മധ്യനിരയിൽ മറ്റൊരു യുവരാജിന്റെ ഉദയം? 2024 ലോകകപ്പിൽ റിങ്കു ഇന്ത്യൻ വജ്രായുധം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനായി കളിക്കാൻ ലഭിച്ച ആദ്യ അവസരത്തിൽ തന്നെ മികവു പുലർത്താൻ റിങ്കു സിംഗിന് സാധിച്ചിട്ടുണ്ട്. അയർലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ അഞ്ചാമനായി ആയിരുന്നു റിങ്കു ക്രീസിലെത്തിയത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്ത റിങ്കു, ഇന്ത്യക്കായി മികച്ച ഒരു ഫിനിഷിംഗ് കിക്കാണ് മത്സരത്തിൽ നൽകിയത്. ഇന്ത്യൻ പ്രീമിയർ ലീഗിലൂടനീളം ആവർത്തിച്ച തന്റെ ട്രേഡ് മാർക്ക് ഷോട്ടുകൾ വീണ്ടും പ്രദർശിപ്പിക്കാൻ റിങ്കുവിന് സാധിച്ചു.

2024 ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ യുവതാരങ്ങളെ അണിനിരത്തിയുള്ള ഇന്ത്യയുടെ പരീക്ഷണമാണ് അയർലൻഡിൽ കാണുന്നത്. ഈ സാഹചര്യത്തിൽ റിങ്കു സിംഗിനെ പോലെയുള്ള യുവതാരങ്ങൾ മുൻനിരയിലേക്ക് വരുന്നത് ഇന്ത്യയ്ക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്.

പ്രതിഭകളുടെ ധാരാളിത്തമുണ്ടെങ്കിലും യുവതാരങ്ങളിൽ നിന്നുണ്ടാകുന്ന ഇത്തരം വമ്പൻ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് ഒരുപാട് ആശ്വാസമാണ്. ജെയിസ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ് തുടങ്ങിയവരൊക്കെയും ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ വജ്രായുധങ്ങൾ തന്നെയാണ്. തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഇവർ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളാണ് വർദ്ധിക്കുന്നത്.

2007ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ഇത്തരം യുവതാരങ്ങൾ തന്നെയായിരുന്നു. അന്ന് സീനിയർ താരങ്ങളെ പൂർണമായും ഒഴിവാക്കി ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറിയ ഇന്ത്യക്ക് പ്രതീക്ഷയായി മാറിയത് ധോണിയുടെ നേതൃത്വത്തിൽ യുവനിര തന്നെയാണ്.

2007 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി നിറഞ്ഞു നിന്ന താരം യുവരാജ് സിംഗ് ആയിരുന്നു. ടൂർണമെന്റിലുടനീളം യുവരാജ് ആളിക്കത്തിയപ്പോൾ പല ലോകോത്തര ബോളർമാർക്കും ഉത്തരം ഉണ്ടായിരുന്നില്ല. ഇന്ത്യൻ മധ്യനിര എത്രമാത്രം ശക്തമാണ് എന്ന് യുവരാജ് അന്ന് വമ്പൻ ടീമുകൾക്ക് മുൻപിൽ കാട്ടിക്കൊടുത്തു.

എന്നാൽ യുവരാജിന് ശേഷം അത്തരമൊരു ബാറ്ററെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. പലരെയും ഇന്ത്യ മധ്യനിരയിൽ പ്രതിഷ്ഠിച്ചെങ്കിലും യാതൊരു തരത്തിലും വിജയം കാണാൻ സാധിച്ചില്ല. അതിനാൽ തന്നെ മധ്യനിരയിൽ ഒരു ഇടംകയ്യൻ ബാറ്ററെ കണ്ടെത്തേണ്ടത് ഇന്ത്യയുടെ ആവശ്യമായിരുന്നു. അവിടെയാണ് റിങ്കു സിംഗ് പ്രതീക്ഷ നൽകുന്നത്.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ പുറത്തെടുത്ത പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും റിങ്കുവിന് പുറത്തെടുക്കാൻ സാധിക്കുകയാണെങ്കിൽ മറ്റൊരു യുവരാജിനെ തന്നെയാവും ഇന്ത്യക്ക് ലഭിക്കുന്നത്. മത്സരത്തിന്റെ ഏതുസമയത്തും തന്റെ ഗിയർ മാറാനും ഇന്നോവേറ്റീവ് ഷോട്ടുകൾ കൊണ്ട് എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാനുമുള്ള കഴിവ് റിങ്കുവിനുണ്ട്.

റിങ്കുവിനെ പോലെ ഒരു താരം മധ്യനിരയിലെത്തുന്നതോടെ ഹർദിക് പാണ്ഡ്യ അടക്കമുള്ള ഇന്ത്യയുടെ മധ്യനിര ബാറ്റർമാരുടെ സമ്മർദ്ദവും കുറയും. സമീപകാലത്ത് ഇന്ത്യ അനുഭവിച്ച വലിയൊരു പ്രശ്നത്തിന് പരിഹാരമാവാനും റിങ്കുവിന് സാധിക്കും. യുവരാജിനും റെയ്നയ്ക്കും ശേഷം ഇന്ത്യയുടെ മധ്യനിരയിൽ ഇടംകയ്യൻ സെൻസേഷനാവാൻ എന്തുകൊണ്ടും പ്രാപ്തനാണ് റിങ്കു സിംഗ്. എന്തായാലും അടുത്ത ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന താരമായി റിങ്കു മാറും എന്നാണ് പ്രതീക്ഷ.

Previous article‘റിങ്കുമാനിയ’ ഇവിടെ ആരംഭിയ്ക്കുന്നു. അവൻ ഇന്ത്യയുടെ ഭാവി. പ്രശംസയുമായി മുൻ ഇന്ത്യൻ താരം.
Next articleകെ എൽ രാഹുലിന് വീണ്ടും പരിക്ക്. ഏഷ്യകപ്പിൽ സഞ്ജുവിന് വീണ്ടും അവസരമൊരുങ്ങുന്നു?