സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നം അവസാനിക്കുന്നു. പുറത്താക്കൽ നടപടിയുമായി ബിസിസിഐ.

sanju samson poster

ഏതൊരു ഇന്ത്യൻ താരത്തിന്റെയും വലിയ ആഗ്രഹം തന്നെയാണ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുക എന്നത്. എന്നാൽ മലയാളി താരം സഞ്ജു സാംസന് ഈ അവസരം നഷ്ടമായിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ സഞ്ജു സാംസൺ ഇടംപിടിക്കില്ല എന്ന റിപ്പോർട്ടുകളാണ് പ്രമുഖ വാർത്താമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ടൈംസ് ഓഫ് ഇന്ത്യ ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജു സാംസനെ മാറ്റിനിർത്താൻ ബിസിസിഐ തയ്യാറാവുന്നത്.

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലടക്കം വളരെ മോശം പ്രകടനങ്ങളായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 9 റൺസും, മൂന്നാം മത്സരത്തിൽ 51 റൺസും സഞ്ജു സാംസൺ നേടി. എന്നാൽ ട്വന്റി20യിൽ 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. ഈ മോശം പ്രകടനം സഞ്ജുവിനെ ബാധിക്കുകയും ചെയ്തു.

കേവലം രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിക്കും എന്ന വാർത്തയാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യര്‍, കെ എൽ രാഹുൽ എന്നിവർ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. സൂര്യകുമാർ യാദവിനെയും ഇന്ത്യ ഏഷ്യാകപ്പിനായി നിലനിർത്തും എന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. പക്ഷേ സഞ്ജുവിനെ ഇന്ത്യ യാതൊരു തരത്തിലും സ്ക്വാഡിൽ ഉൾപ്പെടുത്തില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പരമ്പരയിലെ പരാജയത്തിന് കാരണങ്ങൾ വിശദീകരിക്കാനായി ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡും കണ്ടുമുട്ടിയിരുന്നു. പരമ്പരയിലെ അവസാന ട്വന്റി20 മത്സരം നടന്ന മിയാമിയിൽ വച്ചാണ് ദ്രാവിഡ് ബിസിസിഐ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.

എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് ഒരു സുവർണ്ണാവസരം തന്നെയാണ് വിൻഡിസ് പര്യടനത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത് ഏഷ്യാകപ്പിൽ സ്ഥാനം പിടിക്കാൻ സാധിച്ചില്ലെങ്കിൽ സഞ്ജുവിന്റെ ഏകദിന ലോകകപ്പ് സ്വപ്നങ്ങൾ പൂർണമായും ഇല്ലാതാവും എന്ന കാര്യം ഉറപ്പാണ്. എന്നിരുന്നാലും ഇന്ത്യയുടെ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസൺ അണിനിരക്കുന്നുണ്ട്. വിൻഡീസിനെതിരെ നടത്തിയ മോശം പ്രകടനം ഇല്ലായ്മ ചെയ്യാൻ അയർലൻഡിനെതിരായ പരമ്പരയിൽ ഒരു വമ്പൻ ഇന്നിംഗ്സ് സഞ്ജുവിന് ആവശ്യമാണ്.

Scroll to Top