മഴയാണ് ഞങ്ങളെ ചതിച്ചത്.. അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചു വരുമെന്ന് സൂര്യകുമാർ..

GBKvKAIXgAAE7ce scaled

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ദയനീയമായ ഒരു പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറുകളിൽ 180 റൺസ് നേടുകയുണ്ടായി. മഴ അതിഥിയായി എത്തിയത് മൂലമാണ് ഇന്ത്യയ്ക്ക് 20 ഓവറുകൾ പൂർത്തീകരിക്കാൻ സാധിക്കാതെ വന്നത്.

ഇന്ത്യൻ ഇന്നിങ്സിൽ അർത്ഥ സെഞ്ച്വറികൾ നേടിയ റിങ്കു സിംഗും സൂര്യകുമാർ യാദവുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. എന്നാൽ മഴയെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറുകളിൽ 152 റൺസായി കുറയുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഹെൻട്രിക്സ് അടിച്ചു തകർത്തു. അതോടെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 5 വിക്കറ്റിന്റെ വിജയം നേടുകയായിരുന്നു. മത്സരശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പ്രകടനത്തെപ്പറ്റി സംസാരിക്കുകയുണ്ടായി.

മഴമൂലം ബോളിലും പിച്ചിലുമുണ്ടായ നനവ് മത്സരത്തെ വലിയ രീതിയിൽ ബാധിച്ചു എന്ന് സൂര്യകുമാർ പറഞ്ഞു. “പാതിവഴിയിൽ ഞങ്ങൾ കരുതിയിരുന്നത് 180 മികച്ച ഒരു സ്കോറാണ് എന്ന് തന്നെയാണ്. പക്ഷേ ദക്ഷിണാഫ്രിക്ക വളരെ മനോഹരമായി ആദ്യ 5-6 ഓവറുകളിൽ ബാറ്റ് ചെയ്തു. ആ ഓവറുകളിലാണ് മത്സരം അവർ തട്ടിയെടുത്തതും. ഞങ്ങൾ ആക്രമണപരമായ രീതിയിൽ തന്നെയാണ് മത്സരത്തിൽ കളിക്കാൻ ശ്രമിച്ചത്. മൈതാനത്ത് എത്തിയശേഷം എല്ലാവരും തങ്ങളുടെ വെടിക്കെട്ട് കാഴ്ചവയ്ക്കാൻ ശ്രമിച്ചു. എന്നിരുന്നാലും ബോളർമാർക്ക് നനഞ്ഞ ബോളിൽ പന്തറിയുക എന്നത് അല്പം പ്രയാസമേറിയ കാര്യമായിരുന്നു. പക്ഷേ വരും മത്സരങ്ങളിൽ ഇതേ സാഹചര്യങ്ങൾ ഇനിയുമെത്താൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ പാഠമാണ്. മൂന്നാം ട്വന്റി20യെ കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.”- സൂര്യകുമാർ യാദവ് പറഞ്ഞു.

Read Also -  "ഇനിയും സഞ്ജുവിനെ ഒഴിവാക്കിയാൽ അത് അനീതി തന്നെയാണ്"- പിന്തുണ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം..

അതേസമയം മത്സരത്തിൽ മഴയെത്തിയത് തങ്ങൾക്ക് സഹായകരമായി മാറി എന്ന് ദക്ഷിണാഫ്രിക്കൻ നായകൻ മാക്രവും പറയുകയുണ്ടായി. “ആദ്യ മത്സരം കളിക്കാൻ സാധിക്കാതെ വന്നത് വലിയ രീതിയിൽ നിരാശയുണ്ടാക്കിയിരുന്നു. പക്ഷേ ഇന്ന് ഇത്ര വലിയ ജനങ്ങളുടെ മുൻപിൽ വച്ച് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചത് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു.

പിച്ച് ആദ്യ സമയത്ത് സ്ലോ ആയാണ് തോന്നിയത്. എന്നാൽ മഴ വന്നതിനു ശേഷം പീച്ചിന്റെ ഈ സ്വഭാവം നഷ്ടപ്പെടുകയും ബാറ്റിംഗിന് അനുകൂലമായി മാറുകയും ചെയ്തു. ചില സമയങ്ങളിൽ നമ്മൾ ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. എന്നാൽ സാഹചര്യങ്ങൾ നമുക്ക് അനുകൂലമായി മാറിയാൽ നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതില്ല.”- മാക്രം പറയുകയുണ്ടായി.

മത്സരത്തിലെ റീസ ഹെൻറിക്‌സിന്റെ പ്രകടനത്തെപ്പറ്റിയും മാക്രം സംസാരിച്ചു. “ഹെൻട്രിക്സ് വളരെ മികച്ച ഇന്നിങ്സാണ് മത്സരത്തിൽ കാഴ്ചവച്ചത്. അവന്റെ കാര്യത്തിൽ വലിയ സന്തോഷമുണ്ട്. ഒരു ലീഡർ എന്ന നിലയിലാണ് ബാറ്റിംഗിൽ ഹെൻട്രിക്സ് മൈതാനത്ത് തുടർന്നത്. അവിശ്വസനീയ ഇന്നിംഗ്സ് തന്നെയാണ് അവൻ കാഴ്ചവെച്ചത്. ലോകകപ്പിലേക്ക് പോകുമ്പോൾ ഇത്തരത്തിൽ മികച്ച ഫോമിലുള്ള കളിക്കാരെയാണ് ഞങ്ങൾ തിരഞ്ഞെടുക്കേണ്ടത്.”

“ഇനിയും ഞങ്ങളുടെ ടീമിൽ 1-2 സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. എല്ലാ കളിക്കാരും വലിയ കഠിനപ്രയത്നങ്ങൾ നൽകുകയും, മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു ആരോഗ്യപരമായ മത്സരം ടീമിനുള്ളിൽ നടക്കുന്നത് ഒരുപാട് ആവേശം നൽകുന്നു.”- മാക്രം കൂട്ടിച്ചേർത്തു

Scroll to Top