വിവിധ ടീമുകള്‍ക്കായി ലോവര്‍ ഓഡറില്‍ ബാറ്റ് ചെയ്യുന്നത് പ്രഷറില്‍ ശാന്തനായിരിക്കാന്‍ തന്നെ സഹായിച്ചതായി റിങ്കു സിംഗ് പറഞ്ഞു. ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ ഫിനിഷിങ്ങാണ് റിങ്കു നടത്തിയത്. 9 പന്തില്‍ 4 ഫോറും 2 സിക്സും അടക്കം 31 റണ്‍സാണ് റിങ്കു സ്കോര്‍ ചെയ്തത്. മത്സരത്തില്‍ ഇന്ത്യ 235 എന്ന കൂറ്റന്‍ സ്കോറില്‍ എത്തുകയും ചെയ്തു.
വിശാഖപട്ടണത്തിലെ ആദ്യ ടി20യിലും നിർണായക പ്രകടനം നടത്തിയ റിങ്കു, പന്ത് വരുന്നതനുസരിച്ച് ഷോട്ടുകൾ കളിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് പറഞ്ഞു.
“ഞാൻ ഈ നമ്പറിൽ ധാരാളം ബാറ്റ് ചെയ്യുന്നതുകൊണ്ട്, ഞാൻ വളരെ ശാന്തനാണ്. ഓരോ പന്തും അത് വരുന്നതിനനുസരിച്ച് കളിക്കാനാണ് എനിക്കിഷ്ടം. ഇത് സ്ലോ ബോളാണോ ഫാസ്റ്റ് ബോളാണോ എന്ന് ഞാൻ ശ്രദ്ധിക്കാൻ ശ്രമിക്കുന്നു, അതിനനുസരിച്ച് ഞാൻ ഷോട്ട് കളിക്കുന്നു, ”മത്സരത്തിന് ശേഷം റിങ്കു പറഞ്ഞു.
ഫിനിഷറുടെ റോള്‍ ചെയ്യാൻ താൻ മാനസികമായി തയ്യാറെടുത്തിട്ടുണ്ടെന്നും റിങ്കു പറഞ്ഞു. രാഹുൽ ദ്രാവിഡിന് പകരം ഇന്ത്യൻ ടീമിനൊപ്പമുള്ള വിവിഎസ് ലക്ഷ്മൺ തന്‍റെ റോളിനെക്കുറിച്ച് തന്നോട് സംസാരിച്ചതായി ഇന്ത്യന്‍ താരം പറഞ്ഞു.
“ഫിനിഷിംഗ് മാത്രം. എനിക്ക് ചിലപ്പോൾ 5-6 ഓവർ അല്ലെങ്കിൽ ചിലപ്പോൾ 2 ഓവർ ലഭിക്കുമെന്ന് എനിക്കറിയാം. ഞാൻ അവസാന അഞ്ച് ഓവറില്‍ ബാറ്റ് ചെയ്യുന്നതുപോലെയാണ് പരിശീലിക്കുന്നത്. അതാണ് വിവിഎസ് സാറും എന്നോട് നെറ്റ്സിൽ കളിക്കാൻ പറഞ്ഞത്,” റിങ്കു കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയയെ 44 റൺസിന് തോൽപിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് മുന്നിലെത്തി. മൂന്നാം ടി20 നവംബർ 28 ചൊവ്വാഴ്ച ഗുവാഹത്തിയില്‍ നടക്കും.