അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലും തകർപ്പൻ ബാറ്റിംഗ് തന്നെയാണ് റിങ്കു സിംഗ് കാഴ്ചവച്ചത്. പരമ്പരയിലെ അവസാന മത്സരത്തിൽ 39 പന്തുകളിൽ 69 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നിറസാന്നിധ്യമാകാൻ റിങ്കുവിന് സാധിച്ചിരുന്നു. ഇതുവരെ ഇന്ത്യക്കായി 11 ട്വന്റി20 മത്സരങ്ങളാണ് റിങ്കു സിംഗ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 89 റൺസ് ശരാശരിയിൽ 356 റൺസ് കണ്ടെത്താനും റിങ്കുവിന് സാധിച്ചിട്ടുണ്ട്.
176 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് റിങ്കു ഈ നേട്ടങ്ങൾ കൊയ്തത്. റിങ്കു സിംഗ് ഇന്ത്യയെ സംബന്ധിച്ച് എത്ര നിർണായകമായ ക്രിക്കറ്ററാണ് എന്ന് അഫ്ഗാൻ താരം റഹ്മാനുള്ള ഗുർബാസ് പറയുകയുണ്ടായി. കൊൽക്കത്ത ടീമിലെ തന്റെ സഹതാരത്തെക്കുറിച്ച് അങ്ങേയറ്റം ആവേശത്തോടെയാണ് ഗുർബാസ് സംസാരിച്ചത്.
“കൊൽക്കത്ത ടീമിൽ കളിക്കുമ്പോൾ റിങ്കു ഞങ്ങളുടെ ടീമിൽ ഉപ്പ് പോലെയായിരുന്നു. മറ്റെല്ലാ താരങ്ങളിലും സന്തോഷം ഉണ്ടാക്കാൻ സാധിക്കുന്ന ക്രിക്കറ്ററാണ് റിങ്കു. കാര്യങ്ങൾ നന്നായി തമാശ രീതിയിൽ എടുക്കാൻ റിങ്കുവിന് സാധിക്കുന്നുണ്ട്. ഞാൻ റിങ്കുവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നു. ഐപിഎല്ലിന് പുറത്തായാലും ഞങ്ങൾ തമ്മിൽ നല്ലൊരു ബന്ധം പുലർത്തുന്നുണ്ട്.”- ഗുർബാസ് പറഞ്ഞു. ഒപ്പം ഒരു ഫിനിഷർ എന്ന നിലയ്ക്ക് റിങ്കു സിങ് ഒരുപാട് മികവ് പുലർത്തിയിട്ടുണ്ട് എന്നും ഗുർബാസ് പറയുകയുണ്ടായി.
“റിങ്കു ഒരു വളരെ നല്ല ക്രിക്കറ്ററാണെന്നും മികച്ച ഫിനിഷറാണെന്നുമുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ക്രീസിലെത്തിയ ശേഷം ഉടൻതന്നെ കൃത്യമായി ബോളിനെ നിരീക്ഷിക്കാനുള്ള റിങ്കുവിന്റെ കഴിവാണ് അവനെ വ്യത്യസ്തനാക്കുന്നത്. എല്ലായിപ്പോഴും ബോളിനെതിരെ ആക്രമണം അഴിച്ചുവിടാനാണ് റിങ്കു ശ്രമിക്കുന്നത്. വളരെ ബുദ്ധിമാനായ ഒരു ക്രിക്കറ്റർ കൂടിയാണ് അവൻ. ഒപ്പം സാഹചര്യത്തിനനുസരിച്ച് പെട്ടെന്ന് തന്നെ മാറാനും റിങ്കൂ സിങ്ങിന് സാധിക്കുന്നുണ്ട്. ഇന്ത്യയുടെ അടുത്ത ഫിനിഷറായി റിങ്കു മാറും എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ ടീമിന് വലിയൊരു മുതൽക്കൂട്ടായിരിക്കും റിങ്കു.”- ഗുർബാസ് കൂട്ടിച്ചേർത്തു.
ധോണിയും യുവരാജും പിന്തുടർന്ന പാരമ്പര്യം കാത്തുസൂക്ഷിക്കും എന്നാണ് ഗുർബാസ് പറയുന്നത് തീർച്ചയായും അവൻ ആ പാരമ്പര്യം കാത്തുസൂക്ഷിക്കും ഇപ്പോൾ അവൻ കളിക്കുന്ന രീതി അവിശ്വസനീയം തന്നെയാണ് ഇതുവരെ ഇന്ത്യൻ ടീമിനായി അവൻ നടത്തിയിട്ടുള്ള പ്രകടനങ്ങൾ പരിശോധിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യമുണ്ട് എല്ലാ ടീമുകൾക്കെതിരെയും വളരെ മികച്ച രീതിയിൽ കളിക്കാൻ അവനെ സാധിച്ചിട്ടുണ്ട് ടീമിലെത്തി വെറുതെ പുറത്തു പോകാൻ അല്ല താൻ ഇവിടെ തുടരുന്നത് എന്ന് കൃത്യമായി അവൻ തെളിയിക്കുകയാണ് റൺസിനായുള്ള വിശപ്പ് അവനുണ്ട് മാത്രമല്ല കഠിനപ്രയത്നങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. എല്ലാം ഇന്ത്യക്ക് ഗുണമാണ്, ഗുർബാസ് പറഞ്ഞുവെക്കുന്നു