ഇന്ത്യൻ പ്രീമിയർ ലീഗിൽ പതിനഞ്ചാം സീസണിൽ തുടർച്ചകളായി പരാജയത്തിനു ശേഷം വിജയം കൈവരിച്ചിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡർസ്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെ ഏഴ് വിക്കെറ്റിനാണ് കെകെആർ വിജയം സ്വന്തമാക്കിയത്. നിർണായകമായ മത്സരത്തിൽ കെകെആർ വിജയം നേടിയപ്പോൾ ടീം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് റിങ്കു സിങ്ങിനോടാണ്. ഈ ലീഗിൽ അധികം കേൾക്കാത്ത പേര് ആണെങ്കിലും കൊൽക്കത്തയുടെ ഹീറോയാണ് റിങ്കു.
23 പന്തിൽ ആറ് ഫോറം ഒരു സിക്സും അടക്കം 42 റൺസാണ് റിങ്കു നേടിയത്. റിങ്കുവിന്റെ അതിഗംഭീരമായ പ്രകടനം കൊണ്ടു മാത്രമാണ് കൊൽക്കത്ത ടീം വിജയത്തിലേക്ക് കുതിച്ചത്. കെകെആറിന്റെ ഹീറോയായി മാറിയ റിങ്കു സിങ്ങിനും പ്രതിസന്ധികളൊക്കെ നേരിട്ട ഒരു കഥ പറയാനുണ്ട്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന കുടുബമാണ് റിങ്കുവിന്റേത്.
ഗ്യാസ് സിലണ്ടറുകൾ ഓരോ വീടുകളിൽ വിതരണം ചെയ്യുന്ന തൊഴിലാളിയായിരുന്നു തന്റെ പിതാവ്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഒമ്പതാം ക്ലാസ്സ് വരെയാണ് റിങ്കു പഠിച്ചത്. ഒമ്പതാം ക്ലാസ്സ് പരാജയപ്പെട്ടതോടെ പഠനം ഉപേക്ഷിച്ചു ജോലിയ്ക്ക് ഇറങ്ങിതിരിച്ചു. ഒമ്പത് പേർ അടങ്ങുന്ന തന്റെ കുടുബത്തെ നോക്കാൻ തൂപ്പ് ജോലി മുതൽ ഓട്ടോറിക്ഷ ഓടിക്കുന്നത് വരെ ചെയ്തിട്ടുണ്ട്. എന്നാൽ ആ സമയങ്ങളിൽ ക്രിക്കറ്റ് എന്ന മോഹം തന്നിൽ ഉള്ളതിനാലാണ് ഇന്ന് കാണുന്ന റിങ്കു സിങ്ങായി റിങ്കുവിന് മാറാൻ കഴിഞ്ഞത്.
ഇരുപത് ലക്ഷമായിരുന്നു റിങ്കുവിന്റെ അടിസ്ഥാന വില. എന്നാൽ എണ്‍പത് ലക്ഷം രൂപയ്ക്കാണ് റിങ്കുവിനെ കെകെആർ സ്വന്തമാക്കിയത്. പിതാവിനു മാസം ലഭിച്ചിരുന്നത് ഏഴായിരം രൂപയായിരുന്നു. ജീവിതത്തിൽ കഷ്ടങ്ങൾ അനുഭവിക്കുന്നവർക്ക് ദൈവം ഒരിക്കൽ നല്ല പ്രതിഫലം നൽകുന്നതാണ് എന്ന് റിങ്കു സിങ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ചെറിയ സാഹചര്യത്തില്‍ നിന്ന് ആത്മവിശ്വാസം കൊണ്ടും കഠിന പ്രയത്‌നംകൊണ്ടും ഐപിഎല്‍ വരെ എത്തിനില്‍ക്കുന്ന റിങ്കു സിങ്ങ് എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്