2019 ലോകകപ്പിൽ ഇന്ത്യ പരാജയപ്പെട്ടത് അവന്റെ അഭാവം മൂലം. പ്രസ്താവനയുമായി രവി ശാസ്ത്രി.

2023 ഏകദിന ലോകകപ്പ് അടുത്തെത്തിയിരിക്കുകയാണ്. എന്നിരുന്നാലും കൃത്യമായി സന്തുലിതമായ ഒരു കോമ്പിനേഷൻ കണ്ടെത്താൻ ഇന്ത്യൻ ടീമിന് ഇതുവരെ സാധിച്ചിട്ടില്ല. ഇത് ഇന്ത്യയെ വലിയ രീതിയിൽ അലട്ടുന്നുമുണ്ട്. രോഹിത് ശർമ, വിരാട് കോഹ്ലി, ജഡേജ, ഹാർദിക് പാണ്ഡ്യ, സിറാജ് തുടങ്ങി ചില താരങ്ങൾ മാത്രമാണ് ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇതുവരെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

പല സ്ലോട്ടുകളും ഇന്ത്യയെ സംബന്ധിച്ച് തുറന്നു കിടക്കുകയാണ്. കെഎൽ രാഹുൽ, ബൂമ്ര, ശ്രയസ് അയ്യർ തുടങ്ങിയ വമ്പൻ താരങ്ങൾ ടീമിലേക്ക് തിരികെയെത്തും എന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇവരുടെ ഫോമിനെ സംബന്ധിച്ച് ഇപ്പോഴും ഉത്കണ്ഠകൾ നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ നിലവിലെ ഘടനയെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രീ.

ഓപ്പണിംഗ് സ്ഥാനം മുതൽ ഇന്ത്യയ്ക്ക് ഒരുപാട് പ്രശ്നങ്ങൾ നിലവിലുണ്ട് എന്നാണ് ശാസ്ത്രി പറയുന്നത്. രോഹിത് ശർമയുടെ പാർട്ണറെ കണ്ടുപിടിക്കാൻ പോലും ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്ന് ശാസ്ത്രി പറയുന്നു. ലൈനപ്പിൽ പ്രധാനമായും മൂന്ന് ഇടംകയ്യൻ ബാറ്റർമാർ കളിക്കണമെന്ന അഭിപ്രായവും ശാസ്ത്രി പ്രകടിപ്പിക്കുന്നുണ്ട്. രോഹിത് ശർമയ്ക്കൊപ്പം ഇഷാനെ ഇന്ത്യ ഓപ്പണിങ്ങിറക്കുന്നതാണ് ഉത്തമമെന്നും ശാസ്ത്രി പറയുന്നു. “ഇഷാൻ കിഷനെ ഇന്ത്യ കളിപ്പിക്കുകയാണെങ്കിൽ ടോപ്പ് ഓർഡറിൽ തന്നെ ബാറ്റ് ചെയ്യിക്കേണ്ടതുണ്ട്. മറ്റൊരു സ്ഥാനത്തും അവനെ ഇറക്കാൻ സാധിക്കില്ല.”- ശാസ്ത്രി പറഞ്ഞു.

ഒപ്പം ലോകകപ്പിലെ ഇടങ്കയ്യൻ ബാറ്റർമാരുടെ സാന്നിധ്യത്തെ സംബന്ധിച്ച് ശാസ്ത്രി സംസാരിക്കുകയുണ്ടായി. 2019 ലോകകപ്പിൽ ന്യൂസിലാൻഡിനോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങാൻ പ്രധാന കാരണം ശിഖർ ധവാൻ എന്ന ഇടങ്കയ്യൻ ബാറ്ററുടെ അഭാവമാണ് എന്നാണ് ശാസ്ത്രിയുടെ പക്ഷം

“ആളുകൾ പലപ്പോഴും ശിഖർ ധവാന് അർഹിച്ച അംഗീകാരങ്ങൾ കൊടുക്കാറില്ല. പക്ഷേ ധവാൻ ഒരു അവിസ്മരണീയ ക്രിക്കറ്ററായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ഒരു ലോകകപ്പായിരുന്നു 2019ലേത്. എന്നാൽ ലോകകപ്പിന്റെ സെമിഫൈനലിൽ നമ്മൾ ന്യൂസിലാൻഡിനെതിരെ പരാജയം നേരിട്ടു. ആ സമയത്ത് ശിഖർ ധവാന്റെ അഭാവമായിരുന്നു ഇന്ത്യയെ വലച്ചത്. ടോപ്പ് ഓർഡറിൽ ഒരു ഇടംകയ്യൻ ബാറ്ററുണ്ടെങ്കിൽ അത് മറ്റൊരു പ്രതിവിധിയുണ്ടാക്കും. ബോൾ സ്വിഗ് ചെയ്യുമ്പോൾ വലിയ രീതിയിലുള്ള വ്യത്യാസമുണ്ടാക്കാൻ ഒരു ഇടംകയ്യാൻ ബാറ്റർക്ക് സാധിക്കും.”- ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.

ഇതിനൊപ്പം തിലക് വർമയടക്കമുള്ള യുവതാരങ്ങളെ ഇന്ത്യ പ്രത്യേകം പരിഗണിക്കണമെന്നാണ് ശാസ്ത്രി സൂചിപ്പിക്കുന്നത്. “ഇന്ത്യയുടെ ആദ്യ 4 സ്ഥാനങ്ങൾ ഒഴിച്ചു നിർത്തിയാൽ മറ്റു മൂന്നു സ്ഥാനങ്ങളിൽ രണ്ട് ഇടംകയ്യൻ ബാറ്റർമാർ കളിക്കണം എന്നതാണ് എന്റെ അഭിപ്രായം. അതിനായി തിലക് വർമ്മ, ജയ്സ്വാൾ തുടങ്ങിയ യുവതാരങ്ങളെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാൻ തയ്യാറാവണം.”- രവി ശാസ്ത്രി സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Previous articleകരിയർ രക്ഷിക്കാൻ സഞ്ജുവിന് മുൻപിൽ ഒരു വഴിയേ ഉള്ളു. ഉപദേശവുമായി മുൻ താരം കപിൽ ദേവ്.
Next articleസഞ്ജുവിന്റെ ലോകകപ്പ് സ്വപ്നം അവസാനിക്കുന്നു. പുറത്താക്കൽ നടപടിയുമായി ബിസിസിഐ.