സിഡ്‌നിയിൽ “പന്താ”ട്ടം.. 29 പന്തിൽ ഹാഫ് സെഞ്ച്വറി.. റെക്കോർഡുകൾ തകർത്ത ഇന്നിങ്സ്..

സിഡ്നിയിൽ ഓസ്ട്രേലിയൻ ടീമിനെ കടന്നാക്രമിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഒരു ട്വന്റി20 മത്സരത്തിന് സമാനമായ രീതിയിൽ പൂർണ്ണ ആക്രമണം അഴിച്ചുവിട്ടാണ് സിഡ്‌നി ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയെ പന്ത് ഞെട്ടിച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ പ്രതിസന്ധിഘട്ടത്തിൽ നിൽക്കുമ്പോൾ ആയിരുന്നു പന്ത് ക്രീസിലെത്തിയത്.

എന്നാൽ നേരിട്ട ആദ്യ ബോളിൽ തന്നെ ഒരു കിടിലൻ സിക്സർ പറത്തിയാണ് പന്ത് തന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. ശേഷം ഓസ്ട്രേലിയയുടെ എല്ലാ ബോളർമാർക്കും എതിരെ പൂർണ്ണമായ ആക്രമണം അഴിച്ചുവിടാൻ താരത്തിന് സാധിച്ചു. കേവലം 29 ബോളുകളിൽ നിന്നാണ് പന്ത് മത്സരത്തിലെ തന്റെ അർധസെഞ്ച്വറി പൂർത്തീകരിച്ചത്. ഇതോടെ ഒരു റെക്കോർഡും താരം പേരിൽ ചേർത്തു.

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ അർധസഞ്ചറികളുടെ റെക്കോർഡിൽ രണ്ടാം സ്ഥാനത്ത് പന്തിന്റെ ഈ ഇന്നിംഗ്സ് ഇടം പിടിച്ചിട്ടുണ്ട്. നിലവിൽ ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും പന്ത് തന്നെയാണ്. 2022ൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ 28 ബോളുകളിൽ അർത്ഥസെഞ്ച്വറി സ്വന്തമാക്കിയാണ് പന്ത് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇപ്പോൾ 29 ബോളുകളിൽ അർധസെഞ്ച്വറി നേടി പന്ത് രണ്ടാം സ്ഥാനവും കയ്യടക്കിയിരിക്കുന്നു. 30 പന്തുകളിൽ പാക്കിസ്ഥാനെതിരെ അർദ്ധസെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യയുടെ ഇതിഹാസ താരം കപിൽ ദേവാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്.

ഈ ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്നത് ഷർദുൽ താക്കൂറാണ്. 2021ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ താക്കൂർ 31 പന്തുകളിൽ തന്റെ അർധ സെഞ്ച്വറി പൂർത്തീകരിച്ചിരുന്നു. 2024ൽ ബംഗ്ലാദേശിനെതിരെ 31 പന്തുകളിൽ അർത്ഥസെഞ്ച്വറി നേടിയ ജയസ്വാളാണ് ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തുള്ള വ്യക്തി. സിഡ്നി ക്രിക്കറ്റ് മൈതാനത്ത് ആരും പ്രതീക്ഷിക്കാത്ത ആക്രമണം തന്നെയായിരുന്നു പന്ത് കാഴ്ചവച്ചത്. ഓസ്ട്രേലിയയുടെ യുവതാരമായ വെബ്സ്റ്റർ, അപകടകാരിയായ ബോളർ മിച്ചൽ സ്റ്റാർക്ക് എന്നിവർക്കെതിരെ പൂർണ്ണമായും പന്ത് ആക്രമണം അഴിച്ചുവിട്ടു.

മത്സരത്തിലേക്ക് കടന്നുവന്നാൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് കേവലം 185 runs മാത്രമായിരുന്നു ആദ്യ ഇന്നിംഗ്സിൽ നേടാൻ സാധിച്ചത്. 40 റൺസ് നേടിയ പന്തായിരുന്നു ആദ്യ ഇന്നിംഗ്സിലെയും ടോപ് സ്കോറർ. ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെ പിടിച്ചു കെട്ടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. കേവലം 181 റൺസിൽ ഓസ്ട്രേലിയ ഓൾഔട്ട് ആയി. ഇതോടെ ആദ്യ ഇന്നിങ്സിൽ 4 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് ലഭിച്ചത്. ശേഷം രണ്ടാം ഇന്നിംഗ്സിലും ഇന്ത്യ ഓസ്ട്രേലിയൻ ബോളർമാർക്ക് മുൻപിൽ പതറുകയുണ്ടായി. 78 റൺസ് സ്വന്തമാക്കുന്നതിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നീടാണ് പന്ത് മത്സരത്തിൽ പൂർണ്ണമായ ആക്രമണം അഴിച്ചുവിട്ടത്.

Previous articleസ്റ്റാർക്കിനെ ഞെട്ടിച്ച് ജയസ്വാൾ. ആദ്യ ഓവറിൽ 4 ബൗണ്ടറി.