ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെ തോല്‍പ്പിച്ചു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അടുത്ത ഘട്ടത്തിലേക്ക് എത്തി. 14 റണ്‍സിന്‍റെ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. സെഞ്ചുറി നേടിയ രജിത് പഠിതാറിന്‍റെ മികവില്‍ 208 റണ്‍സ് വിജയലക്ഷ്യമാണ് ബാംഗ്ലൂര്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ നിശ്ചിത 20 ഓവറില്‍ 193 റണ്‍സില്‍ എത്താനാണ് സാധിച്ചത്.
അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനു പ്ലേയോഫില്‍ എത്താന്‍ കഴിഞ്ഞപ്പോള്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനു എലിമിനേറ്ററില്‍ മടങ്ങേണ്ടി വന്നു. മത്സരത്തില്‍ എന്തുകൊണ്ടാണ് തോല്‍വി നേരിട്ടതെന്ന് വളരെ വ്യക്തമാണെന്ന് മത്സര ശേഷം ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ പറഞ്ഞു. ”മത്സരം വിജയിക്കാത്തതിന്‍റെ കാരണം വളരെ വ്യക്തമാണ്. ഫീല്‍ഡിങ്ങില്‍ ഞങ്ങള്‍ വളരെ മോശമായിരുന്നു. സിംപിള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുന്നത് ഒരിക്കലും സഹായിക്കുകയില്ലാ. ഇരു ടീമുകളുടേയും വിത്യാസം രജിത് പഠിതാറിന്‍റെ ഇന്നിംഗ്സാണ് ”
മത്സരത്തില്‍ ക്യാപ്റ്റനുള്‍പ്പടെ പഠിതാറിന്‍റെയും ദിനേശ് കാര്‍ത്തികിന്‍റെയും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. ” ടോപ്പ 3 യിലെ ആരെങ്കിലും സെഞ്ചുറി നേടിയാല്‍ ആ ടീമാണ് വിജയിക്കാന്‍ സാധ്യത. അവര്‍ ഫീല്‍ഡിങ്ങില്‍ മികച്ചു നിന്നു. ഞങ്ങള്‍ വളരെ മോശമായിരുന്നു. ” ടൂര്‍ണമെന്‍റില്‍ പുറത്തായെങ്കിലും ഒരുപാട് പോസീറ്റിവോടെയാണ് തിരിച്ചു പോകുന്നതെന്ന് പറഞ്ഞ രാഹുല്‍, അടുത്ത സീസണില്‍ തിരിച്ചു വരാന്‍ ശ്രമിക്കും എന്നും അറിയിച്ചു.
സീസണില്‍ ലക്നൗന്‍റെ താരോദയമാണ് മൊഹ്സിന്‍ ഖാന്‍. മത്സരത്തില്‍ ബാക്കി എല്ലാ ബോളര്‍മാര്‍ക്കും തല്ലു കൊണ്ടപ്പോള്‍ യുവതാരം വഴങ്ങിയത് 25 റണ്‍സ് മാത്രം. ഫാഫ് ഡൂപ്ലെസിയെ പുറത്താക്കി മികച്ച തുടക്കവും നല്‍കി. ” മൊഹ്‌സിൻ താൻ എത്ര മികച്ചതാണെന്നും അവന്റെ കഴിവ് എന്താണെന്നും എല്ലാവർക്കും കാണിച്ചുകൊടുത്തു. അവൻ ആത്മവിശ്വാസത്തോടെ വളരുമ്പോൾ, വളരെ ഉയർന്ന വേഗതയുള്ള സ്പീഡ് അവന് ലഭിക്കും. അടുത്ത സീസണോടെ അവന്‍ കുറച്ച് കഴിവുകൾ കൂടി പഠിച്ച്, വളരുമെന്നാണ് പ്രതീക്ഷ ” രാഹുല്‍ പറഞ്ഞു നിര്‍ത്തി.