ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്ത് നായകസ്ഥാനത്ത് അരങ്ങേറ്റം കുറിച്ചത്. അവസാന ടി20 മഴ മൂലം ഉപേക്ഷിച്ചതോടെ പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു. എന്നിരുന്നാലും, ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ തോറ്റതിനു ശേഷം പന്തിന്‍റെ ക്യാപ്റ്റന്‍സി വിമര്‍ശന വിധേയമായിരുന്നു.
ഇപ്പോഴിതാ സ്വന്തം തീരുമാനങ്ങളെ വിശ്വസിക്കണമെന്നും, തീരുമാനങ്ങളെ സ്വാധീനിക്കാൻ മറ്റുള്ളവരെ അനുവദിക്കരുതെന്നും മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗഃ ചൂണ്ടിക്കാണിച്ചു. ക്യാപ്റ്റൻസിയിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ റിഷഭ് പന്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ വിളിക്കണമെന്നും അല്ലെങ്കിൽ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡുമായി സംസാരിക്കണമെന്നും ഹോഗ് പറഞ്ഞു.
“പന്ത് ചെയ്യേണ്ട ഒരു കാര്യം, കൂടുതൽ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ്. മറ്റ് കളിക്കാര്‍ കടന്നുവന്ന് തന്റെ തീരുമാനങ്ങളെ അമിതമായി സ്വാധീനിക്കാൻ അനുവദിക്കരുത്. അവന് എന്തെങ്കിലും പഠിക്കണമെങ്കിൽ, എംഎസ് ധോണിയെ വിളിക്കുക അല്ലെങ്കിൽ രാഹുലുമായി സംസാരിക്കുക ( ദ്രാവിഡ്),ആവശ്യമായ നിര്‍ദ്ദേശം നേടുക, സ്വയം വിശ്വസിച്ച് ജോലി ചെയ്യൂ. കാരണം അവൻ സ്വയം പിൻതുണയുമ്പോൾ, അവന് എന്തും നേടാനാകുമെന്ന് ഞങ്ങൾക്കറിയാം,” ഹോഗ് തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് മുമ്പ്, രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ 11 കളികളിൽ 11 മത്സരങ്ങളും ജയിച്ച് സ്വന്തം തട്ടകത്തിൽ തോൽവി അറിഞ്ഞിരുന്നില്ല. എന്നിരുന്നാലും, ഈ വർഷം ഇന്ത്യയെ നയിച്ച മറ്റ് കളിക്കാരുമായി രോഹിതിന്റെ അപരാജിത റെക്കോർഡ് താരതമ്യം ചെയ്യുന്നത് ന്യായമല്ലെന്നും, ഇന്ത്യക്ക് പുറത്ത് നയിച്ചിട്ടില്ലെന്നും 51 കാരനായ അദ്ദേഹം പറഞ്ഞു.
“ക്യാപ്റ്റൻസി, ക്യാപ്റ്റൻസി, ക്യാപ്റ്റൻസി എന്നിവ ഇന്ത്യയിൽ എപ്പോഴും ചർച്ചയാണ്. പ്രത്യേകിച്ച് അവർ തോൽക്കുമ്പോൾ, 2022-ൽ രോഹിത് ശർമ്മയ്ക്ക് മികച്ച റെക്കോർഡുണ്ടെന്ന് ആരെങ്കിലും അഭിപ്രായപ്പെടുമ്പോൾ, 11-ൽ നിന്ന് 11 മത്സരങ്ങൾ അദ്ദേഹം വിജയിച്ചു. എന്നാൽ ഓർക്കുക, രോഹിത് ശർമ്മ ഇന്ത്യക്ക് പുറത്ത് ക്യാപ്റ്റനായിട്ടില്ല. അതിനാല്‍ ഒരുപാട് പുകഴ്ത്തരുത്, അദ്ദേഹം വിദേശ മണ്ണിൽ എത്തുന്നത് വരെ നമുക്ക് കാത്തിരിക്കാം, അപ്പോൾ അദ്ദേഹം സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കാം,” ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു.