സഞ്ജു രാജസ്ഥാൻ ടീം വിടാൻ കാരണം റിയാൻ പരാഗ്. കാരണം വ്യക്തമാക്കി ചെന്നൈ താരം.

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീം വിട്ട് മറ്റൊരു ടീമിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവരികയുണ്ടായി. ഇതിന്റെ പ്രധാന കാരണം രാജസ്ഥാന്റെ യുവതാരമായ റിയാൻ പരഗാണ് എന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുബ്രഹ്മണ്യം ബദ്രിനാഥ്.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ഭാഗത്തിൽ സഞ്ജു സാംസണ് പരിക്കേറ്റിരുന്നു. ഈ സമയത്ത് പരാഗായിരുന്നു ടീമിന്റെ നായകൻ. പിന്നീട് പരാഗിനെ നായകനാക്കി നിലനിർത്തണമോ എന്ന കാര്യത്തിൽ പോലും സംശയങ്ങൾ ഉയർന്നിരുന്നു. ഇതൊക്കെയും സഞ്ജുവിന്റെ കൂടുമാറ്റത്തിന് കാരണമാകും എന്നാണ് ബദ്രിനാഥ് കരുതുന്നത്.

“എനിക്ക് തോന്നുന്നത് സഞ്ജുവിന്റെ ഇത്തരത്തിലൊരു മാറ്റത്തിന് കാരണം റിയാൻ പരഗാണ് എന്നാണ്. പരാഗിനെ നായകനായി പരിഗണിക്കാനാണ് രാജസ്ഥാൻ ശ്രമിക്കുന്നതെങ്കിൽ, സഞ്ജുവിനെ പോലെ ഒരു താരം ടീമിൽ തുടരുന്നത് കൊണ്ടുള്ള അർത്ഥമെന്താണ്? അതേസമയം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സ് ടീമിലേക്കാണ് വരുന്നതെങ്കിൽ, അവരെ സംബന്ധിച്ച് മഹേന്ദ്ര സിംഗ് ധോണിക്ക് എല്ലാ തരത്തിലും ഒരു പകരക്കാരനാവും.”- ബദ്രിനാഥ് പറയുന്നു.

“സഞ്ജു സാംസൺ മുൻനിരയിൽ ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു താരമാണ്. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ മികവ് പുലർത്താൻ സഞ്ജുവിന് സാധിക്കും. ഒരിക്കലും സഞ്ജു അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യാൻ ഇറങ്ങാൻ പാടില്ല. അത് അവന് ചേർന്ന സ്ഥലമല്ല. അതേസമയം ചെന്നൈ സൂപ്പർ കിംഗ്സ് ഈ മേഖലയിൽ വളരെ ശക്തമായ ഒരു നിരയാണ്. കാരണം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രേ, ഋതുരാജ്, ബ്രെവിസ് എന്നിവർ ചെന്നൈക്ക് ശക്തി പകരുന്നുണ്ട്.”- ബദ്രിനാഥ് കൂട്ടിച്ചേർക്കുന്നു.

“മുൻപ് മുംബൈ ഇന്ത്യൻസ് ഹർദിക് പാണ്ട്യയെ തിരികെ ടീമിലെത്തിച്ചത് പോലെ ഒരു ട്രേഡ് നടത്തി ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിനെ സ്വന്തമാക്കുമോ എന്ന് എനിക്ക് അറിയില്ല. എന്നിരുന്നാലും സഞ്ജു ചെന്നൈ ടീമിൽ എത്തുകയാണെങ്കിൽ അവിടെ ഒരുപാട് ചോദ്യങ്ങൾ ഉയരും. ഏത് തരത്തിലാവും പ്ലെയിങ് ഇലവനിൽ സഞ്ജു ചെന്നൈ ടീമിന് ബാലൻസ് ഉണ്ടാക്കുക എന്നത് വലിയ ചോദ്യമാണ്. രണ്ടാമത്തെ കാര്യം ക്യാപ്റ്റൻസിയാണ്. ഋതുരാജാണ് നിലവിൽ ടീമിന്റെ നായകൻ. ഇതുവരെ ഒരു സീസൺ മാത്രമേ അവന് നയിക്കാൻ സാധിച്ചുള്ളൂ. അങ്ങനെയെങ്കിൽ സഞ്ജു ടീമിലേക്ക് എത്തുകയാണെങ്കിൽ താരത്തിന് ചെന്നൈ നായക സ്ഥാനം നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ ഋതുരാജിന്റെ കാര്യവും പരുങ്ങലിലാവും.”- ബദ്രിനാഥ് പറഞ്ഞുവെക്കുന്നു.