കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ വിപ്ലവം സൃഷ്ടിച്ച താരമാണ് റിങ്കൂ സിങ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനം പുറത്തെടുത്തായിരുന്നു റിങ്കു ഇന്ത്യൻ ടീമിലെത്തിയത്. ഇന്ത്യയുടെ ട്വന്റി20 ടീമിൽ വളരെ മികച്ച പ്രകടനങ്ങളുമായി ഒരു ഫിനിഷിംഗ് കിക്ക് നൽകാൻ റിങ്കു സിങ്ങിന് സാധിച്ചിട്ടുണ്ട്.
ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം റിങ്കുവിന്റെ മികച്ച പ്രകടനങ്ങൾ കണ്ടു. എന്നാൽ 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ റിങ്കുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന് ശേഷം ബോളിങ്ങിലും റിങ്കൂ തന്റെ കഴിവ് തെളിയിച്ചിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോഴും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് റിങ്കു സിംഗ്. 2018ൽ കൊൽക്കത്തയ്ക്കായി അരങ്ങേറ്റം കുറിച്ച റിങ്കു 2023 ഐപിഎല്ലിൽ തുടർച്ചയായി 5 സിക്സറുകൾ സ്വന്തമാക്കി ടീമിനെ വിജയിപ്പിച്ചതോടെയാണ് വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചത്. 2025 ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി കൊൽക്കത്ത ടീം തന്നെ റിലീസ് ചെയ്യുകയാണെങ്കിൽ, മറ്റേത് ടീമിൽ ചേക്കേറാനാണ് തനിക്ക് താല്പര്യം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റിങ്കു സിംഗ് ഇപ്പോൾ. കൊൽക്കത്ത തന്നെ ഉപേക്ഷിക്കുകയാണെങ്കിൽ ബാംഗ്ലൂർ ടീമിൽ കളിക്കാനാണ് തനിക്ക് താല്പര്യം എന്ന് റിങ്കു പറയുന്നു. ഇതിനുള്ള കാരണവും താരം വ്യക്തമാക്കി
“കൊൽക്കത്ത റിലീസ് ചെയ്യുകയാണെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ ഞാൻ കളിക്കും. കാരണം വിരാട് കോഹ്ലി ബാംഗ്ലൂർ ടീമിലാണുള്ളത്.”- റിങ്കു സിംഗ് പറഞ്ഞു. നിലവിലെ ഇന്ത്യൻ ടീമിന്റെ സാഹചര്യത്തിൽ വലിയ തൃപ്തിയാണ് തനിക്കുള്ളത് എന്നും റിങ്കു കൂട്ടിച്ചേർക്കുകയുണ്ടായി. ട്വന്റി20 ക്രിക്കറ്റിലെ ഇന്ത്യയുടെ പുതിയ നായകനായ സൂര്യകുമാർ യാദവിനെ പറ്റിയും റിങ്കു സിംഗ് സംസാരിച്ചു. സൂര്യകുമാർ മികച്ച നായകനാണെന്നും ശാന്തനായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നവനാണ് എന്നും റിങ്കു സിംഗ് അഭിമുഖത്തിൽ പറയുകയുണ്ടായി.
“സൂര്യകുമാർ യാദവ് വളരെ മികച്ച നായകനാണ്. രോഹിത് ശർമയുടെ കീഴിൽ ഞാൻ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അദ്ദേഹവും വളരെ ശാന്തശീലനാണ്. ഒരുപാട് കാര്യങ്ങൾ സംസാരിക്കാറില്ല.”- റിങ്കു പറയുന്നു. നിലവിൽ ഉത്തർപ്രദേശ് ട്വന്റി20 ലീഗിൽ കളിക്കുകയാണ് റിങ്കു സിംഗ്. 2025 ഐപിഎൽ മെഗാ ലേലം റിങ്കുവിനെ സംബന്ധിച്ച് വളരെ നിർണായകമാണ് കൊൽക്കത്ത ടീം റിങ്കൂ സിംഗിനെ നിലനിർത്താനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്. എന്നിരുന്നാലും പ്രതിഭകളുടെ ധാരാളിത്തം കൊൽക്കത്ത ടീമിനെയും വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നു.