ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശത്തിനുശേഷം ക്രിക്കറ്റിന്റെ മുഴുവൻ ശ്രദ്ധകളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് നീങ്ങുകയാണ്. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കുന്നത്. ഫൈനലിൽ ശക്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ ഏതുതരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ മറികടക്കും എന്ന സംശയത്തിലാണ് ആരാധകർ. എന്നാൽ ഇതിനിടെ ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ സൂപ്പർ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഉടൻതന്നെ ടീമിൽ തിരികെയെത്തുമെന്ന വാർത്തയാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
മുൻപ് പന്തിന്റെ തിരിച്ചുവരവിന് കുറച്ചധികം സമയമെടുക്കുമെന്ന രീതിയിലായിരുന്നു വാർത്തകളാണ് പുറത്തുവന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ പന്ത് കളിക്കളത്തിലെത്തും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞവർഷമായിരുന്നു റിഷഭ് പന്തിന് വലിയ രീതിയിൽ ഒരു കാറപകടം ഉണ്ടായത്. ഗുരുതരമായ പരിക്കയിരുന്നു പന്തിന് പറ്റിയത്. അപകടത്തിൽ കാർ പൂർണമായും കത്തിയമരുകയുണ്ടായി. ശേഷമായിരുന്നു പന്തിനെ അടിയന്തര സാഹചര്യത്തിൽ ചികിത്സയ്ക്ക് വിധേയനാക്കിയത്.
ശേഷം ബിസിസിഐ പന്തിന്റെ ചികിത്സ പൂർണമായും ഏറ്റെടുക്കുകയായിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിൽ തന്നെ പന്തിന് തന്റെ പരിക്ക് ഭേദമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പന്തിന് ഇനിയൊരു സർജറിയുടെ ആവശ്യം വരുന്നില്ല. അതിനാൽ തന്നെ കളിക്കളത്തിൽ വളരെ നേരത്തെ തന്നെ പന്തിന് തിരിച്ചെത്താൻ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും ഏകദിന ലോകകപ്പിന് മുൻപ് തന്നെ പന്ത് ടീമിൽ തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇന്ത്യൻ ടീമിൽ വലിയ അഭാവം തന്നെയായിരുന്നു പന്തിന്റെ പരിക്ക് മൂലമുണ്ടായത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുമ്പോൾ വലിയ തിരിച്ചടി തന്നെയാണ് പന്തിന്റെ അഭാവം. പ്രധാനമായും വിദേശ സാഹചര്യങ്ങളിൽ ഇന്ത്യൻ നിരയിൽ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന ക്രിക്കറ്ററാണ് പന്ത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പന്തിന് പകരക്കാരനായി കെ എസ് ഭരതിനേയും ഇഷാൻ കിഷനെയുമാണ് ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്.