ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ പരാജയമറിഞ്ഞെങ്കിലും, വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് റിങ്കു സിംഗ് പുറത്തെടുത്തത്. മത്സരത്തിൽ ഇന്ത്യ തകരുന്ന സമയത്താണ് റിങ്കു ക്രീസിൽ എത്തിയത്. നായകൻ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് റിങ്കു സിംഗ് അടിച്ചു തകർക്കുന്നതാണ് മത്സരത്തിൽ കണ്ടത്. മുൻപ് ഇന്ത്യൻ മണ്ണിൽ വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്ചവെച്ച ശേഷമായിരുന്നു റിങ്കുവിനെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കൻ മണ്ണിലും റിങ്കു സംഹാരം തുടരുന്നതാണ് കാണുന്നത്. മത്സരത്തിൽ 39 പന്തുകളിൽ 68 റൺസാണ് ഈ സ്റ്റാർ ബാറ്റർ നേടിയത്. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. മത്സരത്തിനിടെ റിങ്കു നേടിയ ഒരു സിക്സറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
കഴിഞ്ഞ മത്സരങ്ങളിലുടനീളം തന്റെ ബാറ്റിംഗ് പവർ കൃത്യമായി എതിർ ടീമുകളെ ബോധിപ്പിക്കാൻ റിങ്കുവിന് സാധിച്ചിട്ടുണ്ട്. സിക്സറുകൾ എന്നതിലുപരി ‘വലിയ സിക്സറുകളാണ്’ റിങ്കു തന്റെ ഇന്നിംഗ്സിൽ നേടാറുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനിടെ റിങ്കൂ സിംഗ് ഒരു തകർപ്പൻ സിക്സർ സ്വന്തമാക്കുകയുണ്ടായി. റിങ്കു പറത്തിയ ഈ വമ്പൻ സിക്സർ, മീഡിയ റൂമിന്റെ ചില്ല് തകർത്താണ് കുതിച്ചത്.
റിങ്കുവിന്റെ പവർ ഷോട്ടിൽ ചില്ലിന് വിള്ളൽ ഉണ്ടാവുകയും ചെയ്തു. തകർന്ന മീഡിയ റൂമിന്റെ ചില്ലിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. എങ്ങനെയാണ് ഒരു ബാറ്റർ ഇത്രയധികം പവർ നേടുന്നത് എന്ന് ആരാധകരടക്കം ചോദിക്കുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യിൽ അഞ്ചാം നമ്പർ ബാറ്ററായി ആയിരുന്നു റിങ്കു സിംഗ് ക്രീസിലെത്തിയത്. ശേഷം റിങ്കു നേടിയ ഓരോ ബൗണ്ടറികളും വലിയ ആശ്വാസം തന്നെയാണ് ഇന്ത്യയ്ക്ക് നൽകിയത്. ഇതിനിടെയാണ് റിങ്കുവിന്റെ ഈ കിടിലൻ സിക്സർ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ ഭാവിയിലെ ഫിനിഷറാണ് റിങ്കു എന്ന് ആരാധകർ പറയുന്നു. ഒപ്പം യുവരാജ് സിംഗിന് ശേഷം ഇന്ത്യ കണ്ടെത്തിയ മധ്യനിര ബാറ്ററാണ് റിങ്കുവെന്നും ആരാധകർ കമന്റുകളായി സൂചിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ റിങ്കു ഇന്ത്യയുടെ പ്രധാന താരമായി മാറുമെന്നും ചില ആരാധകർ പറയുന്നു.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ഇന്ത്യയുടെ ഓപ്പണർമാരെ പൂജ്യരാക്കി മടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ശേഷം 68 റൺസ് നേടിയ റിങ്കു സിംഗും, 56 റൺസ് നേടിയ സൂര്യകുമാർ യാദവുമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇന്ത്യൻ ഇന്നിങ്സിനിടെ മഴ അതിഥിയായി എത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറുകളിൽ 152 റൺസായി ചുരുങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി 49 റൺസ് നേടിയ റീസാ ഹെൻറിക്സ് മികവ് പുലർത്തിയതോടെ ഇന്ത്യ മത്സരത്തിൽ പരാജയമറിഞ്ഞു