ട്വന്റി20 ക്രിക്കറ്റിൽ വീണ്ടും റിങ്കു സിംഗിന്റെ വൺമാൻ ഷോ ഫിനിഷിംഗ്. ഉത്തർപ്രദേശ് ട്വന്റി20 ലീഗിൽ മീററ്റ് ടീമിനായി ഒരു തകർപ്പൻ ഫിനിഷാണ് റിങ്കു സിംഗ് കാഴ്ചവച്ചത്. മത്സരത്തിന്റെ സൂപ്പർ ഓവറിൽ 17 റൺസായിരുന്നു മീററ്റ് ടീമിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയത്താണ് തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി റിങ്കു തന്റെ ടീമിനെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. രണ്ടു പന്തുകൾ ശേഷിക്കവെയായിരുന്നു ടീമിന്റെ വിജയം. ഇടംകയ്യൻ സ്പിന്നർ ശിവ സിംഗിനെതിരെയാണ് റിങ്കു സിംഗ് മൈതാനത്ത് താണ്ഡവമാടിയത്.
സൂപ്പർ ഓവറിൽ 17 റൺസ് വിജയിക്കാൻ വേണമെന്നിരിക്കെ ആദ്യ പന്തിൽ വിചാരിച്ച കണക്ഷൻ റിങ്കു സിംഗിന് ലഭിച്ചില്ല. എന്നാൽ രണ്ടാം പന്തിൽ ലോങ്ങ് ഓഫിന് മുകളിലൂടെ റിങ്കു സിംഗ് സിക്സർ പായിക്കുകയായിരുന്നു. ശേഷം അടുത്ത പന്തിൽ മിഡ്വിക്കറ്റിന് മുകളിലൂടെ മറ്റൊരു കിടിലൻ സിക്സർ പായിച്ച് റിങ്കു സിങ് മത്സരം മീററ്റ് ടീമിന്റെ കൈകളിൽ എത്തിച്ചു. ശേഷം അടുത്ത പന്ത് ലോങ് ഓഫിന് മുകളിലൂടെ അനായാസം തൊടുത്തുവിട്ട റിങ്കു മീററ്റിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ഈ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
മത്സരത്തിലേക്ക് കടന്നു വന്നാൽ മീററ്റ് ടീമും രുദ്രാസ് ടീമും നിശ്ചിത 20 ഓവറുകളിൽ 181 റൺസായിരുന്നു നേടിയത്. മീററ്റിനായി ബാറ്റിംഗിനിറങ്ങിയ റിങ്കു 22 പന്തുകൾ നേരിട്ട് 15 റൺസ് മാത്രമായിരുന്നു നേടിയത്. എന്നാൽ ശേഷം സൂപ്പർ ഓവറിൽ റിങ്കു സിങ് തന്റെ ഫിനിഷിംഗ് കഴിവുകൾ പുറത്തെടുക്കുകയായിരുന്നു. ഇതാദ്യമായല്ല റിങ്കു മൈതാനത്ത് ഇത്തരത്തിൽ തകർപ്പൻ ഫിനിഷിംഗ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന് വേണ്ടി ഇത്തരത്തിൽ ഫിനിഷിംഗ് കാഴ്ചവയ്ക്കാൻ റിങ്കൂ സിംഗിന് സാധിച്ചിട്ടുണ്ട്.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ബോളർ യാഷ് ദയാലിനെ തുടർച്ചയായി 5 പന്തുകളിൽ സിക്സറിന് പറത്തി ടീമിനെ വിജയിപ്പിച്ച പാരമ്പര്യം റിങ്കൂ സിംഗിനുണ്ട്. 5 പന്തുകളിൽ 28 റൺസ് വേണ്ടപ്പോഴായിരുന്നു റിങ്കുവിന്റെ ഈ കട്ട ഹീറോയിസം. ഇതിനുശേഷം ഉത്തർപ്രദേശ് ലീഗിലും റിങ്കു മികവ് പുലർത്തുകയാണ്.
2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടോപ് സ്കോററായിരുന്നു റിങ്കു. 14 മത്സരങ്ങളിൽ നിന്ന് 474 റൺസാണ് റിങ്കു സിംഗ് സീസണിൽ നേടിയത്. ഇതിനുശേഷം ഇന്ത്യയുടെ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലേക്കും റിങ്കുവിനെ ഉൾപ്പെടുത്തിയിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 21 പന്തുകളിൽ 38 റൺസ് നേടി റിങ്കു മികവു പുലർത്തുകയുണ്ടായി. നിലവിൽ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും റിങ്കു അംഗമാണ്.