്സരത്തിന് ശേഷം പ്രസ്സ് മീറ്റിൽ തുറന്ന് സംസാരിക്കവേയാണ് റിഷാബ് പന്ത് അഭിപ്രായം വിശദമാക്കിയത് “സിറാജിന് നേരെ കാണികൾ ബൗൾ അടക്കമെന്തോ എറിഞ്ഞത് കോഹ്ലിക്ക് ഇഷ്ടപെട്ടില്ല. സ്ലിപ്പിൽ നിന്നിരുന്ന അദ്ദേഹം പിന്നീട് അസ്വസ്ഥതനായിട്ടാണ് എനിക്ക് ശേഷം തോന്നിയത്.ഇംഗ്ലണ്ട് കാണിക്കളിൽ നിന്നും സംഭവിച്ചത് ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒരു സംഭവമാണ് “റിഷാബ് പന്ത് നിലപാട് വ്യകതമാക്കി. നേരത്തെ കാണികളിൽ ചിലരുടെ ഭാഗത്ത് നിന്നും സംഭവിച്ച മോശം പ്രവർത്തിയിൽ സിറാജ് അമ്പയർമാരോട് പരാതി പറഞ്ഞിരുന്നു.